രാവിലെ ഒരു നെല്ലിക്ക ശീലമാക്കിയാൽ? അറിയാം ഗുണങ്ങൾ

'മസേദാർ ഭി, ഹെൽത്തി ഭി, നമ്മുടെ പൂർവികർ തലമുറകളായി നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്തുവരുന്നു. എരിവുള്ള അച്ചാർ, മധുരമുള്ള മുറബ്ബ, ഒരു ഗ്ലാസ് ജ്യൂസ്, അല്ലെങ്കിൽ ഒരു സ്പൂൺ ച്യവനപ്രാശം എന്നിങ്ങനെ ഏതെങ്കിലും രൂപത്തിൽ നെല്ലിക്ക നമ്മുടെ അടുക്കളയിൽ പ്രത്യക്ഷപ്പെടാറുണ്ട്. നമ്മുടെ പൂർവികർ തലമുറകളായി നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്തുവരുന്നു.' നെല്ലിക്കയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിലെ പ്രഭാഷണത്തോടെ സോഷ്യൽമീഡിയയിൽ ഈ ഇന്ത്യൻ സൂപ്പർഫൂഡിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.
വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ് എന്ന സംരംഭത്തെക്കുറിച്ചുള്ള സംഭാഷണത്തിനിടയിലാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യൻ വൈദ്യശാസ്ത്രത്തിലും ദിനചര്യകളിലും നെല്ലിക്കയ്ക്ക് ലഭിക്കേണ്ട സ്ഥാനത്തെക്കുറിച്ചും വിറ്റാമിൻ സി യുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഈ സ്രോതസ്സ് ദിനംപ്രതി കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.
എന്തുകൊണ്ട് നെല്ലിക്ക സൂപ്പർ ഫുഡാകുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരമുണ്ട്. ഓറഞ്ചിലുള്ളതിനേക്കാൾ ഇരുപത് മടങ്ങിലധികം വിറ്റാമിൻ സി ഒരു ചെറിയ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ഫ്രീ റാഡിക്കലുകൾ കാരണം ശരീരകോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും അകാല വാർധക്യം ഒഴിവാക്കാനും സഹായിക്കുന്ന മികച്ച ആന്റിഓക്സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ക്ക് പുറമെ അയൺ, കാത്സ്യം, കരോട്ടിനോയിഡുകൾ എന്നിവയും നെല്ലിക്കയിൽ സമൃദ്ധമാണ്.
ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് ജലദോഷം, പനി, മറ്റ് അണുബാധകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതായാണ് പറയുന്നത്. നാരുകളാൽ സമൃദ്ധമായ നെല്ലിക്ക കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വയറ്റിലെ അസിഡിറ്റി, ഗ്യാസ്ട്രബിൾ എന്നിവ പരിഹരിക്കാനും മികച്ചതാണ്.
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഇൻസുലിൻ സെൻസിറ്റിവിറ്റിയെ സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കുന്നതിനൊപ്പം, മുടികൊഴിച്ചിൽ തടയാനും നരച്ച മുടി പ്രതിരോധിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും നെല്ലിക്കയ്ക്ക് സാധിക്കും. മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തധമനികളിലെ തടസ്സങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
പച്ചയായി തിന്നാൻ നേരിയ കയ്പും പുളിയും അനുഭവപ്പെടുമെങ്കിലും വിവിധ രൂപങ്ങളിൽ നെല്ലിക്ക ദിനചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്. രാവിലെ വെറും വയറ്റിൽ നെല്ലിക്ക നീര് കുടിക്കുന്നത് ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഉത്തമമാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തിൽ കഴിക്കുകയോ അച്ചാർ, ചമ്മന്തി രൂപത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യാം.
(ശ്രദ്ധിക്കുക: ഒരു ആരോഗ്യവിദഗ്ധന്‍റെ നിർദേശ പ്രകാരം മാത്രം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക)