'സുർലി ഭക്‌രി'; ജന്മാഷ്ടമിക്ക് കൊങ്കണി വീടുകളിൽ തയ്യാറാക്കുന്ന സ്പെഷ്യൽ മധുരം

ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നത് മധുര പലഹാരങ്ങൾ ആണെന്നത് നിസ്സംശയം പറയാം. ഏത് ആഘോഷമായാലും പായസവും കേക്കുകളും പുഡ്ഡിങ്ങും മറ്റും ഉണ്ടാക്കി ആഘോഷിക്കും. കൊങ്കണികളുടെ ആഘോഷ ദിവസങ്ങളും ഇതുപോലെ മധുരം നിറഞ്ഞ വിഭവങ്ങളുടെ മേളമായിരിക്കും.
ജന്മാഷ്ടമി ആഘോഷവും ഇതുപോലെ കൊങ്കണികൾ അതിന്റെ കൊണ്ടാടുമ്പോൾ അടുക്കളകളിൽ പല വിശേഷ രുചികൾ കൂടി ആഘോഷിക്കപ്പെടും. എള്ളുണ്ടകളും മലരുണ്ടകളും മറ്റും നേരത്തെ തന്നേ ഉണ്ടാക്കി വെയ്ക്കും. കൃഷ്ണനും അവിലും തമ്മിലുള്ള ബന്ധം അന്നുണ്ടാക്കുന്ന 'ഫോവ ഖീരി' എന്ന അവിൽ പായസത്തിലോ, ' ഗൊഡ്ടാ ഫോവു ' എന്ന അവിൽ വിളയിച്ചതിലുമൊക്കെ കാണാം. ഊണിനൊപ്പം ഉണ്ടാക്കുന്ന പല തരം പച്ചക്കറികൾ ഒരുമിച്ചുണ്ടാക്കുന്ന 'ഗജ്ഭജേ' എന്ന കറിയും ജന്മഷ്ടമിയുടെ പ്രത്യേകത ആണ്.
ഇന്ന് പരിചയപ്പെടുത്തുന്ന വിഭവം ഒരു സ്പെഷ്യൽ മധുര പലഹാരമായ 'സുർലി ഭക്‌രി' യാണ്. ജന്മാഷ്ടമിയുടെ തലേ ദിവസം ആണ് ഇതുണ്ടാക്കുന്നത്. ഓറോട്ടിയോട് സാമ്യമുള്ള ദോശകൾ ഉണ്ടാക്കി അത് മുറിച്ചു കഷ്ണങ്ങൾ ആക്കി ശർക്കരപാനിയിൽ വിളയിക്കുന്നതാണ് സുർലി ഭക്‌രി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ രുചിക്കൂട്ട് തീർച്ചയായും ഉണ്ടാക്കി നോക്കേണ്ടതാണ്.
പാചകരീതിയിലേക്ക്:
ചേരുവകൾ
1.പുഴുക്കലരി - ഒന്നര കപ്പ്
2.പച്ചരി- 1 കപ്പ്
3.തേങ്ങ- ഒന്നര കപ്പ്
4.ഉപ്പ്- ഒരു ടീസ്പൂൺ
5.ശർക്കര- 250 ഗ്രാം
6.ഏലയ്ക്ക- 4-6 എണ്ണം
തയ്യാറാക്കുന്ന വിധം
അരി കഴുകി 5-6 മണിക്കൂർ കുതിർക്കുക. ശേഷം ഒന്നര കപ്പ് തേങ്ങ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് മഷി പോലെ അരച്ചെടുക്കുക. മാവ് തീരെ നേർത്തു പോവരുത്. സാദാ ദോശമാവിനേക്കാളും അല്പം കട്ടി വേണം. ഉപ്പ് ചേർക്കുക.
ഉടനെ തന്നെ അല്പം കട്ടിയായി ചെറു ദോശകളായി ചുട്ടെടുക്കാം. ഇത് അധികം പരത്താറില്ല. കട്ടിയിൽ ഒഴിച്ച് ഒരല്പം പരത്തി അടച്ചു വെച്ചു മീഡിയം ഫ്ലേയ്മിൽ രണ്ടു വശവും ചുട്ടെടുക്കുക. ഈ ദോശകളെ വിളിക്കുന്ന പേരാണ് ഭക്‌രി. ഇവ പ്രാതലായും കറിയോ വെണ്ണയോ കൂട്ടി കഴിക്കാവുന്നതാണ്.
ഇനി ഈ ചുട്ടെടുത്ത ദോശകൾ ചെറു കഷ്ണങ്ങളാക്കി പിച്ചി മുറിച്ചെടുക്കുക. ഒരു പാനിൽ ശർക്കര പൊടിച്ച് അരകപ്പ് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കുക. നൂൽ പരുവമാകുമ്പോൾ അതിലേക്ക് ഒന്നര കപ്പ് തേങ്ങ ചേർത്ത് ചെറുതീയിൽ നാലഞ്ചു മിനിറ്റുകൾ പാകം ചെയ്യുക. ശേഷം ഇതിലേക്ക് ഭക്‌രിയുടെ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മൂന്നാല് മിനിറ്റുകൾ കൂടെ കഴിഞ്ഞു അടുപ്പിൽ നിന്നും മാറ്റാം. ഏലയ്ക്ക പൊടിച്ചത് ചേർത്തിളക്കാം. സുർലി ഭക്‌രി തയ്യാർ
Content Highlights: Surli Bhakri, Janmashtami, Konkani recipe, sweet pancake, jaggery, coconut, festive dish, Indian des