ഇലക്കറികൊണ്ട് ഉണ്ടാക്കാറുള്ളത് തോരൻ മാത്രമാണോ? ഈ വിഭവം അറിയാതെ പോകരുത്

പോഷകസമൃദിയിൽ മുൻപന്തിയിലാണ് ഇലക്കറികൾ. എന്നാൽ തോരനും ഒഴിച്ചുകറിയും മാത്രമാവും സാധാരണയായി തയ്യാറാക്കാറുള്ള ഇലക്കറി വിഭവങ്ങൾ. ഇലക്കറിക്കൊണ്ട് പരീക്ഷിക്കാവുന്ന കൊങ്കണി വിഭവമാണ് ' ഡങ്കര്‍ '. കാഴ്ച്ചയില്‍ പരിപ്പുവട പോലെ തോന്നിക്കുന്ന ഡങ്കറില്‍ ഉലുവചീര, തകര, മുരിങ്ങയില, മത്തനില എന്നിവയാണ് സാധാരണയായി ചേര്‍ക്കാറുള്ള ഇലക്കറികള്‍. ഡങ്കറില്‍ ചേര്‍ക്കുന്ന ഇലക്കറികളില്‍ പ്രധാനിയാണ് ഉലുവചീര.
വീട്ടില്‍ നട്ടുവളര്‍ത്തിയ ഉലുവാ ചീരയാണെങ്കില്‍ പത്ത് ദിവസ്സത്തെ വളര്‍ച്ചയെത്തിയവ ഡങ്കറില്‍ ഉപയോഗിക്കാനാകും. രണ്ടിലകള്‍ മാത്രം മുളച്ചു വന്നിട്ടുള്ള കുഞ്ഞ് ഉലുവചീര തൈകളാണ് കറികളില്‍ ഇടുക. വേരിലെ മണ്ണ് തട്ടിക്കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി മുഴുവനോടെ കറികളില്‍ ചേര്‍ക്കാം.
ചേരുവകള്‍
1.ഉലുവചീര- ഒരു കെട്ട്.
2.പച്ചരി -1 കപ്പ്
3.തുവരപ്പരിപ്പ് - 1/4 കപ്പ്
4.തേങ്ങ- 1/4 കപ്പ്
5.വറ്റല്‍മുളക് - 10-12 എണ്ണം
6.വാളന്‍പുളി -ഒരു ചെറിയ കഷ്ണം
7.ഉപ്പ് - ആവശ്യത്തിന്
8.കായപ്പൊടി- ഒന്നര ടീസ്പൂണ്‍
9.എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിദം
ഉലുവയില കഴുകി ഇലകള്‍ ഉതിര്ത്തെടുത്തു ചെറുതായി അരിയുക. കടകളില്‍ ലഭിക്കുന്ന ഒരു കെട്ട് ഉലുവചീര അരിഞ്ഞാല്‍ ഏകദേശം രണ്ട് കപ്പോളം അളവുകാണും . പച്ചരിയും പരിപ്പും ഒരു മണിക്കൂറോളം കുതിര്‍ക്കുക. അതിനു ശേഷം അതിലെ വെള്ളം വാര്‍ന്ന് പോവാനായി വെയ്ക്കുക.ശേഷം തേങ്ങ, വറ്റല്‍മുളക് പുളി എന്നിവ ആദ്യം പേരിനു മാത്രം വെള്ളം തളിച്ച് നന്നായി അരയ്ക്കുക.
ഇതിലേക്ക് അരിയും പരിപ്പും ചേര്‍ത്ത് അല്‍പ്പം തരുതരുപ്പായി അരയ്ക്കുക. കഴിയുന്നതും വെള്ളം ചേര്‍ക്കാതിരിക്കുക. മാവിന്റെ അയവ് പരിപ്പ് വടയ്ക്കുള്ള പോലെ നന്നായി മുറുകി ഇരിക്കണം. ഇനി ഇതിലേക്ക് ഉപ്പ്, കായപ്പൊടി ചേര്‍ക്കാം. അരിഞ്ഞു വെച്ച ഉലുവചീരയും ചേര്‍ക്കാം.
ഈ കൂട്ട് നന്നായി യോജിപ്പിക്കുക. ശേഷം കുഞ്ഞു വടകളാക്കി ഉരുട്ടി കൈവെള്ളയില്‍ വെച്ച് അല്പം പരത്തി വട രൂപത്തിലാക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക. എണ്ണ നന്നായി തിളച്ചു വരുമ്പോള്‍ വടകള്‍ ഓരോന്നായി ഇട്ട്, ഉടനെ തീ കുറച്ച് വേണം വറുത്തെടുക്കാന്‍.
ശ്രദ്ധിക്കുക
1. ഇതേ കൂട്ടില്‍ ഉലുവച്ചീരയ്ക്ക് പകരം മുരിങ്ങയില, തകരയില എന്നിവയും ചേര്‍ക്കാം.
2. കഴിയുന്നതും വറുക്കുന്നതിനു തൊട്ടു മുന്‍പായി മാത്രം വട കൂട്ടിലേക്ക് ഉപ്പ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്താല്‍ ഇലകളില്‍ നിന്നും ജലാംശം ഊറി വരികയും മാവ്ന്റെ അയവ് ലൂസ് ആവുകയും ചെയ്യും.
Content Highlights: recipe with fenugreek leaves