ആയുസ് വര്‍ധിപ്പിക്കാം, ഈ ഡയറ്റ് പരീക്ഷിച്ചുനോക്കൂവെന്ന് ഗവേഷകര്‍

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ആരോഗ്യത്തോടെയിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം വേണമെന്ന് നമുക്കറിയാം. എന്നാല്‍ ഏതാണ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന് ചോദിച്ചാല്‍ പലര്‍ക്കും വ്യത്യസ്തമായ ഉത്തരങ്ങളാണ് പറയാനുണ്ടാകുക. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും പരമ്പരാഗതമായി വിശ്വസിക്കുന്ന ഭക്ഷണ ശീലങ്ങളെയും ആരോഗ്യകരമെന്ന് കരുതാറുണ്ട്. എന്നാല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിച്ചിരിക്കാനും വാര്‍ധക്യത്തില്‍ അധികം രോഗങ്ങള്‍ ബാധിക്കാതിരിക്കാനും സഹായിക്കുന്ന ഭക്ഷണക്രമം ഏതെന്നുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍. 

ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജിവിക്കാനാകുമെന്നാണ് പുതിയ പഠനം. ഒരുലക്ഷത്തോളം ആളുകളില്‍ 30 വര്‍ഷം നടത്തിയ പഠനത്തിലാണ് വിശദവിവരങ്ങളുള്ളത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനം നേച്ചര്‍ മാഗസിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ പ്രചാരത്തിലുള്ളതില്‍ എട്ടുതരത്തിലുള്ള ഭക്ഷണക്രമമാണ് ഇവര്‍ പഠനവിധേയമാക്കിയത്. പച്ചക്കറികള്‍, ധാന്യങ്ങള്‍, അപൂരിത കൊഴുപ്പുകള്‍, നട്‌സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയാണ് ഈ ഡയറ്റുകളില്‍ എല്ലാം പ്രധാന ആഹാരമായി വരുന്നത്. ചിലതില്‍ കുറഞ്ഞ അളവില്‍ മത്സ്യ-മാംസ വിഭവങ്ങളും ചില പാലുത്പന്നങ്ങളും ഉള്‍പ്പെടും. 

ഇതിനൊപ്പം സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്നവരെയും പഠനത്തിലുള്‍പ്പെടുത്തിയിരുന്നു. കൃത്രിമ നിറങ്ങളും രൂചി വര്‍ധിപ്പിക്കാനുള്ള ഘടകങ്ങളും ഉള്‍പ്പെടുന്ന അധികമായി സംസ്‌കരിച്ച പഞ്ചസാരയും ഉപ്പും അനാരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ഇത്തരം ഭക്ഷണം കഴിക്കുന്നതും പഠന വിധേയമാക്കി.  ഇതില്‍ ഓള്‍ട്ടര്‍നേറ്റീവ് ഹെല്‍ത്തി ഈറ്റിങ് ഇന്‍ഡെക്‌സ് ( എ.എച്ച്.ഇ.ഐ.) പ്രകാരമുള്ള ഭക്ഷണക്രമം പിന്തുടരുന്നവരില്‍ 86 ശതമാനം ആളുകള്‍ക്കും 70 വയസുവരെ അധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് പഠനത്തില്‍ പറയുന്നു. ഈ ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് മാനസികാരോഗ്യം മെച്ചപ്പെടുമെന്നും കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

ഇവയൊക്കെ ഉള്‍പ്പെടുത്തിയ മറ്റ് ഏഴ് ഭക്ഷണക്രമങ്ങളും ആരോഗ്യകരം തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. എ.എച്ച്.ഇ.ഐ. കൂടുതല്‍ കാലം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഭക്ഷണക്രമം ആണെന്നും പഠനത്തില്‍ പറയുന്നു. പ്രമേഹം, ഹൃദ്രോഗം, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ ഇത്തരക്കാരില്‍ വളരെ കുറവാണെന്ന് കണ്ടെത്തി. സസ്യാഹാരം കൂട്ടുകയും മാംസ ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണക്രമമാണ് വേണ്ടതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.  

എന്താണ് ഓള്‍ട്ടര്‍നേറ്റീവ് ഹെല്‍ത്തി ഈറ്റിങ് ഇന്‍ഡെക്‌സ്?

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഭക്ഷണക്രമമാണ് എ.എച്ച്.ഇ.ഐ. ഇതില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, നുറുക്കിയ ധാന്യങ്ങള്‍, ഓട്‌സ്, തവിടുള്ള അരി, ക്വിനോവ, പോപ്‌കോണ്‍, നട്‌സ്, പയറുവര്‍ഗങ്ങള്‍, അവക്കാഡോ, മുട്ട, മത്സ്യം, ഒലീവ് ഓയില്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ വിഭവങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ഇതില്‍ നിന്ന് റെഡ്മീറ്റ്, സംസ്‌കരിച്ച മാംസവിഭവങ്ങള്‍, മധുരപാനീയങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഉപ്പിന്റെ ഉപയോഗവും ഗണ്യമായി കുറച്ചിട്ടുണ്ട്. പാചകത്തിന് ഒലീവ് ഓയിലോ കനോല ഓയിലോ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.

Content Highlights: What is alternative healthy eating index (AHEI), Healthy Eating for Longevity: Harvard Study