65-ാം വയസ്സിലും 'ചെറുപ്പം'; നാഗാർജുനയുടെ ഫിറ്റ്‌നെസ് രഹസ്യം

അറുപത്തിയഞ്ചാം വയസ്സിലും 'യുവത്വം നിലനിർത്തുന്ന' തെന്നിന്ത്യൻ താരമാണ് നടൻ നാഗാർജുന. ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നതിൽ താൻ പിന്തുടരുന്ന കാര്യങ്ങളെ കുറിച്ച് നിരവധി തവണ നാഗാർജുന പങ്കുവെച്ചിട്ടുണ്ട്. അത്താഴം വൈകിക്കാത്തതും സന്തുലിതമായ ഡയറ്റുമൊക്കെയാണ് തന്റെ ആരോഗ്യരഹസ്യം എന്നാണ് നാഗാർജുന പറയുന്നത്.
വൈകീട്ട് 7 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് തന്റെ രീതിയെന്ന് നാഗാർജുന പറയുന്നു. സാലഡുകൾ, അരിയാഹാരങ്ങൾ, ചിക്കൻ, മീൻ എന്നിവ ഉൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ വൈകുന്നേരത്തെ ഭക്ഷണം. വർഷങ്ങളായി ഈ രീതിയാണ് പിന്തുടരുന്നത്. 2024-ൽ സംഗീത സംവിധായകൻ എം.എം. കീരവാണിയുമായുള്ള സംഭാഷണത്തിലും നാഗാർജുന ഇതേക്കുറിച്ച് പറയുന്നുണ്ട്.
ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം. കഴിഞ്ഞ 35 വർഷമായി അദ്ദേഹം വ്യായാമത്തിനും പ്രാധാന്യം നൽകുന്നുണ്ട്. തന്റെ ഒരു ദിവസം ആരംഭിക്കുന്നത് വ്യായാമത്തോടെയാണെന്നും പ്രൊഫഷണൽ തിരക്കുകളേക്കാൾ എന്നും മുൻഗണന വ്യായാമത്തിനാണെന്നും അദ്ദേഹം പറയുന്നു. സ്ട്രെങ്ത്ത് ട്രെയിനിങ്, കാർഡിയോ, നീന്തൽ, നടത്തം എന്നിവയിൽ ഏതെങ്കിലും ഒന്ന് എല്ലാ ദിവസവും മുടങ്ങാതെ ചെയ്യും. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമത്തിനായി മാറ്റി വെക്കാറുണ്ട്. ജിമ്മിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ ചെറുപ്പം മുതൽ പിന്തുടരുന്ന ശീലമായ നീന്തൽ ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയിലെ നീണ്ട ഇടവേളകൾ ഒഴിവാക്കുകയും മൊബൈൽ ഫോൺ പോലുള്ളവയിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. 12:12 ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. 12 മണിക്കൂർ ഭക്ഷണം കഴിക്കുകയും ബാക്കി 12 മണിക്കൂർ ഉപവാസം ചെയ്യുകയും ചെയ്യുന്നതാണ് 12:12 ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. പ്രീ-വർക്കൗട്ട് ഭക്ഷണത്തോടെയാണ് ദിവസം ആരംഭിക്കുന്നത്.
Content Highlights: Nagarjuna, fitness, diet, workout, intermittent fasting, health, lifestyle, exercise, strength train