'എനിക്ക് അപകടം പറ്റിയശേഷം അവളുടെ മനസ്സും ശരീരവും മറ്റൊരാളുടേതായി, കാണേണ്ടി വരുന്ന ഞാനെന്തു ചെയ്യും'

യാദൃച്ഛികമായാണ് നാഗര്‍കോവില്‍ സ്വദേശി എസ്.എസ്. നടരാജനെ മദിരാശി റെയില്‍വേ സ്‌റ്റേഷനില്‍ ത്യാഗരാജന്‍ പരിചയപ്പെടുന്നത്. ത്യാഗരാജനു മുന്നേ സിനിമയില്‍ രംഗപ്രവേശം ചെയ്ത നടരാജന്‍ മികച്ച ഫൈറ്ററും ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുമായിരുന്നു. അക്കാലത്ത് സ്റ്റണ്ട്മാസ്റ്റര്‍ ശ്യാംസുന്ദറിന്റെ കൂടെയായിരുന്നു നടരാജന്‍. എം.ജി.ആറിന്റെ നിരവധി സിനിമകള്‍ക്ക് ഫൈറ്റ് മാസ്റ്ററായിരുന്ന ശ്യാംസുന്ദറിന്റെ അസിസ്റ്റന്റ് എന്ന നിലയില്‍ ഏറെ അഭിമാനിച്ചിരുന്നു നടരാജന്‍. അതിസാഹസികമായ രംഗങ്ങള്‍ അസാമാന്യ വൈദഗ്ദ്ധ്യത്തോടെ പൂര്‍ത്തീകരിച്ച നടരാജന്‍ ബോളിവുഡിലെ താരങ്ങള്‍ക്കും പ്രിയങ്കരനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഒരുവിധത്തിലുള്ള ഈഗോയും നടരാജനുണ്ടായിരുന്നില്ല. ജോലിയില്‍ മാത്രമായിരുന്നു എപ്പോഴും ശ്രദ്ധ. വലിയ നടന്മാര്‍ക്കുവേണ്ടി ഡ്യൂപ്പാകേണ്ടിവന്ന അതിസാഹസിക രംഗങ്ങളില്‍ പലപ്പോഴും ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ജോലിയോട് വെറുപ്പു തോന്നാന്‍ നടരാജന് ഒരു കാരണമായില്ല. നന്നായി പഠിച്ച് നല്ല മാര്‍ക്കോടെ പരീക്ഷ പാസാകുന്ന വിദ്യാര്‍ഥിയുടെ ആവേശമായിരുന്നു അയാളില്‍ എപ്പോഴുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അപകടംനിറഞ്ഞ രംഗങ്ങള്‍ എപ്പോഴും നടരാജനെ തേടിവന്നു. ഇതിനിടയില്‍ ചെറിയവേഷങ്ങളിലും നടരാജന്‍ സ്‌ക്രീനില്‍ നിറഞ്ഞു.
ചിത്തരഞ്ജന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്നാട്-ആന്ധ്ര അതിര്‍ത്തിയില്‍ നടക്കുകയാണ്. ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വില്ലനായ പ്രേം ചോപ്രയെ പോലീസ് പിന്തുടരുന്ന പ്രധാനപ്പെട്ട രംഗം റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നാണ് ചിത്രീകരിച്ചത്. ചോപ്ര ജീപ്പുമായി വരുന്ന സമയത്താണ് ട്രെയിന്‍ കടന്നുപോകേണ്ടത്. അതിനു മുമ്പ് ഗേറ്റ് അടയ്ക്കണം. ഗേറ്റ്മാനായി ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് നടരാജനാണ് അഭിനയിക്കുന്നത്. പ്രേം ചോപ്ര ജീപ്പുമായി ഗേറ്റിനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ വന്നുനില്‍ക്കണം. അപ്പോഴേക്കും ഗേറ്റടയ്ക്കും. പോലീസ് ചോപ്രയെ പിടികൂടുകയും ചെയ്യും. നൂറുകണക്കിനാളുകളാണ് ഷൂട്ടിങ് കാണാന്‍ തടിച്ചുകൂടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ വില്ലന്‍ ജീപ്പുമായി പാഞ്ഞുവന്നു. നടരാജന്‍ ഗേറ്റടയ്ക്കാന്‍ മുന്നോട്ടു കുതിച്ചു. സെക്കന്‍ഡുകളാണ് വൈകിപ്പോയത്. സംവിധായകന്‍ 'കട്ട്' പറയുമ്പോഴേക്കും ചോപ്ര പെട്ടെന്ന് ബ്രേക്കിട്ടതിന്റെ ശക്തിയില്‍ ജീപ്പ് ഗേറ്റില്‍ത്തട്ടി നടരാജന്‍ ട്രാക്കിലേക്ക് തെറിച്ചുവീണു. 'അയ്യോ...' എന്ന ആര്‍ത്തനാദം മാത്രം കേട്ടു. ആ നിലവിളിക്കു മുകളിലൂടെ നിമിഷങ്ങള്‍ക്കിടയില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ട്രെയിന്‍ കുതിച്ചു. എല്ലാവരും നോക്കിനില്‍ക്കെ നടരാജന്റെ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. ട്രെയിനിന്റെ അവസാനത്തെ ബോഗിയും കടന്നുപോയപ്പോള്‍ ട്രാക്കിനടുത്തേക്ക് സെറ്റിലുണ്ടായിരുന്ന എല്ലാവരും ഓടിച്ചെന്നു. രക്തപങ്കിലമായ ആ കാഴ്ച കണ്ട് അവര്‍ ഒന്ന് പകച്ചു. നാലഞ്ചുപേര്‍ തലകറങ്ങി വീണു. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാനായില്ല. പാഞ്ഞുപോയ തീവണ്ടിയുടെ കരിപടര്‍ന്ന അന്തരീക്ഷത്തില്‍ കൂട്ടക്കരച്ചിലുകള്‍ പ്രതിദ്ധ്വനിച്ചു നിന്നു. നടരാജന്റെ കൈയും കാലും തലയും ഉടലുമൊക്കെ ട്രാക്കിന്റെ പലഭാഗങ്ങളിലായിരുന്നു. ഇതൊന്നും കാണാനാവാതെ ഷൂട്ടിങ് കണ്ടുനിന്ന മിക്കവരും ഓടിപ്പോയി. റെയില്‍വേ അധികൃതര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു.
ചിത്തരഞ്ജന്റെ ചിത്രീകരണം നടക്കുന്നതിനു തൊട്ടടുത്തായിരുന്നു എം.ജി.ആറിന്റെ കുടിയിരുന്ത കോയിലിന്റെ ചിത്രീകരണവും നടന്നത്. എം.ജി. ആറിന്റെ സ്റ്റണ്ടുകാരില്‍ ത്യാഗരാജനുമുണ്ട്. അപകടവിവരം അറിഞ്ഞ ഉടനെ അദ്ദേഹവും സംഘവും പുറപ്പെട്ടു. നടരാജനാണ് മരണപ്പെട്ടതെന്ന് അവിടെയെത്തുമ്പോള്‍ മാത്രമാണ് അറിയുന്നത്. അപ്പോഴേക്കും പോലീസെത്തിയിരുന്നു. വേനല്‍വെയിലില്‍ ചുട്ടുപൊള്ളിയ ട്രാക്കില്‍നിന്നും നടരാജന്റെ ശരീരാവയവങ്ങള്‍ പെറുക്കിയെടുക്കാന്‍ ത്യാഗരാജനെയാണ് പോലീസ് സഹായത്തിനു വിളിച്ചത്. മനസ്സ് മരവിച്ചുപോയ നിമിഷങ്ങള്‍. ചൂടേറ്റു തിളച്ച് ചോരയുടെ ഗന്ധംപോലും മാറിപ്പോയിരുന്നു. വിവരമറിഞ്ഞയുടന്‍ എം.ജി.ആര്‍. സ്ഥലത്തെത്തി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പലരെയും അപ്പോഴേക്കും അറസ്റ്റ് ചെയ്തിരുന്നു. ശരീരം എട്ട് കഷണങ്ങളായിരുന്നു. എല്ലാം പ്ലാസ്റ്റിക് ചാക്കിലാക്കി പോസ്റ്റുമോര്‍ട്ടത്തിന് ജനറല്‍ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി.
Content Highlights: stuntmen Madras film industry Natarajan Ramakrishnan tragedy accidents film industry Tamil cinema