മണ്‍സൂണിലെ താരം; ദിവസവും പ്ലംസ് കഴിക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെ

മണ്‍സൂണ്‍ ആയാല്‍ വഴിയോര പഴക്കച്ചവടങ്ങളിലെ പ്രധാനിയാണ് പ്ലം. നമ്മള്‍ തക്കാളിപ്പഴമെന്നും വിളിക്കുന്ന പ്ലം ഒരു സീസണല്‍ പഴമാണ്. മറൂണ്‍, ചുവപ്പ്, വൈന്‍ വെല്‍വെറ്റ് നിറങ്ങളിലെല്ലാം കാണപ്പെടുന്ന മാംസളമായ പഴമാണിത്.
അധികം മധുരമില്ലെങ്കിലും ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. പ്ലം എന്നും കഴിക്കാന്‍ പറ്റുമോ? എങ്ങനെയാണ് ഈ പഴം കഴിക്കേണ്ടത്? വിപണിയിലിപ്പോള്‍ സജീവമായ പ്ലംസ് ഭക്ഷണത്തിലുള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പ്ലംസിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്ലം പഴത്തിന് സാധിക്കുന്നു. ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിലുള്ള കാര്‍ബോ ഹൈഡ്രേറ്റ്‌സ് എത്രവേഗത്തിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നത് എന്ന് കണക്കാക്കുന്നത് ഗ്ലൈസമിക് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ്.
24-53 വരെയാണ് പ്ലംസിന്റെ ഗ്ലൈസമിക് ഇന്‍ഡക്‌സ്. ഈ പഴം കഴിക്കുമ്പോള്‍ ബ്ലഡ് ഷുഗര്‍ പെട്ടെന്ന് കൂടുന്നില്ല എന്ന് ചുരുക്കം. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ഉള്ളവര്‍ക്ക് പ്ലം കഴിക്കാവുന്നതാണ്. പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലുള്ള സമയത്ത് മധുരം കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ പ്ലം കഴിക്കാവുന്നതാണ്. ഇത് ഷുഗര്‍ ക്രേവിങ്‌സ് കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ മിതമാക്കാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
ദഹനം മെച്ചപ്പെടുത്തുന്ന പഴമാണ് പ്ലം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു മീഡിയം വലുപ്പമുള്ള പഴത്തില്‍ ഒരു ഗ്രാം ഫൈബറടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് മലബന്ധം ഇല്ലാതാക്കുന്നു.
ചര്‍മത്തിന്റെ ആരോഗ്യം
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ് എന്നിവയടങ്ങിയതിനാല്‍ പ്ലം കഴിക്കുന്നത് ചര്‍മത്തിന് നല്ലതാണ്. ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കാനും ഈ പഴത്തിലെ പോഷകഘടകങ്ങള്‍ സഹായിക്കുന്നതിനാല്‍ നേരത്തേ പ്രായം തോന്നിക്കുന്നത് അത് തടയുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നതിനാല്‍ ചര്‍മം നന്നായി നിലനിര്‍ത്താന്‍ കഴിയുന്നു.
എല്ലുകളുടെ ആരോഗ്യം
വിറ്റാമിന്‍ കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയ പ്ലം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. എപ്പോഴെങ്കിലും ഈ പഴം കഴിക്കുന്നതുകൊണ്ട് ഈ ഗുണങ്ങളൊന്നും കിട്ടണമെന്നില്ല. അതിനാല്‍ ശരിയായ അളവില്‍ സ്ഥിരമായി കഴിക്കുകയാണ് വേണ്ടത്.
ഹൃദയാരോഗ്യം
കുറഞ്ഞതോതില്‍ സോഡിയവും കൂടിയ അളവില്‍ പൊട്ടാസ്യവുമുള്ള പഴമാണ് പ്ലം. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് ഈ ഘടകം സഹായകമാണ്. ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും പ്ലംസിലടങ്ങിയ ധാതുക്കള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസവും പ്ലം കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Plums: Health Benefits, How to Eat