അതിരുകൾ വെക്കണം, കുറ്റബോധമില്ലാതെ നോ പറയണം, അവനവന് പ്രാധാന്യം നൽകണം- നമിത താപ്പർ

#Health Desk
നമിത താപ്പർ
നമിത താപ്പർ

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം പങ്കുവെച്ച് സംരംഭകയായ നമിത താപ്പർ. ചില സാഹചര്യങ്ങളിൽ നോ പറയേണ്ടതിനേക്കുറിച്ചും അവനവന് പ്രാധാന്യം നൽകേണ്ടതിനേക്കുറിച്ചുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ നമിത പങ്കുവെച്ചിരിക്കുന്നത്.

എൺപത് ശതമാനം ഓട്ടോഇമ്മ്യൂൺ രോഗികളും സ്ത്രീകളാണെന്ന് നിങ്ങൾക്ക് അറിയാമോ എന്ന് വീഡിയോയിൽ നമിത ചോദിക്കുന്നു. അതിനുള്ള കാരണവും അവർ പങ്കുവെക്കുന്നുണ്ട്. ആളുകളെ സന്തോഷിപ്പിക്കണമെന്നും എല്ലാവരെയും കരുതലോടെ കാണണമെന്നും നോ എന്നുപറയുന്നത് മോശം കാര്യമാണെന്നും കുട്ടിക്കാലം മുതൽ പഠിച്ചുവെക്കുന്നതാണ് പ്രശ്നമെന്ന് നമിത പറയുന്നു. ഗവേഷകരും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. അവനവന്റെ ആവശ്യങ്ങൾ പ്രകടിപ്പിക്കാതെ അടച്ചുവെക്കുമ്പോൾ അവ ഉള്ളിലിരുന്ന് ക്രമേണ രോഗങ്ങളാകുമെന്നുമാണ് നമിത പറയുന്നത്.

അടക്കിവെക്കുന്ന വികാരങ്ങളും നെഗറ്റിവിറ്റിയും സമ്മർദവുമെല്ലാം കോർട്ടിസോൾ നില കൂട്ടുകയും ശരീരത്തിലെ വീക്കം കൂട്ടുകയും ചെയ്യും. ഇവ ക്രമേണ ഓരോ രോഗങ്ങളിലേക്ക് നയിക്കുമെന്നും നമിത പറയുന്നു. അവനവന് പ്രാധാന്യം നൽകുന്നത് മോശം കാര്യമല്ലെന്നും അവനവന്റെ കാര്യങ്ങളെയും കരുതലോടെ കാണണമെന്നും നമിത പറയുന്നു. അതിരുകൾ വെക്കുകയും തുറന്നുപറയുകയും കുറ്റബോധമില്ലാതെ നോ പറയാൻ പഠിക്കുകയും വേണം.

സ്ത്രീകളോട് അവനവന് പ്രാധാന്യം നൽകാൻ പഠിക്കണമെന്നും നോ എന്ന് ഇടയ്ക്കിടെ പറയാൻ പഠിക്കണമെന്നും നമിത പറയുന്നുണ്ട്. എപ്പോഴും സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്നതാണ് ഓട്ടോഇമ്മ്യൂൺ രോഗികളിൽ 80 ശതമാനവും സ്ത്രീകൾ ആകുന്നതിന് പിന്നിലെന്നും നമിത പറയുന്നുണ്ട്. എപ്പോഴും ആളുകളെ സന്തോഷിപ്പിക്കുകയും കരുതലോടെ കാണുകയും ചെയ്യുന്നത് നമ്മളെ രോഗികളാക്കും. മാറാൻ സമയമായി എന്നും പറഞ്ഞാണ് നമിത വീഡിയോ അവസാനിപ്പിക്കുന്നത്.

നേരത്തേ ഐവിഎഫ് ചികിത്സ രണ്ടുതവണ പരാജയപ്പെട്ടതിനേക്കുറിച്ചും നമിത പങ്കുവെച്ചിരുന്നു. ഐവിഎഫ് ചികിത്സ പരാജയപ്പെട്ടതിനേക്കുറിച്ചും വന്ധ്യത സംബന്ധിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാകേണ്ടതിനേക്കുറിച്ചുമാണ് നമിത തുറന്നുപറഞ്ഞത്. ശരീരത്തിൽ അയേണിന്റെ അംശം കുറയുന്നത് ഐവിഎഫ് ചികിത്സയെ ബാധിക്കുമെന്ന് നമിത പറയുന്നു. അയേൺ കുറയുന്നത് അണ്ഡത്തിന്റെയും ബീജത്തിന്റെയും അളവിനേയും ഗുണനിലവാരത്തേയും ബാധിക്കും. ഗർഭം അലസിപ്പോകാനുള്ള സാധ്യതയും സങ്കീർണതകൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഐവിഎഫിന് തൊട്ടുമുമ്പ് പ്രാഥമികമായി പ്രാഥമികമായി ചെയ്യേണ്ട ടെസ്റ്റുകളുടെ കാര്യത്തിൽ അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും നമിത പറഞ്ഞിരുന്നു.

Content Highlights: Why Saying "No" Is Essential for Your Health: Namita Thapar’s Advice