അ‌ടിവയറിൽ കൊഴുപ്പടിയുന്നത് അപകടം; അമിതവണ്ണം അർബുദസാധ്യത കൂട്ടുന്നുവെന്ന് ഗവേഷകർ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജീവിതശൈലീരോഗങ്ങളുടെ സാധ്യത കൂട്ടുന്നതിൽ പ്രധാനഘടകമാണ് അമിതവണ്ണം. അമിതവണ്ണമുള്ളവരിൽ പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കെല്ലാം സാധ്യത കൂടുതലാണ്. ഇപ്പോഴിതാ അമിതവണ്ണവും അർബുദവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ചെറുപ്പത്തിലേ അമിതവണ്ണമുണ്ടായാൽ അർബുദസാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഉയർന്ന ബി.എം.ഐയും (BMI) അടിവയറിലെ അമിതവണ്ണവും കാൻസർ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത്. 'ആനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന ജർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. 20 നും 39 നും ഇടയിൽ പ്രായമുള്ള 64ലക്ഷത്തിലധികം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 11 വർഷത്തെ പഠനകാലയളവിൽ സാധാരണ ഭാരമുള്ളവരിൽ കാൻസർ സാധ്യത 1.84 ശതമാനമായിരുന്നെങ്കിൽ അമിതവണ്ണം ഉള്ളവരിൽ ഇതിന്റെ തോത് 2.62 ആണെന്ന് ഗവേഷകർ കണ്ടെത്തി. അടിവയറിൽ കൊഴുപ്പടിയുന്നതാണ് ഏറ്റവും അപകടകരമായ സാഹചര്യമെന്നും ഗവേഷകർ കണക്കാക്കുന്നു.

അമിതവണ്ണം ഗുരുതര ആരോഗ്യഭീഷണി; രോഗസാധ്യത വർധിപ്പിക്കുന്നു, എന്താണ് ചെയ്യേണ്ടത്?

കൊറിയൻ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് സർവീസ് ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2009 നും 2012 നും ഇടയിൽ ആരോഗ്യ പരിശോധനകൾക്ക് വിധേയരായവരായ 6,313,338 മുതിർന്നവരുടെ വിവരങ്ങളാണ് ശേഖരിച്ചത്. 11.2 വർഷത്തെ ഫോളോ-അപ്പ് കാലയളവിൽ 151,893 പേർക്ക് കാൻസർ സ്ഥിരീകരിച്ചു.

പുകവലി ശീലം, മദ്യപാനം, ശാരീരിക വ്യായാമം, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ, മറ്റ് അനുബന്ധ രോഗാവസ്ഥകൾ എന്നിവയ്ക്കനുസരിച്ച് ഡാറ്റ വിശകലനം ചെയ്താണ് അരക്കെട്ടിന്റെ വണ്ണവും ഉദരഭാഗത്തെ അമിതവണ്ണവും കാൻസർ സാധ്യത കൂട്ടുന്നുണ്ടോ എന്നു പരിശോധിച്ചത്. തുടർന്നാണ് സാധാരണ ഭാരമുള്ളവരെ അപേക്ഷിച്ച് ശരീരഭാരം കൂടിയവർക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

അമിതവണ്ണത്തിന് അനുസരിച്ച് തൈറോയ്ഡ്, എൻഡോമെട്രിയൽ, ഒവേറിയൻ കാൻസറുകൾക്കുള്ള സാധ്യത കൂടുന്നുവെന്ന് ഗവേഷകർ പറയുന്നു.

അമിതവണ്ണമാകുന്നതോടെ മെറ്റബോളിസത്തിലുണ്ടാകുന്ന തകരാറുകൾ, ഇൻസുലിൻ നിലയിലെ വ്യതിയാനം, വിട്ടുമാറാത്ത വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥകൾ തുടങ്ങിയവയാണ് കാൻസറിനു കാരണമാകുന്ന ഘടകങ്ങളായി കണക്കാക്കുന്നത്. ‌അമിതവണ്ണം പോലെ മാറ്റംവരുത്താവുന്ന അപകടസാധ്യതാ ഘടകങ്ങളെ നേരത്തേ പ്രതിരോധിച്ച് കാൻസർ സാധ്യത കുറയ്ക്കാമെന്നും സൂചിപ്പിക്കുകയാണ് ഗവേഷകർ.

അമിതവണ്ണം നിർണയിക്കാൻ പുതിയ അളവുകോൽ; ഇനി BMI മാത്രം നോക്കിയാൽ പോരെന്ന് ഗവേഷകർ 

നേരത്തേ സ്വീഡനിൽ നിന്നും സമാനമായ പഠനം പുറത്തുവന്നിരുന്നു. പ്രായപൂർത്തിയായതിനുശേഷം അമിതവണ്ണം ആകുന്നവരിൽ വിവിധ കാൻസറുകൾക്കുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനം പറഞ്ഞത്. ആഗോളതലത്തിൽ എട്ടു പേരിൽ ഒരാൾ അമിതവണ്ണമുള്ളവരാണ്, അന്നനാളത്തിലെ അർബുദം, വയറിന്റെ മുകൾഭാഗത്തെ ബാധിക്കുന്ന അർബുദം, മലാശയ അർബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അർബുദം, മൾട്ടിപ്പിൾ മൈലോമ, പാൻക്രിയാറ്റിക് കാൻസർ, വൃക്ക, തൈറോയ്ഡ് ഗ്ലാൻഡ്, ഓവറികൾ, എൻഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അർബുദം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നതായാണ് പഠനം പറഞ്ഞത്.

അമിതവണ്ണമാകുന്നതോടെ ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ, മെറ്റബോളിസത്തിലെ തകരാറുകൾ, ഇൻസുലിൻ നിലയിലെ വ്യതിയാനം, ശരീരത്തിൽ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അർബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നാണ് ഗവേഷകർ കരുതുന്നത്.

ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
  • ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: Research links obesity to increased cancer risk, highlighting belly fat as a significant danger. Study analyzes data from over 6 million individuals.