മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാന്‍ പ്രോട്ടീന്‍ ജെല്‍; എലികളിൽ നടത്തിയ പരീക്ഷണം വിജയം

മദ്യം കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മദ്യത്തിന്റെ അമിത ഉപയോഗം കരള്‍ രോഗത്തിലേയ്ക്കും അര്‍ബുദത്തിലേയ്ക്കുമെല്ലാം നയിച്ചേക്കും. എന്നാലും മദ്യത്തിന്റെ ഉപഭോഗം ദിനംപ്രതി കൂടുന്നതല്ലാതെ കുറയുന്നില്ല.
മദ്യത്തിന്റെ ഉപയോഗം നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന ആഘാതം കുറയ്ക്കുകയാണ് അടുത്ത പരിഹാരം. അത്തരത്തിലുള്ള പരിഹാരത്തിനായി മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രോട്ടീന്‍ ജെല്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇ.ടി.എച്ച് സൂറച്ചിലുള്ള ഒരു പറ്റം ശാസ്ത്രജ്ഞന്മാര്‍. ഉള്ളിൽ കഴിക്കാവുന്ന തരത്തിലുള്ളതാണ് ഈ പ്രോട്ടീൻ ജെൽ.
മദ്യം രക്തത്തിലേയ്ക്ക് പ്രവേശിക്കും മുന്‍പ് ദഹനനാളിയില്‍ വെച്ച് തന്നെ വേഗത്തില്‍ അസറ്റിക് ആസിഡാക്കി മാറ്റുവാന്‍ ഈ ജെല്‍ സഹായിക്കും. നേച്ചര്‍ നാനോടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് അനുസരിച്ച് എലികളില്‍ പരീക്ഷണം വിജയമായിരുന്നു.
പരീക്ഷണത്തില്‍ എലികളില്‍ 30 മിനുട്ടിനകം മദ്യത്തിന്റെ തോത് 40 ശതമാനമായി കുറയ്ക്കാന്‍ ഈ ജെല്ലിന് സാധിച്ചു. അഞ്ചുമണിക്കൂറിന് ശേഷം 56 ശതമാനമായി രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാനും കഴിഞ്ഞു. അമിതമായി മദ്യം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ത്ത് കാരണമാകുന്നത് അസറ്റാല്‍ഡിഹൈഡാണ്. ജെല്‍ ഉപയോഗിച്ച എലികളില്‍ അസറ്റാല്‍ ഡിഹൈഡിന്റെ അളവില്‍ കുറവ് വന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഈ എലികളില്‍ കരളിന്റെ സമ്മര്‍ദ്ദപ്രതികരണങ്ങളും കുറവായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. കരളിനുണ്ടാകുന്ന കേടുപാടുകള്‍,പ്ലീഹയ്ക്കും കുടലിനുമുണ്ടാകുന്ന നാശം എന്നിവയൊക്കെ കുറയ്ക്കാന്‍ ഈ ജെല്ലിനായി. മദ്യം കരളില്‍ വെച്ച് വിഘടിക്കുന്നത് പകരമായി ദഹനനാളിയില്‍ വെച്ച് വിഘടിക്കാനും ഈ ജെല്‍ ഉപകാരപ്പെടുന്നു.
കരളില്‍ വെച്ച് വിഘടിക്കുമ്പോഴാണ് ഉപോത്പന്നമായി ശരീരത്തിന് ഹാനികരമായ അസാറ്റാല്‍ഡിഹൈഡ് ഉണ്ടാകുന്നത്. അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.എന്നാല്‍ ദഹനനാളിയില്‍ വെച്ച് മദ്യം വിഘടിക്കുമ്പോള്‍ ഇതുണ്ടാകുന്നില്ലെന്നും ഇ.ടി.എച്ച് സൂറിച്ചിലെ പ്രൊഫ. റാഫേല്‍ മെസെങ്ക അറിയിച്ചു. പരീക്ഷണം വിജയിച്ചുവെങ്കിലും മനുഷ്യരില്‍ ഈ ജെല്‍ ഉപയോഗിക്കാന്‍ കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്.
Content Highlights: Scientists In Switzerland Invent An Edible Gel That Could Reduce The Harmful Effects Of Alcohol