സഞ്ചാരികളെ ഉന്മത്തരാക്കുന്ന ആകാശക്കാഴ്ചകള്‍; ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആകാശങ്ങള്‍ ഇവിടെയാണ്

തെളിഞ്ഞതും സുന്ദരവുമായ ആകാശം നോക്കിയിരുന്നാല്‍ മനസ് ശാന്തമാവുന്നത് നാം അറിയുകപോലുമില്ല. മനോഹരമായ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശക്കാഴ്ചകള്‍ വിദേശരാജ്യങ്ങളില്‍ മാത്രമല്ല ഉള്ളത്. ചിത്രം വരച്ചതു പോലെ വശ്യമായ, കണ്ണെടുക്കാന്‍ സാധിക്കാത്ത ആകാശക്കാഴ്ചകളുള്ള സ്ഥലങ്ങള്‍ ഇന്ത്യയിലുമുണ്ട്. ലഡാക്കും സ്പിതിയും മുതല്‍ നമ്മുടെ മൂന്നാറും കൂര്‍ഗും പോലും സ്‌കൈ ഡെസ്റ്റിനേഷനുകളാണ് നഗരത്തിരക്കുകളില്‍ നിന്ന് മാറി തെളിഞ്ഞ ആകാശം കണ്ട് ഹൃദയം കുളിര്‍ക്കാനായി നിരവധി സഞ്ചാരികള്‍ ഈ സ്ഥലങ്ങളിലേക്കെത്തുന്നു.
സ്പിതി
സ്പിതി എന്ന വാക്കിന് 'ഇടയ്ക്കുള്ള ഇടം' എന്നാണ് അര്‍ഥം. ഇന്ത്യക്കും ടിബറ്റിനുമിടയിലെ ഈ മനാഹരമായ താഴ്‌വര പ്രകൃതിഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഇടമാണ്. ഏകാന്തത തേടുന്നവര്‍ക്കും സാഹസികര്‍ക്കും സ്പിതി ഒരു സ്വര്‍ഗമാണ്. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം മലയിടുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. 18,300 അടി വരെ ഉയരത്തില്‍ കടന്നുപോകുന്ന ഏറ്റവും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ട്രെക്കിംഗുകളില്‍ ഒന്നാണ് സ്പിതിയിലേക്കുള്ളത്. മനോഹരമായ മലയിടുക്കുകളും അവയ്ക്കിടയിലൂടെയുള്ള ചെറു അരുവികളും ടാറിടാത്ത ചെറിയ ഇടവഴികളും താണ്ടിയുള്ള ട്രെക്കിങ്ങിനൊടുവില്‍ എത്തിച്ചേരുക സ്വപ്നതുല്യമായ ഈ താഴ്‌വരയിലേക്കായിരിക്കും. അതിമനോഹരമായ ലാന്‍ഡ്സ്‌കേപ്പുകള്‍ ക്യാംപിങ് അനുഭവം സ്വപ്നതുല്യമാക്കും. രാത്രികളിലാണ് സ്പിതിയുടെ ആകാശം ഏറ്റവും മനോഹരമാകുന്നത്. സ്പിതിയുടെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി മാത്രം തടാകക്കരയിലും താഴ്‌വാരങ്ങളിലും ഫോട്ടോഗ്രാഫര്‍മാര്‍ ക്യാംപിങ് ചെയ്യാറുണ്ട്. മരങ്ങളും കെട്ടിടങ്ങളുമില്ലാത്തത് തടസ്സങ്ങളില്ലാത്ത ആകാശക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു.
ലഡാക്ക്
പലകാരണങ്ങള്‍ കൊണ്ടും ഇന്ത്യയിലെ അത്യപൂര്‍വമായ സ്ഥലങ്ങളിലൊന്നാണ് ലഡാക്ക്. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശം, അസാധാരണവും അതിമനോഹരവുമായ ഭൂപ്രകൃതി, ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യവും ഭീകരതയും, കഠിനമായ കാലാവസ്ഥ... അങ്ങനെ പോവുന്നു ലഡാക്കിന്റെ സവിശേഷതകള്‍. അതോടൊപ്പം ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആകാശങ്ങളും ലഡാക്കിന് സ്വന്തമാണ്. തലസ്ഥാനമായ ലേ, ലഡാക്ക് മലനിരകളിലെ ഉച്ചസ്ഥായിയായ ഖാര്‍ഡുങ് ലാ, ഷായോക് നദീതടങ്ങള്‍, ന്യൂബ്ര താഴ്‌വര, ഡിസ്‌കിറ്റ് -താങ് ഗ്രാമങ്ങള്‍ തുടങ്ങി ആകാശക്കാഴ്ചകളുടെ വിരുന്നൊരുക്കുന്ന പ്രദേശങ്ങള്‍ നിരവധിയാണ് ലഡാക്കില്‍. ഇവിടുത്തെ താഴ്വരകളും നിറവൈവിധ്യങ്ങളുള്ള മണ്‍കുന്നുകളും ആകാശക്കാഴ്ചകള്‍ക്ക് മാറ്റ് കൂട്ടുന്നു. അനന്തമായ ആകാശത്തെ ക്ഷീരപഥങ്ങളുടെ അത്യന്തം നയന മനോഹരമായ കാഴ്ച്ച സന്ദര്‍ശകരുടെ മനസില്‍ മായാത്ത ചിത്രങ്ങള്‍ സമ്മാനിക്കുന്നു. ന്യൂബ്രാ താഴ്വരയിലെ പ്രഭാതകാഴ്ച്ചകളും അതിമനോഹരമാണ്.
റാന്‍ ഓഫ് കച്ച്
ഗുജറാത്തിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കിലോമീറ്ററുകള്‍ നീളുന്ന ഉപ്പുമരുഭൂമിയാണ് കച്ച്. ഇവിടുത്തെ പകുതിയോളം ഭൂപ്രദേശം ഉപ്പ് മരുഭൂമിയാണ്. 23,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഗ്രേറ്റ് റാന്‍ ഓഫ് കച്ചും 16,000 ചതുരശ്രകിലോമീറ്റര്‍ വരുന്ന ലിറ്റില്‍ റാന്‍ ഓഫ് കച്ചും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. ഒരുകാലത്ത് ഇവിടം മുഴവന്‍ സമുദ്രമായിരുന്നെന്ന് പറയപ്പെടുന്നു. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പ്രദേശം വേനലില്‍ വെള്ളം വറ്റുന്നതോടെ ആദ്യം ചതുപ്പും പിന്നെ ഉപ്പുപരലുകളുമായി ഭൂമി മാറുന്നു. ഈ വെളുത്ത ഭൂമി സൂര്യാസ്തമയത്തോടെ ചുവന്നുതുടുക്കുന്നത് മനോഹര കാഴ്ചയാണ്. പൂര്‍ണ്ണ ചന്ദ്രനെത്തുന്ന രാത്രികളില്‍ ഇവിടുത്തെ നിലം വെട്ടിത്തിളങ്ങും. മരൂഭൂമിയുടെ സീറോപോയിന്റ് എന്നുവിളിക്കുന്ന മറ്റൊരറ്റത്ത് സൂര്യോദയം കാണാം. സൂര്യോദയ- അസ്തമയ കാഴ്ചകള്‍പ്പുറത്ത് കച്ചിലെ രാത്രി ആകാശവും അവിശ്വസനീയമായ സൗന്ദര്യമുള്ളവയാണ്. വെളുത്ത ഭൂമിക്ക് മുകളില്‍ നീലാകാശവും അവയില്‍ നക്ഷത്രവും ക്ഷീരപഥങ്ങളും കാണുമ്പോള്‍ സ്വര്‍ഗീയമായ അനുഭൂതിയാണ് സഞ്ചാരികളില്‍ സൃഷ്ടിക്കുക.
കൂര്‍ഗ്
പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1525 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രമാണ് കൂര്‍ഗ് എന്ന കുടക്. കാപ്പിത്തോട്ടങ്ങള്‍ക്കും തേയില തോട്ടങ്ങള്‍ക്കും പേരുകേട്ട കൂര്‍ഗ് വെള്ളച്ചാട്ടങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, കോട്ടകള്‍ എന്നിവയ്ക്കും പ്രശസ്തമാണ്. ക്യാമ്പിങ്, ട്രെക്കിങ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് പോലുള്ള സാഹസിക വിനോദ സഞ്ചാരത്തിനും കൂര്‍ഗ് മികച്ച സാധ്യതയാണ്. തെക്ക്പടിഞ്ഞാറന്‍ കര്‍ണാടകയില്‍ പശ്ചിമഘട്ട നിരകളില്‍ ഏകദേശം 4,100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് കൂര്‍ഗ് സ്ഥിതി ചെയ്യുന്നത്. വയനാട് കല്‍പ്പറ്റയില്‍ നിന്നും 130 കിലോമീറ്ററാണ് കുടകിലേക്കുള്ള ദൂരം. കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവില്‍ വില്ലകളും ഹോം സ്റ്റേകളും ഒരുക്കി ടൂറിസ്റ്റുകളെയും കൂര്‍ഗ്ഗ് വരവേല്‍ക്കും. ഇത്തരം കാപ്പിത്തോട്ടങ്ങളിലെ താമസഇടങ്ങളിലെ ആകാശക്കാഴ്ചകളാണ് കൂര്‍ഗിന്റെ മറ്റൊരു സൗന്ദര്യം. പച്ചപ്പിന് മുകളിലൂടെ നിലാവ് പരക്കുമ്പോള്‍ ആകാശവും കൂടുതല്‍ മനോഹരമാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ക്യാംപിങ് നടത്തി കൂര്‍ഗിന്റെ സ്വന്തം കാപ്പിയും കുടിച്ച് ആകാശം കാണാനായി നിരവധി സഞ്ചാരികള്‍ ഇങ്ങോട്ടെത്താറുണ്ട്.
ജയ്‌സാല്‍മിര്‍
കോട്ടകളും മരുഭൂമിളും മാത്രമല്ല, നക്ഷത്രാലംകൃതമായ ആകാശക്കാഴ്ചകള്‍ക്കും പ്രശസ്തമാണ് ജയ്‌സാല്‍മിര്‍. ഥാർ മരുഭൂമിയിലെ മണല്‍ക്കൂനകളില്‍ ക്യാംപിങ് ചെയ്ത് രാത്രിയിലെ ആകാശം കാണാനെത്തുന്നവര്‍ നിരവധിയാണ്. അനന്തമായ ആകാശക്കാഴ്ചകളാണ് താര്‍ മരുഭൂമി സഞ്ചാരിക്ക് മുന്നില്‍ തുറന്നിടുന്നത്. മണല്‍ക്കൂനകള്‍ക്ക് മുകളില്‍ നക്ഷത്രങ്ങള്‍ തിളങ്ങുമ്പോള്‍ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആകാശത്ത് നറയും. ഒട്ടും മലിനമല്ലാത്താതും തടസ്സങ്ങളില്ലാത്തതുമായ അന്തരീക്ഷം ഈ അനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. നക്ഷത്ര നിരീക്ഷണത്തിനും പര്യവേക്ഷണങ്ങള്‍ക്കുമായും നിരവധി പേര്‍ ജയ്‌സാല്‍മിറിന്റെ ആകാശങ്ങളെ തേടിയെത്തുന്നു.
മൂന്നാര്‍
പശ്ചിമഘട്ടത്തിന്റെ എല്ലാ സൗന്ദര്യങ്ങളും ആവാഹിച്ച മുന്നാറിന്റെ ഉയരങ്ങള്‍ മനോഹരമായ ആകാശങ്ങളെയും ഒളിച്ചുവെക്കുന്നു. മൂന്നാറിലെ കുന്നുകളില്‍ നിന്നും മലകളില്‍ നിന്നുമുള്ള തെളിഞ്ഞ ആകാശങ്ങളുടെ ചിത്രങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളുടെ ഹൃദയും കീഴടക്കാറുണ്ട്. മൂന്നാര്‍ ടോപ് സ്റ്റേഷന്‍, എക്കോ പോയന്റ്, മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങളില്‍ വെളുത്ത പഞ്ഞിക്കട്ട് വിരിച്ചപോലുള്ള ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്നു. മേഘക്കൂട്ടങ്ങള്‍ക്കിയില്‍ നിന്ന് ഉദിച്ചു വരുന്ന സൂര്യന്റെ കാഴ്ചകള്‍ മീശപ്പുലിമലയില്‍ നിന്നും കൊളുക്കുമലയില്‍ നിന്നും കാണാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളുള്ള കൊളുക്കുമല തമിഴ്‌നാട്ടിലാണെങ്കിലും മൂന്നാറിന്റെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയും മീശപ്പുലിമലയിലുമുള്ള ക്യാംപിങ്ങ് അനുഭവങ്ങളെയും ലോകോത്തരമാക്കുന്നത് ആകാശങ്ങളുടെ ഭംഗി തന്നെയാണ്.
വാലീ ഓഫ് ഫ്‌ളവേഴ്‌സ്
ഹിമാലയത്തിലെ എന്തും അഭൗമമായി അനുഭവപ്പെടും എന്ന് വെറുതേ പറയുന്നതല്ല. എല്ലാത്തിന്റെയും സൗന്ദര്യം അതിന്റെ പരകോടിയിലാണ് ഈ ഗിരിനിരകളില്‍. നിറയെ പൂത്തുലഞ്ഞ സ്വര്‍ഗീയ പുഷ്പങ്ങള്‍, അപൂര്‍വസുന്ദരമായ പക്ഷിമൃഗാദികള്‍, അപൂര്‍വമായ ആകാശം- അതാണ് വാലീ ഓഫ് ഫ്‌ളവേഴ്‌സ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3858 മീറ്റര്‍ ഉയരത്തിലാണ് ഈ സ്വര്‍ഗീയപൂന്തോട്ടം. നന്ദാദേവി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമാണിത്. 1982-ലാണ് ഇവിടം ഒരു ദേശീയോദ്യാനമായി പരിഗണിക്കപ്പെട്ടത്. ഇംഗ്ലീഷ് പര്‍വതാരോഹകരായ ഫ്രാങ്ക്.എസ്.സ്മിത്ത്, ഹോര്‍ഡ്‌സ് വര്‍ത്ത് എന്നിവര്‍ 1931-ല്‍ യാദൃശ്ചികമായി ഇവിടെ എത്തിപ്പെടുകയായിരുന്നു. അവരാണ് ഈ അപൂര്‍വ പ്രദേശത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പറുദീസയില്‍ ആകാശ കാഴ്ചകളും ലോകോത്തരമാണ്. മനോഹരമായ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന താഴ്‌വാരത്തില്‍ നിന്നുള്ള ആകാശക്കാഴ്ചകള്‍ സഞ്ചാരികളെ ഉന്മാദികളാക്കുന്നു. അപൂര്‍വമായ ബ്രഹ്‌മകമലം പൂക്കള്‍ ഭൂമിയിലും തിളങ്ങുന്ന നക്ഷത്രങ്ങള്‍ ആകാശത്തും വിരിഞ്ഞു നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഉന്മത്തരാവാതിരിക്കാന്‍ സാധിക്കുക!
Content Highlights: best stargazing places In India where experience starry nights