മീരയുടെ വിവാഹാഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല; ലണ്ടനില്‍ ശ്രീജുവിന്റെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്

കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു മീരയുടെ കഴുത്തില്‍ താലി ചാര്‍ത്തി. സംഗീത് നൈറ്റും മെഹന്ദിയും ഹല്‍ദിയുമായി മീര നന്ദന്‍ വിവാഹം ആഘോഷമാക്കിയിരുന്നു. വിഹാത്തിനുശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം വീണ്ടും ഒരു റിസപ്ഷന്‍ ഒരുക്കിയിരിക്കുകയാണ് മീരയും ശ്രീജുവും. ശ്രീജുവിന്റെ ലണ്ടനിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുംവേണ്ടിയായിരുന്നു ഈ വിരുന്ന്. മീരയുടെ അടുത്ത സുഹൃത്തുക്കളായ നടി ആന്‍ അഗസ്റ്റിനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസും റിസപ്ഷനില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയിരുന്നു.
ഈ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'വിവാഹത്തിന്റെ അവസാന ആഘോഷം-ലണ്ടന്‍ റിസപ്ഷന്‍' എന്ന ക്യാപ്ഷനോടെയാണ് മീര പോസ്റ്റ് പങ്കുവെച്ചത്. ശ്രീജുവിനെ തോളിലേറ്റി സുഹൃത്തുക്കള്‍ വരുന്നതും മീര ഡാന്‍സ് ചെയ്യുന്നതുമെല്ലാം പോസ്റ്റിലുണ്ട്.
കറുപ്പ് ഗൗണായിരുന്നു മീരയുടെ ഔട്ട്ഫിറ്റ്. കറുപ്പ് സ്യൂട്ട് ആണ് ശ്രീജു ധരിച്ചത്. റിസപ്ഷന് രണ്ട് ദിവസം മുമ്പെ മീര ദുബായില്‍ നിന്ന് ലണ്ടനിലെത്തിയിരുന്നു. മാസങ്ങള്‍ക്കുശേഷം ശ്രീജുവിനെ കാണുന്നതിന്റെ സന്തോഷവും മീര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പങ്കുവെച്ചിരുന്നു.
Content Highlights: meera nandan and sreeju wedding reception london