ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

representative image|photo:canva
representative image|photo:canva

പ്രായമാകുന്നതിന്റെ ഭാഗമായി മുഖത്ത് ചുളിവുകളും പാടുകളും വരുന്നത് സാധാരണമാണ്. ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യം കാണുന്നത് മുഖത്ത് തന്നെയാണ്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമത്തിലൂടെ ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കും. പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.

ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴമാണ് മാതളം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മാതളം കഴിക്കുന്നത് രക്തയോട്ടം കൂട്ടാനും കൊളാജന്‍ ഉത്പാദിപ്പിക്കാനും ചര്‍മം ചെറുപ്പമായിരിക്കാനും ഗുണം ചെയ്യും.

അവക്കാഡോ കഴിക്കുന്നതും ശീലമാക്കണം. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ഇത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്. വിറ്റാമിന്‍ ഇ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പ്രോട്ടീനിന്റെ നല്ലൊരു സ്രോതാസാണ് മുട്ട. വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ചര്‍മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ബെറിപ്പഴങ്ങള്‍ കഴിക്കുന്നതും പതിവാക്കണം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ബ്ലൂബെറി കഴിക്കുന്നത് ചര്‍മത്തിലെ ചുളിവുകളെ  ഇല്ലാതാക്കുകയും ചര്‍മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. തണ്ണിമത്തന്‍ കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തണം. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിലെ ചുളിവുകളെ തടയും. നട്‌സുകള്‍ കഴിക്കുന്നതും പ്രായക്കൂടുതലിനെ തടയാന്‍ നല്ലതാണ്. വിറ്റാമിന്‍ ഇ ധാരാളമുള്ള നട്‌സാണ് ബദാം. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിലെ ചുളിവുകളെ തടയാനും ചെറുപ്പമായിരിക്കാനും ഗുണം ചെയ്യും.

(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: anti ageing foods