ഊണ് കുശാലാക്കാന്‍ കൊങ്കിണി സ്റ്റൈല്‍ 'ബട്ടാടാ ഹുമ്മണും' 'ബട്ടാടാ ഗൊജ്ജുവും'

കായവും കൊങ്കണി ഭക്ഷണശാഖയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സവാള വെളുത്തുള്ളി മുതലായവ ഒഴിവാക്കുന്ന വിശേഷ ദിവസങ്ങളില്‍ അന്നത്തെ വിഭവങ്ങളില്‍ കായം അക്ഷരാര്‍ത്ഥത്തില്‍ ആറാടും. ഒഴിച്ചു കറികളിലും, കൂട്ട്കറികളിലും പച്ചടികളിലും ഒക്കെ കായം മുഖം കാണിച്ചെന്നു വരും. അത്തരത്തില്‍ കായത്തിന്റെ മണം കൊണ്ടു സമ്പുഷ്ഠമായ രണ്ട് കൊങ്കണി രുചികളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഉരുളക്കിഴങ്ങാണ് പ്രധാന നടന്. ഉരുളക്കിഴങ്ങിന്റെ രണ്ട് പ്രധാന കൊങ്കണി രുചികളാണ് 'ബട്ടാട്ടാ ഹുമ്മണ്‍, ബട്ടാട്ടാ ഗൊജ്ജു. പേരൊക്കെ രസകരമാണ് അല്ലേ. എന്നാല്‍ രുചിയും അതിലേറെ രസകരമാണ്. ബട്ടാട്ടാ എന്ന് വെച്ചാല്‍ ഉരുളക്കിഴങ്ങ്. കായവും പച്ച വെളിച്ചെണ്ണയും ചേര്‍ത്തുള്ള പച്ചക്കറികളുടെ ഒഴിച്ചു കറികള്‍ക്ക് പൊതുവില്‍ വിളിക്കുന്ന പേരാകുന്നു 'ഹുമ്മണ്‍'. ഏത് പച്ചക്കറികളും പച്ചയ്ക്കോ ചുട്ടോ, പുഴുങ്ങിയോ മറ്റോ ഉടച്ചുണ്ടാക്കുന്ന പച്ചടി പോലുള്ള കറിക്ക് ഗൊജ്ജുവെന്നും വിളിക്കും. ഇവിടെ ഗൊജ്ജുവില് തൈരും കൂടെ ചേര്‍ക്കുന്നു.
ഉരുളക്കിഴങ്ങ് കൊണ്ടല്ലെങ്കില്‍ പാവയ്ക്ക, ചേമ്പ്, വെള്ളരിക്ക അല്ലെങ്കില്‍ ചെമ്മീന്‍, സ്രാവ് എന്നിവയൊക്കെ കൊണ്ടും ഹുമ്മന് ഉണ്ടാക്കും. മേലേ പറഞ്ഞ പോലെ കായത്തിന്റെ മണവും ശകലം എരിവും ഈ കറികളില്‍ മുന്നിട്ട് നില്ക്കും. ഊണൊരുക്കാന്‍ കാര്യമായ പച്ചക്കറികള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രക്ഷയ്ക്കെത്തുന്ന ഈ കറികള്‍ തയ്യാറാക്കുന്ന വിധം താഴെ ചേര്‍ക്കുന്നു.
ബട്ടാട്ടാ ഹുമ്മണ്‍
ആവശ്യമുള്ള സാധനങ്ങള്‍
- ഉരുളക്കിഴങ്ങ് -2 വലുത്
- തേങ്ങ - ഒന്നര കപ്പ്
- വറ്റല്‍ മുളക് -10-12 എണ്ണം
- വാളന്‍ പുളി - ഒരു ചെറു നെല്ലിക്ക വലുപ്പത്തില്‍
- കായപ്പൊടി - 3/4 ടീസ്പൂണ്‍
- വെളിച്ചെണ്ണ -2-3 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി ചെത്തി വലിയ കഷ്ണങ്ങളാക്കി ഉപ്പ് ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു കുക്കറില്‍ വേവിയ്ക്കുക. വറ്റല്‍മുളക് അല്പം എണ്ണയില്‍ ചുവന്ന നിറമാകുന്നത് വരെ വറുക്കുക. തേങ്ങ, വറുത്ത വറ്റല്‍മുളക്, വാളന്‍ പുളി എന്നിവ മഷി പോലെ അരച്ചെടുക്കുക.
ഈ അരപ്പ് വേവിച്ച ഉരുളക്കിഴങ്ങില്‍ ചേര്‍ത്ത് ഗ്രേവിക്കു ആവശ്യമായ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു ചാറ് കുറുകി വരുമ്പോള്‍ കായപ്പൊടി ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കാം. മീതെ വെളിച്ചെണ്ണ ചേര്‍ക്കാം. ബട്ടാട്ടാ ഹുമ്മണ്‍ തയ്യാര്‍.
ഉരുളക്കിഴങ്ങ് പച്ചടി ( ബട്ടാട്ടാ ഗൊജ്ജു )
ആവശ്യമുള്ള സാധനങ്ങള്‍
- ഉരുളക്കിഴങ്ങ് - 1 വലുത്
- തൈര് - ആവശ്യത്തിന് ( ഏകദേശം ഒന്നര കപ്പ്)
- പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - 3-4 എണ്ണം
- കടുക് - 1 ടീസ്പൂണ്‍
- കറിവേപ്പില - 1 കതിര്‍പ്പ്
- വറ്റല്‍മുളക് - 2 എണ്ണം
- കായപ്പൊടി- 3/4 ടീസ്പൂണ്‍
- വെളിച്ചെണ്ണ - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പ്രഷര്‍ കുക്കറില്‍ നന്നായി വേവിച്ചു , തൊലി നീക്കി ചെറുകഷ്ണങ്ങളായി ഉടയ്ക്കുക .
ഇതിലേക്ക് ഉപ്പും പച്ചമുളകും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം തൈര് ചേര്‍ത്ത് യോജിപ്പിക്കുക. കടുക്, കറിവേപ്പില, വറ്റല്‍മുളക് കായപ്പൊടി എന്നിവ എണ്ണയില്‍ മൂപ്പിച്ച് ഗൊജ്ജുവിനു മീതെ താളിച്ചൊഴിക്കുക.
Content Highlights: konkani vasari, konkani food, food, recipes