സ്ഥിരം പല്ലവി മാറ്റിപ്പിടിക്കാം, വിഷു സദ്യക്ക് പച്ചമാങ്ങ 'മെത്ത്യാമ്പ' തയ്യാറാക്കിയാലോ ?

#പ്രിയ ആര്‍ ഷേണായി
മെത്ത്യാമ്പ
മെത്ത്യാമ്പ

വീണ്ടും ഒരു വിഷുക്കാലം. പറമ്പുകളിൽ ചക്കയും മാങ്ങയും കശുമാങ്ങയുമൊക്കെ യഥേഷ്ടം ലഭിക്കുന്ന കാലം. വിഷു സദ്യയിൽ പോലും ചക്ക കൂട്ടാനുകൾക്കും മാങ്ങാകറികൾക്കും സ്ഥാനം കാണും.  

കൊങ്കണി പാചകത്തിൽ പച്ചമാങ്ങാ കൊണ്ട് സാധാരണ അച്ചാറുകൾക്കും ചമ്മന്തിക്കുമൊപ്പം മറ്റ്‌ പല വിഭവങ്ങളും കാണപ്പെടും. പച്ചമാങ്ങ വേവിച്ചു ഉടച്ചുണ്ടാക്കുന്ന ഗൊജ്ജു, നല്ല മധുരം ചേർത്തുണ്ടാക്കുന്ന ഹുമ്മൺ എന്നിവയൊക്കെയാണ് സാധാരണയുണ്ടാക്കുന്ന വിഭവങ്ങൾ. ഇതുകൂടാതെ വിളഞ്ഞ മാങ്ങാ വെയിലത്തു ഉണക്കിയുണ്ടാക്കുന്ന പുഡ്ഡിയെ നോൺചെ എന്നാ അച്ചാറൊക്കെ അതീവ വിശേഷ രുചിയാണ്.

ഇക്കുറി വിഷു സദ്യയിൽ ഒരു സ്ഥാനം അലങ്കരിക്കാൻ ഒരു കൊങ്കണി വിശേഷ രുചി. ഇത് 'മെത്ത്യാമ്പ'. ചിലർ 'മെത്ത്യാമ്പോ ' എന്നും പറയും. പച്ചമാങ്ങയാണ് താരം. നല്ല പുളിയുള്ള പച്ചമാങ്ങാ ആണെങ്കിൽ ഉത്തമം. എന്നാൽ രുചിയോ, എരിവും പുളിക്കുമൊപ്പം മധുരവും ചേർന്ന് രുചിമുകുളങ്ങളിൽ സമ്മിശ്ര മാമാങ്കം. പേരിലെ മെത്തി എന്നത് ഉലുവയ്ക്കുള്ള കൊങ്കണിയിലെ പേരാണ്. അമ്പൊ എന്നാൽ മാങ്ങാ എന്നും. പേര് സൂചിപ്പിക്കുന്ന പോലെ ഉലുവയുടെ മണം ഇതിൽ മുന്നിട്ടും നിൽക്കണം. തൊടുകറിയായാണ് മെത്ത്യാമ്പ വിളമ്പുക.  ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മൂന്നോ നാലോ ദിവസം വരേ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും.
ഇനി പാചകരീതിയിലേക്ക് :

ചേരുവകൾ :

1. പച്ചമാങ്ങാ- 2 വലുത് 
2.കടുക്- 1 ടീസ്പൂൺ 
3.ഉലുവ- ഒന്നര ടീസ്പൂൺ 
4.മുളകുപൊടി- 3-4 ടീസ്പൂൺ 
5.ശർക്കര- മുക്കാൽ കപ്പ്‌ 
6.വെള്ളം- ഒരു കപ്പ്‌ 
7.ഉപ്പ്-  ആവശ്യത്തിന് 
8.വെളിച്ചെണ്ണ- 3 ടീസ്പൂൺ 

തയ്യാറാക്കുന്ന വിദം 

പച്ചമാങ്ങാ ചെറു ചതുര കഷ്ണങ്ങൾ ആക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും ചേർത്ത് മൂപ്പിക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി ചേർത്ത് 2-3 സെക്കന്റുകൾ വറുത്ത്, ഉടനെ തന്നേ മാങ്ങക്കഷണങ്ങൾ ചേർക്കുക. പൊടി കരിയാതെ ശ്രദ്ധിക്കണം.  

ഇനി ഇതിലേക്ക് ഉപ്പും, പൊടിച്ച ശർക്കരയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം വെള്ളം ചേർക്കുക. നന്നായി ഇളക്കി അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക. കഷ്ണങ്ങൾ വെന്തു ചാറു കുറുകി വരുമ്പോൾ കറി വാങ്ങി വെയ്ക്കാം.
മെത്ത്യാമ്പ തയ്യാർ.

ശ്രദ്ധിക്കുക :

മാങ്ങയുടെ പുളിപ്പിനനുസരിച്ചു മുളകുപൊടിയുടെയും ശർക്കരയുടേയും അളവ് ക്രമീകരിക്കുക.

Content Highlights: vishu sadya in konkani style