ഏവരും അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു; മാനസികാരോഗ്യത്തിന് വര്‍ക്ക് ഫ്രം ഓഫീസ് ആണ് നല്ലത്- പഠനം

Representational Image | Photo : Canva.com
Representational Image | Photo : Canva.com

വീട്ടിലെ കംഫര്‍ട്ട് സോണിലിരുന്ന് ജോലി ചെയ്യാനാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? രാവിലെ തിരക്കിട്ടിറങ്ങി, ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഓടിക്കിതച്ച് ഓഫീസിലെത്തുന്നതിനേക്കാള്‍ നല്ലത് വര്‍ക്ക് ഫ്രം ഹോം സംവിധാനമാണെന്ന് തോന്നാറുണ്ടെങ്കില്‍ ആ വിചാരം ഒഴിവാക്കാം എന്നാണ് ഒരു പുതിയ പഠനം നിര്‍ദേശിക്കുന്നത്. വര്‍ക്ക് ഫ്രം ഓഫീസ് രീതി പ്രോത്സാഹിപ്പിക്കണമെന്നാണ് യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍ ലാബ്സ് എന്ന മാനസികഗവേഷണസ്ഥാപനം നടത്തിയ വര്‍ക്ക് കള്‍ച്ചര്‍ & മെന്റല്‍ വെല്‍ബീയിങ് എന്ന ആഗോളതലത്തിലുള്ള പഠനം ശുപാര്‍ശ ചെയ്യുന്നത്. 

ഓഫീസുകളിലെത്തി ജോലി ചെയ്യുന്ന വ്യക്തികളുടെ മാനസികാരോഗ്യം ഇന്ത്യയില്‍ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് പഠനഫലത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ സംഗതി. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് സംവിധാനങ്ങളേക്കാള്‍ ഓഫീസികളിലെത്തി പ്രവര്‍ത്തിക്കുന്നവരുടെ മാനസികാരോഗ്യനില മെച്ചപ്പെട്ടതാണെന്ന് പഠനം സൂചിപ്പിക്കുന്നു. അതോസമയം, അമേരിക്ക, യൂറോപ്പ് രാജ്യങ്ങളില്‍ മറിച്ചാണ് കാര്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഹൈബ്രിഡ് സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതാണെന്നും പഠനം പറയുന്നു. 

65 രാജ്യങ്ങളില്‍ നിന്നായി 54,831 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇതില്‍ 5,090 പേര്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്തു. മാനസികാരോഗ്യനില അളക്കുന്നതിനായി 47 വ്യത്യസ്തവിവരങ്ങളാണ് പഠനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ശേഖരിച്ചത്. മെന്റല്‍ ഹെല്‍ത്ത് ക്വാഷ്യന്റ് എന്ന ടൂളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. 

സഹപ്രവര്‍ത്തകരുമായുള്ള നല്ല മാനസികബന്ധം ജോലി കൃത്യമായി ചെയ്യുന്നതിലുള്ള ലക്ഷ്യബോധവും അഭിമാനബോധവും ജോലിക്കാരില്‍ ഉളവാക്കുമെന്ന് പഠനഫലം ഉയര്‍ത്തിക്കാട്ടുന്നു. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം നല്ല രീതിയിലല്ലെങ്കില്‍ അത് വിഷമം, ഊര്‍ജമില്ലായ്മ, ലക്ഷ്യബോധമില്ലായ്മ, താന്‍ ആവശ്യമില്ലാത്ത വ്യക്തിയാണെന്ന തോന്നല്‍ തുടങ്ങിയ വ്യക്തികളില്‍ സൃഷ്ടിക്കുകയും ഗുരുതര മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനഫലം സൂചിപ്പിക്കുന്നു. 

ജോലിഭാരം കൂടുതലാണെന്ന് ഇന്ത്യയില്‍ നിന്നുള്ള 13 ശതമാനം പേര്‍ പ്രതികരിച്ചു. എന്നാല്‍ ഇന്ത്യയിലെ ജോലിഭാരം ആഗോളശരാശരിയായ 16 ശതമാനത്തേക്കാള്‍ കുറവാണെന്നാണ് പഠനം നല്‍കുന്ന സൂചന. നമ്മുടെ മാനസികാരോഗ്യം വ്യക്തിബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്നും തങ്ങളെ മൂല്യമുള്ളവരായി കാണണമെന്നും അംഗീകരിക്കപ്പെടണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് സാപിയന്‍സ് ലാബ്‌സിന്റെ സ്ഥാപകയും മുഖ്യഗവേഷകയുമായ  താര ത്യാഗരാജന്‍ പറയുന്നു. 
 

Content Highlights: Work from office is better for your mental health, Study