അമിതാഭ് ബച്ചന് വീടിന്റെ പുറത്തിറങ്ങാൻ ബുള്ളറ്റ്പ്രൂഫ്, സ്ഥിതി ആശങ്കാജനകം; പ്രധാനമന്ത്രിക്ക് കത്തയച്ച് AICWA

#മൂവി ഡെസ്ക്
ടൈ​ഗർ ഷ്റോഫ്, അമിതാഭ് ബച്ചൻ | ഫോട്ടോ: AFP, Screengrab
ടൈ​ഗർ ഷ്റോഫ്, അമിതാഭ് ബച്ചൻ | ഫോട്ടോ: AFP, Screengrab

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇൻഡ്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചലച്ചിത്ര പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ, വെടിവെപ്പുകൾ, ഭീഷണിപ്പെടുത്തി പണംതട്ടൽ ശ്രമങ്ങൾ എന്നിവയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാം ലാൽ ഗുപ്തയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

സിനിമാ മേഖലയിലെ പ്രമുഖരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ക്രൈം നെറ്റ്‌വർക്കുകളെക്കുറിച്ചും ക്രിമിനൽ സംഘങ്ങളെക്കുറിച്ചും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അടിയന്തര അന്വേഷണം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ബോളിവുഡിലെ മുതിർന്ന താരം അമിതാഭ് ബച്ചന് തന്റെ വീടിന് മുന്നിൽ ആരാധകരെ കാണാൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷ ഒരുക്കേണ്ടി വന്ന കാഴ്ചയാണ് ചലച്ചിത്ര ലോകത്തെ വൻതോതിൽ ഞെട്ടിച്ചതെന്ന് കത്തിൽ എടുത്തുപറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മുംബൈയിലെ 'ജൽസ' എന്ന തന്റെ വസതിക്ക് മുന്നിൽ ഞായറാഴ്ചകളിൽ ആരാധകരെ നേരിട്ട് കാണുന്ന രീതി 84-ാം വയസ്സിലും അമിതാഭ് ബച്ചൻ തുടരുന്നുണ്ട്. എന്നാൽ, നവംബർ 1-ന് നടന്ന കൂടിക്കാഴ്ചയിൽ അമിതാഭ് ബച്ചൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിലാണ് പ്രത്യക്ഷപ്പെട്ടത്. നിഴൽപോലെ സംരക്ഷണമൊരുക്കി മകൻ അഭിഷേക് ബച്ചനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സ്വന്തം നഗരത്തിൽ ഇത്തരമൊരു സംരക്ഷണകവചത്തിന് പിന്നിൽ നിൽക്കേണ്ടിവന്നത് ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെതന്നെ ആശങ്കാജനകമായ സംഭവമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

"ആളുകൾ ബുള്ളറ്റ് പ്രൂഫ് കാറുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. തങ്ങളെ സ്നേഹിക്കുന്ന ആളുകളെ കാണാൻ വേണ്ടിമാത്രം ഒരു സൂപ്പർതാരം തന്റെ വീടിന് പുറത്ത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നിൽ നിൽക്കുന്നത് അവർ മുമ്പ് കണ്ടിട്ടില്ല. ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഓർമ്മിക്കപ്പെടും, മുഴുവൻ വ്യവസായവും ഇതിലൂടെ ഞെട്ടിപ്പോയി." കത്തിൽ കൂട്ടിച്ചേർത്തു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ബോളിവുഡിനെ ആകമാനം ബാധിച്ചിരിക്കുന്ന സുരക്ഷാ ഭീഷണിയുടെ തുടർച്ചയാണെന്നും AICWA വ്യക്തമാക്കി. ബാന്ദ്രയിൽ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവം, നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പ്, നടൻ സെയ്ഫ് അലി ഖാന് സ്വന്തം വീട്ടിൽ കുത്തേറ്റ സംഭവം, സംവിധായകൻ രോഹിത് ഷെട്ടിയുടെ ജൂഹുവിലെ വസതിക്ക് മുന്നിലുണ്ടായ വെടിവെപ്പ് എന്നിവ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കാനഡയിൽ ഹാസ്യനടൻ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളും ബോളിവുഡുമായി ബന്ധപ്പെട്ട വ്യക്തികൾ അഭിമുഖീകരിക്കുന്ന വലിയ ഭീഷണികളുടെ തെളിവായി അസോസിയേഷൻ വിവരിക്കുന്നുണ്ട്.

Also Read: ‘ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ, കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം’; പ്രതികളുടെ മൊഴി

മുംബൈയിലെ അതീവ സുരക്ഷാ മേഖലയായ ജൂഹുവിൽവെച്ച് യുവനടൻ ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പ് സംഭവവും അസോസിയേഷൻ പ്രത്യേകമായി പരാമർശിച്ചു. ജനനിബിഡമായ സ്ഥലത്തുവെച്ചുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് വെടിയേൽക്കുകയുണ്ടായി. ആരുമായും വ്യക്തിപരമായ ശത്രുതയോ തർക്കങ്ങളോ ഇല്ലാത്ത ടൈഗർ ഷ്രോഫിനെപ്പോലൊരു താരത്തെ ലക്ഷ്യമിട്ടത് പൊതുജനങ്ങളിൽ ഭീതി പരത്താൻ മാത്രമാണെന്ന് അസോസിയേഷൻ ആരോപിച്ചു. പ്രമുഖ മേഖലകളിൽപോലും സിനിമാ താരങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്ന് AICWA കത്തിൽ ചൂണ്ടിക്കാട്ടി.

ബോളിവുഡ് താരങ്ങളെ ലക്ഷ്യമിടുന്ന ആക്രമണങ്ങൾക്ക് പിന്നിൽ പ്രധാനമായും ക്രിമിനൽ സംഘങ്ങളുടെ പണം തട്ടാനുള്ള (extortion) ശ്രമങ്ങളാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. ബോളിവുഡ് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തവും എളുപ്പത്തിൽ ലക്ഷ്യമിടാൻ കഴിയുന്നതുമായ മേഖലയാണെന്ന് ക്രിമിനലുകൾ മനസ്സിലാക്കിയിരിക്കുന്നു. വൻകിട സിനിമാ പ്രമുഖരെ ആക്രമിക്കുന്നതിലൂടെ വാർത്തകളിൽ നിറയാനും അതിലൂടെ വൻതുക ഭീഷണിപ്പെടുത്തി തട്ടാനുമാണ് ഇവർ ശ്രമിക്കുന്നത്. നടൻ തുഷാർ കപൂറിൽനിന്ന് 5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവവും ഇതിന് ഉദാഹരണമായി അസോസിയേഷൻ കത്തിൽ പരാമർശിക്കുന്നുണ്ട്.

മുംബൈയിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും അധോലോക ഭീതി നഗരത്തിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണെന്നും അസോസിയേഷൻ കത്തിൽ കുറ്റപ്പെടുത്തുന്നു. നഗരമധ്യത്തിൽ ടൈഗർ ഷ്രോഫിനെപ്പോലുള്ള പ്രമുഖർക്ക് സുരക്ഷയില്ലെങ്കിൽ സാധാരണക്കാരായ മുംബൈ നിവാസികൾക്ക് എങ്ങനെ സുരക്ഷിതത്വം തോന്നുമെന്നും AICWA ചോദിക്കുന്നു. ഭയം കാരണം സൽമാൻ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ തങ്ങളുടെ വീടുകളിലും വാഹനങ്ങളിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും അതിസുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. താരങ്ങൾ തങ്ങളുടെ വീടുകളെ കോട്ടകളാക്കി മാറ്റേണ്ടി വരുന്നത് ഭീതി എത്രത്തോളം ആഴത്തിൽ പടർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.

വെറും വാക്കുകൾ കൊണ്ട് വാഗ്ദാനം നൽകുന്നതിന് പകരം ബോളിവുഡ് സിനിമാ മേഖലയ്ക്ക് യഥാർത്ഥവും ദൃശ്യവുമായ സുരക്ഷാ സംരക്ഷണം നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി ഇടപെടണമെന്നും ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര പ്രതിരോധ സുരക്ഷ ഉറപ്പാക്കണമെന്നും AICWA അഭ്യർത്ഥിച്ചു. കൂടാതെ സംസ്ഥാന അതിർത്തികൾക്കും രാജ്യത്തിനും പുറത്തുള്ള ശൃംഖലകൾ, സാമ്പത്തിക സ്രോതസ്സുകൾ, സഹായികൾ എന്നിവരെ കേന്ദ്രീകരിച്ച് എൻഐഎ പോലുള്ള ഏജൻസികൾ മുഖേന സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും അസോസിയേഷൻ കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Content Highlights: The All Indian Cine Workers Association (AICWA) has urgently appealed to Prime Minister Narendra Modi to ensure the safety of prominent Indian film industry figures and their families.