കടച്ചക്ക കൊണ്ടൊരു കിടിലന്‍ ഫ്രൈ ; ഉറപ്പായും പരീക്ഷിച്ചു നോക്കണം

ചിക്കനും മീനുമെല്ലാം ഫ്രൈ ആക്കിയാല്‍ പിന്നെ മറ്റു കറികളുടെ ഡിമാന്റ് കുറയും. എന്നാല്‍ ഇത് പോലെ പച്ചക്കറികളും നോണ്‍വെജിനെ വെല്ലുന്ന രുചിയില്‍ഫ്രൈയാക്കിയെടുക്കാം.
അത്തരത്തിലൊന്നാണ് കടച്ചക്ക കൊണ്ടുള്ള ഫ്രൈ.
ചപ്പാത്തി ,പൊറോട്ട, അപ്പം എന്നിവയുടെയൊപ്പം സൈഡ് ഡിഷായും ചോറിന്റെയൊപ്പവുമെല്ലാം കഴിക്കാവുന്ന ഒരു വിഭവമാണ് കടച്ചക്ക ഫ്രൈ. ഇതില്‍ തേങ്ങാക്കൊത്ത് കൂടിയിട്ട് മിക്‌സ് ചെയ്തും വറുത്തരച്ച് ഗ്രേവി കൂടി ചേര്‍ത്ത് കടച്ചക്ക വരട്ടിയതായും വിളമ്പാം. അല്പം ടൊമാറ്റോ സോസ് ചേര്‍ത്ത് കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഭവമാക്കി മാറ്റുകയും ചെയ്യാം.
ചേരുവകള്‍
- കടച്ചക്ക-ചെറുത് 1
- സവാള- ചെറുത് 2
- ഇഞ്ചി-ചെറുത്
- വെളുത്തുള്ളി -4 അല്ലി
- കറിവേപ്പില- രണ്ടു തണ്ട്
- ഉണക്കമുളക് -5
- പെരുംജീരകം -കാല്‍ ടേബിള്‍ സ്പൂണ്‍
- കാശ്മീരി മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി- മുക്കാല്‍ ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
- ജീരകത്തിന്റെ പൊടി -കാല്‍ ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി -കാല്‍ ടേബിള്‍സ്പൂണ്‍
- ഗരം മസാല -കാല്‍ സ്പൂണ്‍
പാചകരീതിയിലേയ്ക്ക്
ആദ്യം കടച്ചക്ക ചെറിയ ക്യൂബുകള്‍ ആയിട്ട് മുറിച്ചെടുക്കണം. ഇതില്‍ അല്പം മഞ്ഞപ്പൊടിയും ഉപ്പും വെളിച്ചെണ്ണ ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിച്ചെടുക്കം. വെള്ളം മാറ്റിയിട്ട് എണ്ണയില്‍ വറുത്തുകോരി വെയ്ക്കണം.
ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം, ഉണക്കമുളക്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി ,സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. ഇനി ഒരുനുള്ള് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി,കാശ്മീരി മുളകുപൊടി എന്നിവ ചേര്‍ക്കണം.
തുടര്‍ന്ന് വേണമെങ്കില്‍ മാത്രം മാഗി ക്യൂബും ചേര്‍ക്കാം. ഗരം മസാല, കുരുമുളകുപൊടി ജീരകത്തിന്റെ പൊടി എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്തിട്ട് വറുത്ത കടച്ചക്കയും ചേര്‍ന്ന് നന്നായി യോജിപ്പിച്ചെടുത്ത് ചൂടോടെ വിളമ്പാം.
Content Highlights: kadachakka fry recipe