ഒരുമിച്ച് താമസിക്കാത്ത ദമ്പതികൾക്കിടയിൽ ലൈംഗിക താൽപര്യം കൂടുതൽ; എന്താണ് 'ലിവിങ് അപാർട്ട് ടുഗെദർ'

പ്രണയിക്കുന്നവർ ഒരുമിച്ച് കഴിയുമ്പോഴാണ് ബന്ധം കൂടുതൽ ദൃഢമാകുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരേ വീട്ടിൽ താമസിക്കാതെ, മാറി കഴിയുന്ന ദമ്പതികൾക്കിടയിൽ ലൈംഗിക താൽപര്യം കൂടുതലാണെന്ന് പുതിയ സർവേ. പങ്കാളിയെ ഇടയ്ക്കിടെ കാണുന്നതും ഒരുമിച്ചുള്ള ജീവിതത്തിലെ പതിവുകളിൽനിന്നുള്ള ഇടവേളയും പ്രണയബന്ധത്തിലെ ആവേശം നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പങ്കാളിയെ കാണാനുള്ള ആഗ്രഹവും ഒരുമിച്ചുള്ള നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പും ലൈംഗിക താൽപര്യം വർധിപ്പിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. ലവ്ഹണി 2,500 അമേരിക്കക്കാരിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുകൾ.
തങ്ങളുടെ നിലവിലെജീവിതത്തിൽ പൂർണമായും സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത് വെറും 30 ശതമാനം പേർ മാത്രമാണ്. അതേസമയം, ഒരുമിച്ച് താമസിക്കാത്ത ഗൗരവമുള്ള പ്രണയബന്ധത്തിലുള്ളവർക്കാണ് ലൈംഗിക താൽപര്യം ഏറ്റവും കൂടുതലെന്ന് കണ്ടെത്തി. ലൈംഗിക താൽപര്യം 10-ൽ എത്രയെന്ന സ്വയം വിലയിരുത്തലിൽ ഇവർക്ക് ശരാശരി 6.58 പോയിന്റാണ് ലഭിച്ചത്.
Also read :വിവാഹം തീരുമാനിച്ചയാൾക്ക് മറ്റൊരാളുമായി ബന്ധം; 13 വർഷമായി വേറെ പ്രണയമുണ്ടായില്ല-അൻഷ സയ്ദ്
ഒരുമിച്ച് താമസിക്കാതെ പ്രണയബന്ധം തുടരുന്ന ഈ രീതിക്ക് റിലേഷൻഷിപ്പ് പഠനങ്ങളിൽ 'ലിവിങ് അപാർട്ട് ടുഗെദർ' (Living Apart Together - LAT) എന്നാണ് പറയുന്നത്. പരസ്പരം പ്രണയിക്കുകയും ഏകപങ്കാളിത്ത ബന്ധത്തിൽ തുടരുകയും ചെയ്യുന്ന ദമ്പതികൾ സ്വന്തം വീടുകളിൽ സ്വതന്ത്രമായി കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. പങ്കാളിയോടുള്ള അടുപ്പം നിലനിർത്തുന്നതിനൊപ്പം വ്യക്തിപരമായ ഇടവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഈ രീതി സഹായിക്കുന്നു എന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. ദിവസവും ഒരുമിച്ച് കഴിയുമ്പോൾ ഉണ്ടാകാവുന്ന ഒരേപോലെയുള്ള ദിനചര്യയും വിരസതയും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം. സോഷ്യൽ സൈക്കോളജിസ്റ്റായ ഡോ. സമാന്ത ജോയൽ പറയുന്നത് ഈ രീതിയിലുള്ള ദമ്പതികൾക്ക് കൂടുതൽ ആവേശവും ആവർത്തനവിരസത ഇല്ലെന്നുമുള്ള ഗുണവുമുണ്ടെന്നാണ്.
പങ്കാളിയെ മിസ് ചെയ്യുന്നതും പ്രണയത്തിലെ ആവേശം കൂട്ടുമോ? സാമൂഹികമാധ്യമങ്ങളിലെ ചർച്ചകളിൽ സ്വന്തം വീടുകളിൽ കഴിയുന്നത് പ്രണയബന്ധം ദീർഘകാലം നിലനിർത്താനുള്ള രഹസ്യമാണെന്ന് ചിലർ പങ്കുവെക്കുന്നു.
ക്രിയേറ്ററായ ലോറൻ എലീസും ഭർത്താവും വേറിട്ട വീടുകളിലാണ് താമസിക്കുന്നത്. പരസ്പരം ആഴത്തിൽ പ്രണയിക്കുന്നവരും ഏകപങ്കാളിത്ത ബന്ധത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരുമായ ദമ്പതികൾക്ക് വ്യക്തിപരമായ ഇടം നൽകുന്ന രീതിയാണിതെന്ന് അവർ പറയുന്നു. സ്വന്തം ജീവിതത്തിൽ ഈ തീരുമാനം വ്യക്തിഗത വളർച്ചയ്ക്കും ദാമ്പത്യബന്ധം കൂടുതൽ ശക്തമാകാനും സഹായിച്ചെന്നാണ് ലോറന്റെ അനുഭവം. പങ്കാളിയെ ഇടയ്ക്കിടെ മിസ് ചെയ്യുന്നത് ബന്ധത്തിൽ പുതിയൊരു ആവേശം കൊണ്ടുവരുമെന്ന് ലോറൻ പറയുന്നു. എല്ലാ ദിവസവും ഒരുമിച്ച് കാണുന്നതിലൂടെ ഉണ്ടാകുന്ന ഒരേപോലെയുള്ള ദിനചര്യയുടെ വിരസത ഒഴിവാക്കാനും പരസ്പരം കാണാനുള്ള ആകാംക്ഷ നിലനിർത്താനും ഇതിലൂടെ കഴിയുമെന്നാണ് അവരുടെ അഭിപ്രായം.
വേറിട്ട വീടുകൾ; ഒരേ പ്രണയം: സെലിബ്രിറ്റികളും
സെലിബ്രിറ്റികളിലും ലിവിങ് അപാർട്ട് ടുഗെദർ രീതിക്ക് ഉദാഹരണങ്ങളുണ്ട്. നടൻ ബ്രയാൻ കോക്സും ഭാര്യ നിക്കോൾ അൻസാരി-കോക്സും ലണ്ടനിലെ പ്രിംറോസ് ഹില്ലിൽ പരസ്പരം ഒൻപത് മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്തിലാണ് താമസിക്കുന്നത്. ബ്രൂക്ലിനിലെയും ന്യൂയോർക്കിലെ അപ്സ്റ്റേറ്റ് മേഖലയിലെയും വീടുകളിൽ ഇവർക്ക് വേറിട്ട കിടപ്പുമുറികളുമുണ്ട്.ഒരുമിച്ച് കഴിയുമ്പോൾ പരസ്പരം ബന്ധിക്കപ്പെട്ടതുപോലെ തോന്നുമെന്നും അത് സർഗാത്മകമായ ബന്ധത്തിന് നല്ലതല്ലെന്നുമാണ് ബ്രയാൻ കോക്സ് നേരത്തെ 'ദ ടൈംസ് ഓഫ് ലണ്ടന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ടെലിവിഷൻ അവതാരക റോബിൻ റോബർട്സും ഭാര്യ ആംബർ ലെയ്നും വിവാഹിതരാകുന്നതിന് മുമ്പ് ഏകദേശം പത്തുവർഷത്തോളം വേറിട്ടാണ് താമസിച്ചിരുന്നത്. തങ്ങളുടെ ദാമ്പത്യം ദീർഘകാലം നിലനിൽക്കുന്നതിന് ഈ വ്യക്തിപരമായ ഇടം സഹായിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു.
ഒരുമിച്ച് താമസിക്കുന്നതാണോ അതോ വേറിട്ട വീടുകളിൽ കഴിയുന്നതാണോ പ്രണയബന്ധത്തിന് കൂടുതൽ നല്ലത് എന്നതിന് ഈ സർവേ അന്തിമ ഉത്തരം നൽകുന്നില്ല. എന്നാൽ വ്യക്തിപരമായ ഇടവും പങ്കാളിയെ മിസ് ചെയ്യാനുള്ള അവസരവും ചില ദമ്പതികൾക്ക് ബന്ധത്തിലെ ആവേശം നിലനിർത്താൻ സഹായിക്കാമെന്ന ചർച്ചയ്ക്ക് ഇത് വഴിയൊരുക്കുന്നു.
Content Highlights: A recent Lovehoney survey of 2,500 Americans reveals that couples living in separate homes have higher sexual desire., The Living Apart Together (LAT) lifestyle helps maintain excitement and prevents routine boredom., Personal space and missing each other contribute to stronger, long-lasting romantic connections., Several celebrities successfully practice the LAT relationship model.