എല്ലാ സഞ്ചാരികളുടെയും സ്വപ്‌നയാത്ര ഇവിടേക്കാണ്; ഇന്ത്യക്കാര്‍ക്ക് വിസവേണ്ട, കുറഞ്ഞ ചെലവില്‍ പോകാം

വിശാലവും അതിമനോഹരവുമായ കടല്‍ത്തീരങ്ങള്‍, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകളും, പകരംവെക്കാനില്ലാത്ത മഴക്കാടുകള്‍, കണ്ടാല്‍മതിവരാത്ത ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സംസ്‌കാരം...ബാലി വിനോദസഞ്ചാരികള്‍ക്ക് പറുദീസയാകുന്നു. ഏതുതരക്കാര്‍ക്കും അനുയോജ്യമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര നടത്താനാണ് പ്‌ളാനെങ്കില്‍ അതിന് പറ്റിയ വിദേശനാടുകളിലൊന്നാണ് ബാലി.
ഇന്‍ഡൊനീഷ്യയിലെ ഒറ്റത്തുരുത്ത്
ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ. മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡൊനീഷ്യയില്‍ ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. പൈതൃകത്തെ മുറുകെപ്പുണരുന്ന ശൈലി തന്നെയാണ് ബാലിയിലെ ഈ വ്യത്യസ്തതയ്ക്ക് പിന്നില്‍. ഇന്ത്യയില്‍നിന്ന് കടല്‍മാര്‍ഗം എത്തിയ സന്ന്യാസിമാരാണ് ബാലിയില്‍ ഹിന്ദുമതത്തിന്റെ പ്രചാരകരെന്ന് കരുതുന്നു. പിന്നീട് വന്ന തലമുറകള്‍ പൈതൃകവും വിശ്വാസവും വിടാതെ പിന്തുടര്‍ന്നു. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഭൂപ്രകൃതിയായതിനാല്‍ ഇന്‍ഡൊനീഷ്യയിലെ പൊതുരീതിയില്‍ നിന്നും പാടെ വ്യത്യസ്തമായ ശൈലിയാണ് ഈ ഭൂമിക സ്വീകരിച്ചത്.
പരമ്പരാഗതമായി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബാലിക്കാര്‍. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോള്‍ ബാലിയിലെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് വിനോദസഞ്ചാരമാണ്, വരുമാനത്തിന്റെ 80 ശതമാനത്തോളം ഈ മേഖലയില്‍നിന്ന് ലഭിക്കുന്നു. ഇന്‍ഡൊനീഷ്യന്‍ ജി.ഡി.പി.ക്കും ബാലിയുടെ ഈ കുതിച്ചുചാട്ടം വലിയ കൈത്താങ്ങാകുന്നു. പ്രത്യേകിച്ച് വിദേശനാണ്യവരുമാനത്തില്‍. ബാലി വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ നമ്മള്‍ കേരളീയര്‍ കണ്ടു പഠിക്കേണ്ടതാണ്. ലഭ്യമായ എല്ലാ മേഖലകളും അവര്‍ സഞ്ചാരപ്രിയര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ബാലിയുടെ വ്യത്യസ്ത സംസ്‌കാരവും ആചാരരീതികളും അടുത്തറിയാന്‍ അവസരമൊരുക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കുന്നു. എല്ലാതരക്കാര്‍ക്കും താങ്ങാവുന്ന നിരക്കുകളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികളോട് സൗമനസ്യവും സഹാനുഭൂതിയും ബഹുമാനവും പ്രകടിപ്പിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കുന്നു.
വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യക്കാര്‍ക്കും സൗജന്യവിസയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തില്‍ അധികം പണിപ്പെടേണ്ടി വരില്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താം.
സഞ്ചാരികളുടെ പറുദീസ
മറ്റൊരു കൗതുകം ബാലിയിലെ ഔദ്യോഗിക കറന്‍സിയായ റുപ്പയ ആണ്. 500 രൂപയുമായാണ് നിങ്ങള്‍ ബാലിയിലെത്തുന്നതെങ്കില്‍ നിങ്ങള്‍ അവിടത്തെ കറന്‍സിയനുസരിച്ച് ലക്ഷാധിപതിയായി. 5000 രൂപ കീശയിലുണ്ടെങ്കില്‍ കോടീശ്വരന്‍! വിനിമയത്തിലെ ഈ മൂല്യത്തകര്‍ച്ച പക്ഷേ, ചെലവില്‍ പ്രതിഫലിക്കുമെന്നു കരുതിയാല്‍ തെറ്റി. ഒരു സാധാരണ ഹോട്ടലില്‍നിന്ന് നന്നായി ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ലക്ഷം റുപ്പിയെങ്കിലും കൈയില്‍നിന്ന് ചെലവാകും. അതുകൊണ്ട് കുറഞ്ഞ ചെലവിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കരുതല്‍ അനിവാര്യം.
അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയിലെല്ലായിടത്തും യാത്രക്കായി സ്‌കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ധാരാളം മതി. സഹായിക്കാന്‍ ബാലിക്കാര്‍ സദാ സന്നദ്ധര്‍. പൊതുവേ വലിയ തിരക്കൊന്നും പ്രകടിപ്പിക്കാത്തവരാണവര്‍. ചിലപ്പോള്‍ വഴിചോദിച്ചാല്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ അവര്‍ മടങ്ങൂ. കറന്‍സി മാറ്റുന്നത് കേരളത്തില്‍നിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് ഉചിതം. നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറ്റാം. ഡോളര്‍ ബാലിയിലെ ഏത് മുക്കിലും മൂലയിലും റുപ്പയ ആക്കി മാറ്റാം. പക്ഷേ, ഇന്ത്യന്‍രൂപ മാറ്റിക്കിട്ടാന്‍ പാടായിരിക്കും.
ഭൂപ്രകൃതി ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ്. കേരളത്തില്‍ കണ്ടുവരുന്ന സസ്യജാലങ്ങള്‍ എല്ലായിടത്തും കാണാം. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലര്‍ത്തുന്നവരാണ് ബാലിക്കാര്‍. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകള്‍ക്കുമുന്നില്‍ പോലും കൊച്ചുപൂന്തോപ്പ് കാണാം. പൂച്ചെടികള്‍ വളര്‍ത്തുന്ന നഴ്സറി ബാലിയില്‍ വലിയ ബിസിനസ് തന്നെയാണ്.
ക്ഷേത്രങ്ങളും കടലോരങ്ങളും
ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അരങ്ങായ ക്ഷേത്രസമുച്ചയങ്ങള്‍. അവിടെ നിത്യേനയെന്നോണം ഉത്സവങ്ങളും പൂജകളും പതിവ്. ഇതിനുപുറമേ മിക്ക വീടുകളിലും ഒരു കൊച്ചുകുടുംബക്ഷേത്രവും കാണും. ബാലിയാത്രയ്ക്കിടെ ക്ഷേത്രസന്ദര്‍ശനം മുടക്കരുത്. കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയൊരു പാറക്കൂട്ടത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന പ്രാചീനക്ഷേത്രമാണ് ടാനാ ലോട്ട്. ബാലിയുടെ പ്രതീകമെന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത്. നമ്മുടെ കന്യാകുമാരിയെ അനുസ്മരിപ്പിക്കും.
ബാലിയുടെ തലസ്ഥാനനഗരമായ ഡെന്‍പസാറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. നൂറ്റാണ്ടുകളുടെ തിരയടി പാറക്കൂട്ടങ്ങളില്‍ തീര്‍ത്ത അടയാളങ്ങള്‍ ഇവിടത്തെ മറ്റൊരു കാഴ്ച. വേലിയിറക്കമുള്ളപ്പോള്‍ ക്ഷേത്രത്തിലേക്ക് കടലോരത്തുനിന്ന് നടന്നു പോകാം. വേലിയേറ്റമുള്ളപ്പോള്‍ വഞ്ചിയെ ആശ്രയിക്കണം. ബെരാട്ടണ്‍ തടാകത്തില്‍ ആകര്‍ഷകമായ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രവും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പഞ്ചാരമണലുള്ള കടലോരങ്ങളാല്‍ സമ്പന്നമാണ് ഈ നാട്. കടലിലാകട്ടെ തെളിനീല ജലം. പശ്ചാത്തലമൊരുക്കുന്നത് ഹരിതാഭമായ തെങ്ങിന്‍തോപ്പുകളും മഴക്കാടുകളും പനങ്കാടുകളുമൊക്കെ.
മിക്കയിടത്തും വെള്ളത്തിലേക്ക് കണ്ണുനട്ടാല്‍ കടലിന്റെ അടിത്തട്ട് കാണാനാകും. കടലിനടിയിലേക്ക് ഊളിയിടാനും അടിത്തട്ടിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയുമൊക്കെ കണ്‍കുളിര്‍ക്കെ കാണാനും മിക്ക ബീച്ചുകളിലും സ്‌കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങുമൊക്കെയുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഇതിനൊക്കെ. കുട്ട ബീച്ചാണ് ബാലിയില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. സെമിന്യാക്, കന്‍ഗു, ജിംബാരണ്‍, നുസ ദുവ, സാനുര്‍ തുടങ്ങിയവ മറ്റുചില പ്രശസ്ത കടലോരങ്ങള്‍. തിരക്ക് ആഗ്രഹിക്കാത്തവരാണെങ്കില്‍ വിനോദസഞ്ചാരികള്‍ അധികമെത്താത്ത അതിമനോഹരങ്ങളായ വേറെയും ബീച്ചുകളുണ്ട്.
Content Highlights: bali budget travel world travel visa