ആകാശദുരന്തം കവര്‍ന്ന പ്രമുഖര്‍; പാക്സേന വെടിവെച്ചിട്ട മേത്ത മുതല്‍ ഡ്രീംലൈനറിൽ പൊലിഞ്ഞ രൂപാണി വരെ

അഹമ്മദാബാദ്: ആകാശയാത്രയ്ക്കിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട പ്രമുഖർ നിരവധിയാണ്. കര്‍മ്മ മണ്ഡലത്തില്‍ കത്തിജ്വലിച്ചു നിൽക്കുമ്പോൾ വ്യോമ അപകടങ്ങൾ ജീവൻ കവർന്നവരുടെ കൂട്ടത്തിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിൽ ഭാര്യയുടെ അടുക്കലേയ്ക്ക് പോവുകയായിരുന്നു രൂപാണി. അഹമ്മദാബാദില്‍ നിന്ന് 232 യാത്രക്കാരുമായി പറന്നുയര്‍ന്ന ഉടനെ യാത്രാവിമാനം വിമാനത്താവളത്തിന് സമീപത്തുവെച്ചുതന്നെ തകര്‍ന്നു വീഴുകയായിരുന്നു.
ബല്‍വന്ദ് റായി മേത്ത
ഗുജറാത്തിന്റെ രണ്ടാം മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബല്‍വന്ദ് റായി മേത്ത കൊല്ലപ്പെട്ടത് ഒരു വിമാനാപകടത്തിലാണ്. പഞ്ചായത്തീരാജിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന മേത്ത 1965ല്‍ ഇന്ത്യാ-പാക് യുദ്ധം നടക്കുന്ന സമയത്ത് മേത്ത സഞ്ചരിച്ച വിമാനം പാക് സൈന്യം വെടിവെച്ചിടുകയായിരുന്നു. ടാറ്റ കെമിക്കല്‍സിന്റെ വിമാനമായിരുന്നു അവര്‍ ഉപയോഗിച്ചത്. കച്ച് അതിര്‍ത്തിക്ക് സമീപം മിത്താപുരിലൂടെ യാത്ര ചെയ്യുമ്പോഴാണ് വിമാനത്തിന് വെടിയേറ്റത്. അപകടത്തില്‍ മേത്തയോടൊപ്പം ഭാര്യയും മൂന്ന് സ്റ്റാഫും ഒരു പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
വൈഎസ് രാജശേഖര റെഡ്ഡി
ആകാശ ദുരന്തം ഇന്ത്യയ്ക്ക് നല്‍കിയ വലിയ നഷ്ടങ്ങളിലൊന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി. 2009 സെപ്റ്റംബര്‍ രണ്ടിന് ബെല്‍ 430 എന്ന ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുകയായിരുന്നു വൈഎസ്ആര്‍. നല്ലമല വനമഖേലയിലൂടെ അദ്ദേഹവും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കടന്നുപോയപ്പള്‍ എയര്‍ട്രാഫിക്ക് കണ്‍ട്രോളുകള്‍ക്ക് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലില്‍ തകര്‍ന്ന നിലയില്‍ കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ചിറ്റൂരിലെ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള യാത്രയ്ക്കിടയില്‍ ആയിരുന്നു അപകടം. വൈഎസ്ആര്‍ ഉള്‍പ്പെടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഞ്ജയ് ഗാന്ധി
കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിക്കുന്നതും വിമാനാപകടത്തിലാണ്.
1980 ജൂണ്‍ 23നാണ് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ട വിമാനാപകടം നടക്കുന്നത്.സഫ്ദര്‍ ജങ് എയര്‍പോര്‍ട്ടിലുള്ള ഫ്‌ളൈയിങ് ക്ലബില്‍ വെച്ചാണ് വിമാനാപകടം ഉണ്ടാകുന്നത്. പിറ്റ്‌സ് എസ് 2എ 2 എന്ന വിമാനം സഞ്ജയ് ഗാന്ധിയായിരുന്നു പറത്തിയിരുന്നത്. ഫ്‌ളൈയിങ് ക്ലബിലെ സാഹസിക പറക്കലിനിടെ വീമാനം തകര്‍ന്നുവീഴുകയായിരുന്നു. ഈ അപകടത്തില്‍ ദുരൂഹത സംശയിച്ച് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൗന്ദര്യ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍മാമ്പഴം തുടങ്ങിയ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി സൗന്ദര്യയെ നഷ്ടപ്പെടുന്നതും ഒരു ആകാശ ദുരന്തത്തിലാണ്. 2004 ഏപ്രില്‍ 17-നാണ് സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബെംഗളൂരുവിനടുത്ത് ജക്കൂരില്‍ വെച്ച് നടി സഞ്ചരിച്ച അഗ്‌നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജക്കൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു.
സംഭവത്തില്‍ സൗന്ദര്യയുള്‍പ്പെടെ നാലുപേരാണ് മരിച്ചത്. മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ് കദം എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വിമാനത്തിലുണ്ടായിരുന്ന നാലുപേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. മരിക്കുമ്പോള്‍ സൗന്ദര്യ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി ബിജെപി വാടകയ്ക്കെടുത്ത ഒരു സ്വകാര്യ ചെറുവിമാനത്തിലായിരുന്നു യാത്ര. വിമാനം പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു. സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് അടക്കം മറ്റു മൂന്ന് പേരും കൊല്ലപ്പെട്ടു. Readmore: സൗന്ദര്യ
റാണി ചന്ദ്ര
തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണി ചന്ദ്ര കരിയറില്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പോഴാണ് വിമാനദുരന്തത്തില്‍ കൊല്ലപ്പെടുന്നത്. 1976 ഒക്ടോബര്‍ 12 ന് വെറും 27 വയസുള്ളപ്പോഴായിരുന്നു മരണം. ഇന്ത്യന്‍ എയര്‍ലൈസ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
മുംബൈ സാന്റ ക്രൂസ് വിമാനത്താവളത്തിന് സമീപത്തുവെച്ചുതന്നെ വിമാനത്തിന് തീപിടിക്കുകയും വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. റാണി ചന്ദ്രയുടെ അമ്മയും സഹോദരിമാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു. കൂടാതെ റാണിയുടെ പക്കമേളക്കാരും ഡാന്‍സ് ട്രൂപ്പ് അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ഇവരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ആ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.
ബിപിന്‍ റാവത്ത്
രാജ്യം മരവിച്ച ആകാശദുരന്തമായിരുന്നു സംയുക്ത സൈനികമേധാവിയായിരുന്ന ബിപിന്‍ റാവത്തിന്റെത്. 2021 ഡിസംബര്‍ എട്ടിന് ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബിപിന്‍ റാത്തും ഭാര്യ മധുലികയും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുന്നത്. തമിഴ്‌നാട്ടിലെ കൂനുരിലെ മലനിരകള്‍ക്ക് മുകളില്‍വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
11 പേരാണ് അന്ന് അപകടത്തില്‍ മരിച്ചത്. എയര്‍ക്രൂവിന് സംഭവിച്ച പിഴവാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. Readmore: ബിപിന്‍ റാവത്ത്
മാധവ് റാവു സിന്ധ്യ
കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയില്‍ അംഗമായിട്ടുണ്ട്. 2001-ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഭോഗാവ് തഹസില്‍ മോട്ട ഗ്രാമത്തിനടുത്തുള്ള വയലിലേക്ക് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
നാല് മാധ്യമപ്രവര്‍ത്തകരും സിന്ധ്യയുമടക്കം എട്ടുപേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. പത്ത് സീറ്റുകളുള്ള ഇവര്‍ സഞ്ചരിച്ച വിമാനം കനത്ത മഴമൂലം മോശം കാലവസ്ഥയെ തുടര്‍ന്ന് നെല്‍വയലില്‍ തകര്‍ന്നുവീഴുകയായിരിന്നു.
ജി.എം.സി. ബാലയോഗി
ലോക്സഭാ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാര്‍ച്ച് മൂന്നിന് ആന്ധപ്രദേശില്‍ വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നാണ് മരിച്ചത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് നിന്ന് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റര്‍ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ലോക്സഭാ സ്പീക്കറായിരിക്കെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എസ് രാജുവും ഹെലികോപ്റ്ററിന്റെ പൈലറ്റും അപകടത്തില്‍ മരിച്ചു.
ദോര്‍ജി ഖണ്ഡു
കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി.
അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ 2011 മേയ് 4-ന് അരുണാചല്‍പ്രദേശ് -ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിലെ അരുണാചല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്.
ഡോ. ഹോമി ജെ ഭാഭ
ഇന്ത്യന്‍ ആണവ പദ്ധതികളുടെ പിതാവ് ഹോമി ജെ ഭാഭയെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നതും ഒരു ആകാശ ദുരന്തത്തിലാണ്. 1966 ജനുവരി 24ന് ഉണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെടുന്നത്. ആല്‍പ് പര്‍വതനിരകള്‍ക്ക് സമീപം മോണ്ട് ബ്ലാങ്കില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന എയര്‍ ഇന്ത്യ 101 വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
കാഞ്ചന്‍ ജംഗ എന്ന് പേരിട്ടിരുന് ബോയിങ് 707 വിമാനം മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 117 യാത്രക്കാരും കൊല്ലപ്പെട്ടു. ഈ അപകടത്തില്‍ ദുരുഹത സംശയിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. Readmore: ഡോ. ഹോമി ജെ ഭാഭ
തരുണി സച്ച്‌ദേവ്
വെള്ളിനക്ഷത്രമെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ബാലതാരമായ തരുണി സച്ച്‌ദേവയുടെ ജീവന്‍ പൊലിഞ്ഞതും ഒരു വിമാനാപകടത്തിലാണ്. 2012ല്‍ നേപ്പാളിലെ ജോസം വിമാനത്താവളത്തിന് സമീപം അഗ്‌നി എയറിന്റെ ഡോര്‍ണിയര്‍ 228 വിമാനം തകര്‍ന്നുവീഴുകയായിരുന്നു. താരുണിയുടെ പിറന്നാള്‍ ദിവസമായിരുന്നു അപകടം. അപകടത്തില്‍ അമ്മയും മരിച്ചു.
Content Highlights: India's famous personalities who lost their lives to air tragedies