അൽമാട്ടിയിലെ മൂന്നിടങ്ങൾ മൂന്നു ഭാവങ്ങൾ. ഇടതു ഭാഗത്ത് കൊൽസായ് തടാകത്തിൽ തനതു വേഷത്തിലെത്തിയ കസാഖ്സതാൻ സ്ത്രീകൾ, നടുവിൽ മഞ്ഞുപുതച്ച ഷിംബൊല്ലാക് മലനിരകൾ, വലത്തേയറ്റത്ത് ചരിൻകാന്യൺ
മരതകപച്ചനിറമുള്ള തടാകങ്ങള്‍, അതിനു ചുറ്റും മഞ്ഞ്പുതച്ച മലനിരകള്‍, അതിരിട്ട് കടും പച്ച നിറമുള്ള പൈന്‍മരക്കാടുകൾ. കാഴ്ചയില്‍ സ്വിറ്റ്‌സര്‍ലൻഡിനെയും കാനഡയുടെയുമെല്ലാം ഏഷ്യന്‍ വേര്‍ഷന്‍... അതാണ് കസാക്കിസ്താന്‍. നാലു ഭാഗവും കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ലോകത്തിലെ തന്നെ ഒമ്പതാമത്തെ വലിയ രാജ്യം, ഏഴായിരം തടാകങ്ങളുടെ നാട്, സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട അവസാനത്തെ രാജ്യം തുടങ്ങീ പ്രത്യേകതകളേറെ. വിവിധ രുചികളിലൂടെയും വീഡിയോകളിലൂടെയും യൂറോപ്പും തായ്‌ലന്‍ഡും സിംഗപ്പൂരും മലേഷ്യയും നമുക്ക് പരിചിതമാണ്. പക്ഷേ, കസാക്കിസ്താന്‍ നിഗൂഢമായൊരിടമാണ്. ആ ഭൂപ്രദേശത്തെ കുറിച്ചോ അവിടുത്തെ മനുഷ്യരെ കുറിച്ചോ അവരുടെ സംസ്‌കാരത്തെ കുറിച്ചോ, ഭക്ഷണരീതിയെകുറിച്ചോ വലിയ അറിവ് നമുക്കില്ല എന്നത് തന്നെയാണ കസാക്കിസ്താനിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാന ഘടകം.
എങ്ങനെ എത്തിപ്പെടാം - ഡല്‍ഹിയില്‍ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റുണ്ട് . എയര്‍ അസ്താന, ഇന്‍ഡിഗോ തുടങ്ങിയവ സര്‍വ്വീസ് നടത്തുന്നു. കൊച്ചിയില്‍ നിന്ന് ഫ്ളൈറ്റുണ്ടെങ്കിലും കാശ് ലാഭിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യലാണ് മികച്ച മാര്‍ഗം. ടിക്കറ്റ് നിരക്ക് - അപ് ആന്‍ഡ് ഡൗണ്‍ ടിക്കറ്റിന് ഏകദേശം 20,000 മുതല്‍ 40,000 രൂപ വരെ വരും. കേരളത്തില്‍ നിന്ന് ഡല്‍ഹിക്കുള്ള ഫ്ളൈറ്റ് ടിക്കറ്റുകൂടി കണക്കാക്കുമ്പോള്‍ 15000 രൂപയുടെ അധിക ഫ്‌ലൈറ്റ് ചാര്‍ജ് കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
വിസ ഫ്രീ- ഏതാനും വര്‍ഷമായി ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ ആക്കിയതാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. കസാക്കിസ്താനില്‍ പോയി 15 ദിവസത്തിനുള്ളില്‍ തിരിച്ചുവരുന്നവര്‍ക്ക് മാത്രമേ ഫ്രീ വിസ ലഭിക്കൂ. അതിനാല്‍ ഡല്‍ഹി എയര്‍പോട്ടില്‍ എമ്മിഗ്രേഷനില്‍ റിട്ടണ്‍ ടിക്കറ്റ് നിര്‍ബന്ധമായും നമ്മള്‍ കാണിക്കേണ്ടതുണ്ട്. പാക്കേജ് ട്രിപ്പല്ലെങ്കില്‍ താമസിക്കാനുദ്ദേശിക്കുന്ന പ്രദേശത്തിന്റെ ബുക്കിങ് വിവരങ്ങളും കയ്യില്‍ കരുതുന്നത് പ്രയോജനം ചെയ്യും.
താമസം- വാഷിങ് മെഷീന്‍, അടുപ്പ് സൗകര്യമുള്ള ഫുള്ളി ഫര്‍ണിഷ്ഡ് അപാര്‍ട്‌മെന്റ് പ്രതിദിനം 4000 രൂപയ്ക്ക് ബുക്ക് ചെയ്തിരുന്നു. പ്രതിദിനം 2000 രൂപ ചെലവുള്ള ഡോര്‍മെട്രികളും ലഭ്യമാണ്.
ചെലവ്- രൂപയേക്കാള്‍ മൂല്യം കുറവുള്ള ടിങ്കെയാണ് കസാക്കിസ്താനിലെ കറന്‍സി. ഒരു ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് അഞ്ച് ലക്ഷം കസാക്ക് ടിങ്കെ കിട്ടും. പോകുന്നതിനു മുമ്പ് കാശ് ഡോളറിലാക്കി അല്‍മാട്ടി എയര്‍പോട്ടിലെത്തിയയുടന്‍ ടിങ്കെയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നതാണ് ഉത്തമം. രൂപയേക്കാള്‍ മൂല്യം കുറവായതിനാല്‍ ഒരുപാടു സാധനങ്ങള്‍ വാങ്ങിക്കാം എന്ന് വിചാരിക്കണ്ട. ഒരു കീച്ചെയിനിന് ചുരുങ്ങിയത് മൂവായിരം ടിങ്കെയാവും. പെട്രോളിന് വെള്ളത്തേക്കാള്‍ വില കുറവാണെന്ന് പല സന്ദര്‍ഭങ്ങളിലും തോന്നിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് അല്‍മാത്തിയിലെ താമസസ്ഥലത്തേക്ക് 15 കിലോ മീറ്റര്‍ ദൂരമുണ്ടായിരുന്നു പക്ഷെ വെറും 2800 ഡിങ്കെയാണ് ടാക്‌സിക്ക് ചിലവായത്. പക്ഷെ അരലിറ്റര്‍ വെള്ളത്തിന് 500 ഡിങ്കെയാണ് നല്‍കേണ്ടി വന്നത്.