'ഭീകരമാണ് എന്റെ മുഖം, ഇത് സിനിമ തന്നതാണ്, ഭാര്യയും മക്കളുംവരെ പേടിക്കുന്നു'

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണമായ ഇരുപത്തിയൊന്നു മാസങ്ങളായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. ആക്ഷന്‍ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ അടിയന്തരാവസ്ഥ അടിമുടി ഉലച്ചുകളഞ്ഞു. ഭരണകൂടത്തോടു മാത്രമല്ല അതുവരെ അന്നം തന്നിരുന്ന സിനിമയോടുപോലും വെറുത്തുപോയ ഒരുപാട് മനുഷ്യര്‍ അക്കാലത്ത് മദിരാശിയിലുണ്ടായിരുന്നു. യുക്തിശൂന്യമായ നിയമങ്ങളുടെ ഫലമായി ജീവിക്കാന്‍ ഗതിയില്ലാതെ പട്ടിണികിടന്ന് ആത്മഹത്യചെയ്യേണ്ടിവന്ന എത്രയോപേരെ ആ കാലത്തിന്റെ ഓര്‍മകളില്‍ കണ്ടെത്താം. സ്റ്റണ്ട്, വാഹനങ്ങളുടെ ചെയ്സിങ്, കാതടപ്പിക്കുന്ന ശബ്ദം, മൃഗങ്ങള്‍ ഇതൊന്നും സിനിമയില്‍ പാടില്ലെന്ന് അടിയന്തരാവസ്ഥയുടെ ഭാഗമായി വന്ന നിയമങ്ങളിലുണ്ടായിരുന്നു.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ 'ഇനി നല്ല സിനിമയുടെ കാലം' എന്ന തലക്കെട്ടോടെ പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദര്‍ തമിഴിലെ പ്രമുഖ പത്രത്തില്‍ ഒരു ലേഖനം എഴുതി. ആക്ഷന്‍ സിനിമകളുടെ ശില്‍പ്പികളെയെല്ലാം അടിമുടി പുച്ഛിച്ചുകൊണ്ടുള്ള ആ ലേഖനം വായിച്ച് ആരും പ്രതികരിച്ചതായി കണ്ടില്ല. അപ്പോഴാണ് ത്യാഗരാജന്‍ ശക്തമായ പ്രതികരണവുമായി ബാലചന്ദറിനു നേരെ ആഞ്ഞടിച്ചത്. ഇന്ത്യയിലെ വലിയൊരു പ്രേക്ഷകസമൂഹം ആക്ഷന്‍ സിനിമകള്‍ കാണാനാഗ്രഹിക്കുന്നവരാണ്. തെരുവില്‍ ജോലിചെയ്യുന്നവര്‍ മുതല്‍ അക്കാദമിക് തലത്തിലെ പണ്ഡിതന്മാര്‍ വരെ കുടുംബസമേതമാണ് ആക്ഷന്‍ സിനിമകള്‍ കാണുന്നത്. സാഹസികത നിറഞ്ഞ സംഘട്ടനരംഗങ്ങളൊക്കെ അവരെ വലിയരീതിയില്‍ തസ്രിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമൊക്കെ ആക്ഷന് വലിയ പ്രാധാന്യംതന്നെ നല്‍കിയിട്ടുണ്ട്. മഹാഭാരതയുദ്ധംതന്നെ നല്ലൊരുദാഹരണമാണ്. രാമായണത്തിലെയും മഹാഭാരതത്തിലെയും സംഘട്ടനമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ ഏതെങ്കിലും വായനക്കാരന്റെ മാനസികനില തകരാറിലായതായി ബാലചന്ദറിന് പറയാമോ? ത്യാഗരാജന്റെ പല ചോദ്യങ്ങള്‍ക്കും ആക്ഷന്‍ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും മറുപടി നല്‍കാന്‍ ബാലചന്ദറിനായില്ല. ത്യാഗരാജന്‍ ഒരുകാര്യം കൂടി ബാലചന്ദറിനോടു ചോദിക്കുന്നുണ്ട്: 'ഭാര്യയുമൊത്ത് രാത്രി സെക്കന്‍ഡ് ഷോ കണ്ട് തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയെ ഏതെങ്കിലുമൊരുത്തന്‍ കയറിപ്പിടിച്ചാല്‍ ബാലചന്ദര്‍ നോക്കിനില്‍ക്കുകയാണോ ചെയ്യുക? ഒരുപക്ഷേ, സ്റ്റണ്ട് സിനിമകള്‍ ഇല്ലാതായാല്‍ നല്ല സിനിമ ഉണ്ടാവുമെന്ന് വിശ്വസിക്കുന്ന അദ്ദേഹം ഇത്രയുംകൂടി മനസ്സിലാക്കണം. സ്വന്തം ഭാര്യയെ ആരെങ്കിലും പീഡിപ്പിച്ചാല്‍ അത് കണ്ടുനില്‍ക്കാനാവാതെ വീട്ടിലേക്ക് ഓടിപ്പോയി വെള്ളം ചൂടാക്കി ഭാര്യ വരുന്നതുവരെ കാത്തിരുന്ന് ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് അവള്‍ വീട്ടിലേക്കു കയറിവന്നാല്‍ ചൂടുവെള്ളമുണ്ടാക്കി വെച്ചിട്ടുണ്ട് കുളിച്ചുവരൂ എന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരിക്കും ബാലചന്ദര്‍ ചെയ്യുക. എന്നാല്‍ നിങ്ങള്‍ പുച്ഛിക്കുന്ന, സ്റ്റണ്ട് ഉപജീവനമാക്കിയ എന്നെപ്പോലുള്ള ആളുകള്‍ അമ്മയുടെയോ ഭാര്യയുടെയോ സഹോദരിമാരുടെയോ നേരെ ആരെങ്കിലും മോശമായ പ്രവൃത്തി ചെയ്തുവെന്നറിഞ്ഞാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയല്ല ചെയ്യുക. അങ്ങനെയൊരു മോഹം വീണ്ടും ആവര്‍ത്തിക്കാന്‍ അതു ചെയ്തവനെ ബാക്കിവെച്ചേക്കില്ല. ഇതുതന്നെയാണ് ഞങ്ങള്‍ സിനിമയില്‍ ചെയ്യുന്നത്. അതു കാണാന്‍ ലക്ഷക്കണക്കിനാളുകള്‍ പ്രേക്ഷകരായി ഞങ്ങളുടെ മുന്നിലുള്ളപ്പോള്‍ ഇനിയും ആക്ഷന്‍ സിനിമകള്‍ ഇവിടെ ഉണ്ടാവുകതന്നെ ചെയ്യും.' ത്യാഗരാജന്റെ രൂക്ഷവിമര്‍ശനം സിനിമാലോകത്ത് പരക്കെ ചര്‍ച്ചചെയ്യപ്പെട്ടു. ബുദ്ധിജീവിസിനിമകളെടുത്തവരെല്ലാം ബാലചന്ദറിനൊപ്പമായിരുന്നു. പക്ഷേ, മുഖ്യധാരാസിനിമയുടെ ഭാഗമായവരെല്ലാം ത്യാഗരാജന്റെ അഭിപ്രായത്തെ ശരിവെച്ചു.
Content Highlights: Emergency India stuntmen film industry K. Balachander Thyagarajan Seetharaman struggle tamil movie