മാരത്തൺ ഓട്ടത്തിനു പിന്നാലെ രണ്ടു ചെറുപ്പക്കാർ കുഴഞ്ഞുവീണ് മരിച്ചു; കാരണമാകുന്നതെന്ത് ?

വർക്കൗട്ട് ചെയ്യുന്നതിനിടെയും കായിക ഇനങ്ങളിൽ ഏർപ്പെടുന്നതിനിടെയുമൊക്കെ കുഴഞ്ഞുവീണു മരിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ ധാരാളം പുറത്തുവരാറുണ്ട്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങളാണ് അവയ്ക്കു കാരണമാകാറുള്ളത്. മാരത്തൺ ഓട്ടത്തിനിടെ മരിച്ച രണ്ടുപേരുടെ വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഹൈദരാബാദിൽ നിന്നും ന്യൂയോർക്കിൽ നിന്നുമുള്ള രണ്ടുപേരാണ് മാരത്തൺ ഓട്ടത്തിനിടെ കുഴഞ്ഞുവീണുമരിച്ചത്. കാഴ്ചയിൽ ആരോഗ്യവാന്മാരെന്നു കരുതിയിരുന്ന ഇരുവരുടെയും മരണം അടുപ്പമുണ്ടായിരുന്നവരിൽ ആശങ്ക കൂട്ടുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിലെ പെൻസിൽവാനിയയിൽ നിന്നുള്ള കോളേജ് മുൻ ഫീൽഡ് ഹോക്കി കളിക്കാരി കൂടിയായ റേച്ചൽ അപാ എന്ന ഇരുപത്തിനാലുകാരിയുടെ മരണമാണ് അതിലൊന്ന്. ന്യൂയോർക്ക് സിറ്റി മാരത്തണിൽ പങ്കെടുക്കവേ ഫിനിഷിങ് ലൈനിൽ നിന്ന് വെറും രണ്ട് മൈൽ അകലെയാണ് റേച്ചൽ കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നയാൾ സിപിആർ നൽകുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തെങ്കിലും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഹൃദയപേശികൾ തകരാറിലാവുന്ന റാബ്ഡോമൈലൈസിസ് എന്ന അവസ്ഥയാണ് റേച്ചലിന്റെ മരണത്തിനു കാരണമായതെന്ന് ഡോക്ടർമാർ പിന്നീട് പറഞ്ഞു.
കോവിഡിനു ശേഷം ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടിയോ? വൈറസ് ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ?
സമാനമായാണ് ഹൈദരാബാദിൽ നിന്നുള്ള മരണവും സംഭവിച്ചത്. സോഫ്റ്റ്വെയർ പ്രൊഫഷണലായ കൊമ്മിനേനി ഗോപി എന്ന മുപ്പത്തിയാറുകാരനാണ് മാരത്തൺ ഓട്ടം പൂർത്തിയാക്കി പ്രഭാതഭക്ഷണസ്ഥലത്തേക്ക് നടക്കവേ കുഴഞ്ഞുവീണത്. സംഘാടകർ സിപിആർ നൽകി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നതായി പോലീസ് അറിയിച്ചു.
ശാരീരികക്ഷമത ഉണ്ടെന്നതുകൊണ്ട് മാത്രം ഹൃദയം ആരോഗ്യകരമാണെന്ന് കരുതാനാവില്ലെന്ന് വിദഗ്ധർ പറയുന്നു. കൊറോണറി ധമനികളിൽ താരതമ്യേന ചെറിയ ബ്ലോക്കുകൾ ഉള്ളവരിൽ ശരീരം ആയാസപ്പെടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദയാഘാതസാധ്യത കൂട്ടും. വ്യായാമങ്ങൾക്കിടെയുള്ള മരണങ്ങളിൽ പലതിനും പിന്നിൽ ഇതാണ് കാരണം.
കൊറോണറി ആർട്ടറി ബ്ലോക്കുകൾ പലപ്പോഴും 70-80 ശതമാനമാകുമ്പോൾ മാത്രമാണ് ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാവുക എന്നതും വെല്ലുവിളിയാണ്. മേൽപ്പറഞ്ഞ രീതിയിൽ കുഴഞ്ഞുവീണു മരിക്കുന്നവരിലേറെയും നേരത്തേ തന്നെ ഹൃദ്രോഗങ്ങൾ ഉള്ളവരാകും. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകുന്നതാണ് സ്ഥിതി സങ്കീർണമാക്കുന്നത്. ഹാർട്ടിന്റെ മസിൽ തടിച്ചു വരുന്ന രോഗങ്ങൾ, അരിത്മിയ തുടങ്ങിയവ ഉള്ളവരിൽ എന്തെങ്കിലും കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഹൃദയത്തിന് സമ്മർദമേറി കുഴഞ്ഞുവീഴാം. മറ്റൊരു ആരോഗ്യപ്രശ്നവുമില്ലാത്ത ചെറുപ്പക്കാർ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നുവെങ്കിൽ അതിനു കാരണമാകുന്നത് ഹൃദയാഘാതമല്ല മറിച്ച് ഹൃദയമിടിപ്പിൽ താളപ്പിഴവു വന്ന് സഡൻ കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് കൊണ്ടാണെന്നും വിദഗ്ധർ പറയുന്നുണ്ട്.
ശരീരത്തിന് താങ്ങുന്നതിലേറെ സമ്മർദമെടുക്കുന്നത് അപകടകരമാണ്. മാരത്തൺ ഓട്ടവും മറ്റു വ്യായാമങ്ങളുമൊക്കെ
നേരിട്ടല്ല ഹൃദയാഘാതത്തിനു കാരണമാകുന്നത്. മറിച്ച് ഹൃദ്രോഗങ്ങൾ തിരിച്ചറിയപ്പെടാതെപോവുകയും ചികിത്സിക്കാതിരിക്കുകയും ചെയ്യുകയും കഠിനമായ വ്യായാമം അപകടസാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, അകാലമരണം തുടങ്ങിയവ പ്രതിരോധിക്കുന്നതിൽ വ്യായാമത്തിനു വലിയ പങ്കുണ്ട്. പക്ഷേ വ്യായാമം ചെയ്യുന്നരീതിയിലാണ് ശ്രദ്ധിക്കേണ്ടത്.
എല്ലാ ദിവസവും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പതിവായി എയ്റോബിക് വ്യായാമങ്ങൾ ചെയ്യുക, ആഴ്ചയിൽ 2-3 തവണ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുക, വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും ക്രമേണ വർദ്ധിപ്പിക്കുക, വിശ്രമത്തിനും ഉറക്കത്തിനും മുൻഗണന നൽകുക, ശരീരത്തിൽ നിന്നുണ്ടാകുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയവയിലൂടെ അപകടസാധ്യത കുറയ്ക്കാനാവും. ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
Content Highlights: Explore the causes of marathon deaths, focusing on sudden cardiac arrest in youth and the importance of recognizing hidden heart conditions.