വെറുതെയിരിക്കുമ്പോൾ കരച്ചിൽ, സന്തോഷമില്ലായ്മ; പ്രസവാനന്തര വിഷാദരോഗത്തേക്കുറിച്ച് അശ്വതി

അശ്വതി ശ്രീകാന്ത്| Photo: instagram.com/aswathysreekanth/?hl=en
അശ്വതി ശ്രീകാന്ത്| Photo: instagram.com/aswathysreekanth/?hl=en

മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും പ്രസവാനന്തരവിഷാദരോ​ഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഫിസിഷ്യനെ കാണാൻ പോകുന്നതിനെ വളരെ സാധാരണമായി സമീപിക്കുന്നതുപോലെതന്നെ സൈക്കോളജിസ്റ്റിനെ കാണുന്നതും കണക്കാക്കേണ്ടതാണെന്ന് അശ്വതി പറഞ്ഞു. പ്രസവാനന്തരവിഷാദരോ​ഗകാലത്ത് നേരിട്ട പ്രശ്നങ്ങളേക്കുറിച്ചും അതിനെ അതിജീവിച്ചതിനേക്കുറിച്ചും അശ്വതി പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അശ്വതി ഇതേക്കുറിച്ച് പങ്കുവെച്ചത്. 

തെറാപ്പിയെടുക്കുന്നതിനേക്കുറിച്ച് പറയുമ്പോൾ ഭ്രാന്തില്ലെന്ന് പറയുന്നവർ ഇന്നുമുണ്ടെന്ന് അശ്വതി പറയുന്നു. പലതരത്തിലുള്ള ജീവിതപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് പലരും. ബന്ധങ്ങളുടെ രീതികൾ മാറിയിട്ടുണ്ട്. ഇതൊക്കെ മനസ്സിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇവ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ പിന്നീട് ജീവിതശൈലീരോ​ഗമായി ശരീരത്തെവരെ ബാധിക്കാം. തെറാപ്പിയെടുക്കുന്നത് നല്ലതാണെന്ന് ആരോടെങ്കിലും പറഞ്ഞാൽ എനിക്ക് ഭ്രാന്തില്ല എന്നു പറയുന്നവരുണ്ട്. മനസ്സിന് സമാധാനം പകരാനും ശരിയായ വഴിയിലാണ് പോകുന്നതെന്ന് ഉറപ്പുവരുത്താനൊക്കെ സൈക്കോളജിസ്റ്റുമായുള്ള തുറന്നുള്ള സംസാരം സഹായിക്കുമെന്നും മുൻവിധികളില്ലാതെ സംസാരിക്കാനുള്ള ഇടമൊരുക്കുകയാണ് സൈക്കോളജിസ്റ്റുകൾ ചെയ്യുകയെന്നും അശ്വതി പറഞ്ഞു.

തന്റെ അമ്മ ഇത്തരം വിഷയങ്ങളിൽ ബോധ്യമുള്ളയാളായതുകൊണ്ടുതന്നെ എന്തെങ്കിലും ബുദ്ധിമുട്ട് പറയുമ്പോൾ കൗൺസിലിങ് എടുത്തുനോക്കൂ എന്നു പറയുമായിരുന്നുവെന്നും അശ്വതി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സൈക്കോളജിസ്റ്റിനെ കണ്ടതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ട് എന്ന തോന്നൽ ഉണ്ടായിട്ടില്ല. ശരീരത്തിന് ഒരു രോ​ഗം വരുമ്പോൾ ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നതുപോലെയാണിതും. പക്ഷേ മാനസികാരോ​ഗ്യ കാര്യത്തിൽ മരുന്ന് കഴിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ സൈക്യാട്രിസ്റ്റിനെ കാണേണ്ട ഘട്ടങ്ങളിലൊക്കെയാണ് വരാറുള്ളത്. പൊതുവേ ഒന്ന് മനസ്സുതുറന്നു സംസാരിച്ചാൽ ശരിയാവുന്നതാണ് പല പ്രശ്നങ്ങളും. 

ആദ്യത്തെ പ്രസവത്തിനുശേഷം വിഷാദരോ​ഗം അനുഭവപ്പെട്ടതിനേക്കുറിച്ചും രണ്ടാമത്തെ പ്രസവസമയത്ത് അതേക്കുറിച്ച് കുറച്ചുകൂടി മനസ്സിലാക്കി കൈകാര്യം ചെയ്തതിനേക്കുറിച്ചും അശ്വതി പറയുന്നുണ്ട്. കടുത്ത സമ്മർദം അനുഭവിക്കുക, വെറുതെയിരിക്കുമ്പോൾ കരയാൻ തോന്നുക, ചുറ്റുപാടുനിന്നും എല്ലാപിന്തുണയും ഉള്ളപ്പോഴും അതിലൊന്നും സന്തോഷിക്കാൻ കഴിയാതിരിക്കുക, അവനവനോട് പോലും സ്നേഹമില്ലാതിരിക്കുക, ചുറ്റുമുള്ള ആർക്കും നമ്മളോട് സ്നേഹമില്ലെന്ന് തോന്നുക തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് ആദ്യപ്രസവത്തിനുശേഷം കടന്നുപോയത്. എന്തിനാണ് കരച്ചിൽ വരുന്നതെന്ന് അറിയാത്ത നിമിഷങ്ങളിലൂടെ കടന്നുപോയപ്പോഴാണ് സൈക്കോളജിസ്റ്റിനെ കാണാൻ തീരുമാനിച്ചത്. ഇത് വളരെ സാധാരണമാണെന്നും എന്നാൽ വീടുകളിലുള്ള ആളുകൾ പോലും ഈ വിഷയത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ലെന്നും താൻ പറയാറുണ്ടെന്നും അശ്വതി പറയുന്നു. 

ഇപ്പോഴും പരസ്യമായി ഇതേക്കുറിച്ച് സംസാരിക്കാനുള്ള ഭയംമൂലം ഈ വിഷയം ആരോടും പറയാൻ പറ്റില്ല പക്ഷേ സഹായം വേണമെന്ന് ഇൻബോക്സിൽ മെസേജ് അയക്കുന്ന പലരും പറയാറുണ്ടെന്നും അശ്വതി പറയുന്നു. കുഞ്ഞുറങ്ങുന്ന സമയത്ത് ഓൺലൈനായി സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നവർ വരെയുണ്ട്. തന്റെ ഭർത്താന് ശ്രീകാന്ത് ഈ കാര്യത്തിൽ വളരെ പിന്തുണച്ചിരുന്നയാളാണ്. ആദ്യപ്രസവസമയത്ത് എന്തിലൂടെയാണ് കടന്നുപോയത് എന്നത് അദ്ദേഹത്തിന് നന്നായറിയാം. അതുകൊണ്ടുതന്നെ രണ്ടാമത്തെ പ്രസവമായപ്പോൾ എന്താവശ്യത്തിനും അടുത്തുണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നുവെന്നും തനിക്ക് ​ഗുണകരമല്ല എന്നുതോന്നുന്ന ചുറ്റുപാടുകളിൽ നിന്നും സംരക്ഷിച്ചു നിർത്തുക കൂടി ചെയ്യുമായിരുന്നുവെന്നും അശ്വതി പറഞ്ഞു. 

ബേബി ബ്ലൂസും പോസ്റ്റ്പാർട്ടം ഡിപ്രഷനും

പ്രസവത്തിന് പിന്നാലെ ചെറിയ കാലത്തേക്ക് അനുഭവപ്പെടുന്ന വിഷാദാവസ്ഥ ‘ബേബി ബ്ലൂസ്’ എന്നാണറിയപ്പെടുന്നത്. ഇത് കൂടുതൽകാലം നീണ്ടു നിൽക്കുകയും കൂടുതൽ തീവ്രമാവുകയും ചെയ്യുമ്പോൾ ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന വിഷാദാവസ്ഥയായി മാറുന്നു. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളാണ് ബേബി ബ്ലൂസിന് പ്രധാന കാരണം. ഇത് പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കാൾ (പി.പി.ഡി.) സൗമ്യമാണ്. 85 ശതമാനംവരെ സ്ത്രീകളിൽ ഇതു കാണാറുണ്ട്. എന്നാൽ, പി.പി.ഡി. കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന സങ്കീർണ വിഷാദ സ്വഭാവമുള്ളതാണ്.

രണ്ടവസ്ഥയിലും സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പൊതുവായുണ്ട്. തീവ്രതയിലാണ് പ്രധാനവ്യത്യാസം. കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പെട്ടെന്ന് ദേഷ്യമോ സങ്കടമോ വരുക എന്നീ അവസ്ഥകൾ തീവ്രമാണെങ്കിൽ ഡോക്ടർമാരുടെ ഉപദേശം തേടണം. ചുരുക്കം ചിലർക്ക് നവജാതശിശുവിനെ പരിപാലിക്കാനുള്ള കഴിവില്ലായ്മ തോന്നുകയും ആത്മഹത്യാ ചിന്തവരെ എത്തുകയും ചെയ്യാം. പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൃത്യസമയത്ത് കണ്ടെത്തി കൗൺസലിങ്ങും കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയും നൽകുന്നത് ഫലപ്രദമായതും പാർശ്വഫലങ്ങളില്ലാത്തതുമായ മാർഗമാണ്. 

Content Highlights: anchor actress aswathy sreekanth about postpartum depression