മഞ്ഞളിലയുടെ രുചിക്കൂട്ടിലുള്ള മുദ്ദൊ, കൊങ്കണി സ്റ്റൈൽ ഇലയട തയ്യാറാക്കാം

ഇലയട - മധുരം കഴിക്കാനുള്ള മോഹസാക്ഷാത്കാരം എന്ന് മാത്രമല്ല, ആവിയിൽ പുഴുങ്ങി എടുക്കുന്നതു കൊണ്ടുതന്നെ ആരോഗ്യത്തിനു ഗുണകരവുമാണ്. പഞ്ചസാരയുടെ ദോഷം കാണുമോ എന്ന പേടിയും വേണ്ട. എന്നാലിതിന്റെ ഗുണവും മണവും ഒരു പടി മേലെ ഉയർത്തുന്ന കൊങ്കണി സ്റ്റൈൽ മഞ്ഞളിലകളിലെ "മുദ്ദൊ" എന്ന ഇലയട ആയാലോ?
വരൂ, മുദ്ദൊ വിശേഷങ്ങളിലേക്ക്. മുദ്ദൊ എന്നാൽ ആവിയിൽ വേവിച്ചെടുക്കുന്ന വിഭവങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ്. ഇതിന്റെ എരിവ് പതിപ്പും ഉണ്ട് കേട്ടോ. ചോറിനൊപ്പം തൊടുകറി എന്നാ വിഭാഗത്തിൽ പെടുത്തുന്ന "സന്നാ മുദ്ദൊ". പ്ലാവില കുമ്പിളിലോ, വട്ടയിലകളിൽ പൊതിഞ്ഞോ, വാഴയിലയിൽ മാവ് മടക്കി വെച്ചോ ഈ സന്നാ മുദ്ദൊ കൊങ്കണികൾ ഉണ്ടാക്കും. ഇനി ഇലകൾ ലഭ്യമല്ലെങ്കിലും വിഷമിക്കേണ്ട. മാവ് എണ്ണമയം പുരട്ടിയ തളികയിൽ ഒഴിച്ചും ഇതേ മുദ്ദൊ ഉണ്ടാക്കാം. പച്ചരിയും തുവരപരിപ്പും തേങ്ങയും മുളകും ആണ് താരങ്ങൾ. മാവിലേക്ക് സവാളയും അരിഞ്ഞു ചേർത്താൽ മുദ്ദൊയുടെ മാവ് തയ്യാർ.
ഇനി മധുരം നിറഞ്ഞ മുദ്ദൊയാണെങ്കിൽ മുൻപന്തിയിൽ " പോൺസാ മുദ്ദൊ" തന്നേ. ചക്കയപ്പത്തിനുള്ള കൊങ്കണി പേരാണ് ഇത്. പച്ചരിയും തേങ്ങയും ശർക്കരയും ചക്കചുളകളും കൂടെ അരച്ചതാണ് മാവ്. ഇത് തളികയിലോ, ചെമ്പകത്തിന്റെ ഇലകളിലോ, തേക്കിലകളിലോ മടക്കി ആവിയിൽ വെച്ച് പാകം ചെയ്യും. ചക്കയ്ക്ക് പകരം സലാഡ് വെള്ളരി അല്ലെങ്കിൽ കക്കിരിക്ക ചിരകി ചേർത്താൽ അതു "തവ്ശാ മുദ്ദൊ" ആയി. ഇതിനെക്കുറിച്ചൊക്കെ മുൻപ് ഇതേ പംക്തിയിൽ വിശദമായി ചേർത്തിട്ടുണ്ട്.
ഇന്ന് മറ്റൊരു മുദ്ദൊ ആണ് പരിചയപ്പെടുത്തുന്നത്. മധുര വിഭവം എന്നതിന് പുറമെ, മഞ്ഞളിലകളിൽ പൊതിഞ്ഞു വേവിച്ചെടുക്കുന്നത് കൊണ്ട് അനിർവചനീയമായ ഒരു മണവും കൂടെ ഇതിൽ നിറഞ്ഞു നിൽക്കും. ഇഡ്ഡലിച്ചെമ്പിൽ നിന്നും ആവി പുറത്തേക്ക് വരുന്ന നിമിഷം മുതൽ വമിക്കുന്ന ഈ കൊതിപ്പിക്കുന്ന മണം കുട്ടിക്കാലത്തെ നല്ലോരു ഓർമ കൂടെയാണ്. മഞ്ഞളിലകളിൽ കൊങ്കണികൾ പത്തോളി എന്നാ വിഭവവും ഉണ്ടാക്കും. എന്നാൽ ഇത് അതിൽ നിന്നും അല്പം വ്യത്യസ്തമാണ്. ഉണ്ടാക്കുന്ന രീതിയിൽ മാത്രമല്ല രുചി കൊണ്ടും ഇത് വ്യത്യാസപ്പെട്ടു നിൽക്കുന്നു.
ചേരുവകൾ
1. മഞ്ഞളിലകൾ -10 -15 എണ്ണം
2. പച്ചരി - ഒന്നര കപ്പ്
3. തേങ്ങാ - ഒന്നര കപ്പ്
4. ശർക്കര - ഒരു കപ്പ്
5. ഏലയ്ക്ക - 3 എണ്ണം
6. ഉപ്പ് ഒരു നുള്ള്
പാചകരീതിയിലേക്ക്
പച്ചരി കഴുകി രണ്ട് മൂന്ന് മണിക്കൂർ കുതിർക്കുക. ശേഷം മാവ് തയ്യാറാക്കാനായി ആദ്യം ശർക്കരയും തേങ്ങയും ഉപ്പും ഏലയ്ക്കയും ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം അധികം ചേർക്കാതെ വേണം അരയ്ക്കാൻ. ഇതിലേക്ക് പച്ചരി ചേർത്ത് ഒരല്പം തരുത്തരുപ്പായി അരച്ചെടുക്കുക. ശ്രദ്ധിക്കുക മാവ് നല്ല കട്ടി പരുവത്തിൽ ആയിരിക്കണം.
മഞ്ഞളിലകൾ കഴുകി തുടച്ചു കൂർത്തു നിൽക്കുന്ന രണ്ടറ്റവും മുറിച്ചു കളയുക. ഇനി മാവ് ഈ ഇലകളിൽ അല്പം കനത്തിൽ പുരട്ടി ഇലകൾ നെടുകെ മടക്കുക. ഇഡ്ഡ്ഡലി ചെമ്പിൽ വെള്ളം തിളയ്ക്കുമ്പോൾ ഈ അടകൾ ഓരോന്നായി വെച്ച്, ചെമ്പ് അടച്ചു വെച്ചേക്കുക.
ആവി നന്നായി പുറത്ത് വരുമ്പോൾ, തീ നന്നേ കുറച്ചു വെയ്ക്കുക. ഇരുപത് മിനിറ്റെങ്കിലും ഇത് വേവിക്കേണ്ടതാണ്.
ഇലയടകൾ പാകത്തിന് വെന്തു വരുമ്പോൾ ഇഡ്ഡലി ചെമ്പ് അടുപ്പിൽ നിന്നും മാറ്റി വെയ്ക്കാം. ചൂടാറുമ്പോൾ മഞ്ഞളിലകൾ തുറന്ന് മുദ്ദൊ അടർത്തി എടുത്ത് ആസ്വദിച്ചു കഴിക്കാം. നെയ്യ് ചേർത്തുകഴിക്കുന്നത് രുചിയുടെ മാറ്റ് കൂട്ടും.
Content Highlights: konkani style ela ada muddo