മാമ്പഴം രക്തത്തിലെ പഞ്ചസാര കൂട്ടുമോ ; അറിഞ്ഞിരിക്കാം

representative image|photo:canva
representative image|photo:canva

മ്മുടെ വീടുകളില്‍ സുലഭമായി മാമ്പഴം ലഭിക്കുന്ന സമയമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഈ പഴം അളവിലധികമായി കഴിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹ രോഗികള്‍ മധുരമേറെയുള്ള പഴങ്ങള്‍ കഴിക്കുമ്പോള്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.  പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം.  എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ കഴിക്കുന്നതില്‍ പ്രശ്നമില്ല.

എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കുന്നതിന് മുന്‍പ് ചിലത് ശ്രദ്ധിക്കാം. വിറ്റാമിനുകളും  ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും കലവറയായ പഴമാണ് മാമ്പഴം.  ഇരുമ്പും പൊട്ടാസ്യവുമൊക്കെ ഇവയില്‍ ധാരാളമുണ്ട്. 

എന്നാല്‍ കാര്‍ബോഹൈഡ്രേറ്റും കലോറിയും മധുരവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍  മാമ്പഴം വലിയ അളവില്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന സ്ഥിതി വരും. അതുകൊണ്ട് പ്രമേഹ രോഗികള്‍ പരമാവധി മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും വല്ലപ്പോഴും പ്രമേഹരോഗികള്‍ക്ക് ചെറിയ അളവില്‍ മാമ്പഴം കഴിക്കാം. 

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട മറ്റു ചില പഴങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം. നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാകും നല്ലത്. അതേസമയം ആപ്പിള്‍, ഓറഞ്ച്, നാരങ്ങ, മാതളം, ചെറി, പീച്ച്, കിവി തുടങ്ങിയവയൊക്കെ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പഴങ്ങളാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: can mangoes increase blood sugar