സാമ്പാറില്ലാതെ മസാലദോശ നല്‍കി ; ഹോട്ടലിന് പിഴയിട്ട് കോടതി

മസാല ദോശ | ഫോട്ടോ:മാതൃഭൂമി
മസാല ദോശ | ഫോട്ടോ:മാതൃഭൂമി

മസാല ദോശക്കൊപ്പം സാമ്പാര്‍ വിളമ്പാത്തതില്‍  ഹോട്ടലിന് പിഴയിടാക്കി കോടതി.ബീഹാറിലെ ഹോട്ടലുടമയോടാണ് മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് 3500 രൂപ പിഴ നല്‍കാന്‍ കോടതി വിധിച്ചത്. 45 ദിവസത്തിനുള്ളില്‍ പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കി. അല്ലെങ്കില്‍ എട്ടു ശതമാനം പലിശ കൂടി തുകയ്ക്ക് ഈടാക്കുമെന്നും കോടതി വിശദമാക്കി. മനീഷ് പതക് എന്ന അഭിഭാഷകനാണ് ബീഹാറിലെ ദോശക്കടയ്‌ക്കെതിരെ പരാതിപ്പെട്ടത്.

2022 ആഗസ്റ്റ് 15-നാണ് പരാതിയ്ക്ക് കാരണമായ സംഭവം നടക്കുന്നത്. തന്റെ ജന്മദിനമായതിനാല്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കാമെന്ന ഉദ്ദേശത്തോടെയാണ് 140 രൂപ വിലയുള്ള സ്‌പെഷ്യല്‍ മസാല ദോശ മനീഷ് പതക് ഓര്‍ഡര്‍ ചെയ്തത്.

ബീഹാറിലെ പ്രധാനപ്പെട്ടൊരു സൗത്ത് ഇന്ത്യന്‍ ഭക്ഷണശാലയാണിത്. എന്നാല്‍ മസാല ദോശയ്‌ക്കൊപ്പം മനീഷിന് സാമ്പാര്‍ അവര്‍ വിളമ്പിയില്ല.സോസ് മാത്രമാണ് മസാല ദോശക്ക് കറിയായി നല്‍കിയതെന്നാണ്  അഭിഭാഷകന്റെ പരാതി. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് ഹോട്ടല്‍ അധികൃതര്‍ പെരുമാറിയതെന്നും പരാതിയിലുണ്ട്. 140 രൂപ ഹോട്ടല്‍ മുഴുവന്‍ വാങ്ങാനാണോ ഉദ്ദേശമെന്ന് ചോദിച്ച് അവഹേളിക്കുകയും ചെയ്തു.

അങ്ങനെയാണ് മനീഷ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ലീഗല്‍ നോട്ടീസ് അയച്ചിട്ടും  ഹോട്ടലുടമ മറുപടി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന്  ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. 11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോട്ടലിന് പിഴ ഈടാക്കിയത്. മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടത്തിന് പിഴയായി 2000 രൂപയും മറ്റ് നാശനഷ്ടങ്ങള്‍ക്കായി 1500 രൂപയും പിഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

Content Highlights: Bihar Court , Restaurant,Sambar,Sambar,food