പൊക്കിൾക്കൊടി അഞ്ചു തവണ കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി, എന്നിട്ടും സുഖപ്രസവം വേണമെന്ന് നിർബന്ധം!

ആകാംക്ഷയും ആഹ്ളാദവും നെടുവീര്‍പ്പും നിലവിളികളും എല്ലാം നിറഞ്ഞതാണ് ലേബര്‍ റൂമും അതിനു പുറത്തെ വരാന്തയും. ഒരു സ്ത്രീ ഗര്‍ഭിണിയായിക്കഴിഞ്ഞ് അമ്മയാകുന്നതിന് മാനസികമായും ശാരീരികമായും തയ്യാറെടുക്കേണ്ടതുണ്ട്. പ്രസവിക്കുന്നതിലൂടെ കുഞ്ഞ് മാത്രമല്ല ജനിക്കുന്നത്. അമ്മയും അച്ഛനും അമ്മൂമ്മയും മുത്തശ്ശനുമൊക്കെ ഇതിലൂടെ പിറവിയെടുക്കുന്നു. അതുപോലെ മറ്റൊരുപാട് ബന്ധുജനങ്ങള്‍ക്ക് കൂടി സ്ഥാനക്കയറ്റം കിട്ടുന്നു. അമ്മാവനും അമ്മായിയും ചേട്ടനും ചേച്ചിയുമൊക്കെ പിറവിയെടുക്കുന്നത് ഈ കുഞ്ഞിന്റെ ജനനത്തോടെയാവും. അതുകൊണ്ടുതന്നെ പ്രസവത്തില്‍ അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് മാത്രമല്ല കുടുംബക്കാര്‍ക്കും ആകാംക്ഷയും പിരിമുറുക്കങ്ങളും ഉണ്ടായേക്കാം.
പണ്ട് ചികിത്സാസൗകര്യങ്ങളും യാത്രാ സൗകര്യങ്ങളുമൊന്നുമില്ലാത്ത കാലത്ത് സ്ത്രീകള്‍ വീട്ടില്‍ തന്നെയായിരുന്നു പ്രസവിച്ചിരുന്നത്. അന്ന് ഒരമ്മയ്ക്ക് അഞ്ചും പത്തും കുട്ടികള്‍ സര്‍വ്വസാധാരണമായിരുന്നു. എന്റെ അമ്മ പറയുമായിരുന്നു, ഞാന്‍ ജനിച്ച് ഇരുപതെട്ടു ദിവസമായപ്പോള്‍ നാട്ടിലെ ആചാരപ്രകാരം പാലു കൊടുക്കലും പേരു വിളിക്കലും നടന്നുവെന്ന്. അടുത്ത ബന്ധുമിത്രാദികളെയൊക്കെ വിളിച്ച് നടത്തുന്ന ചടങ്ങില്‍ അമ്മയുടെ അനിയത്തിയും പങ്കെടുത്തിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് സദ്യ കഴിഞ്ഞതോടെ പ്രസവവേദന തുടങ്ങി. രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് നടന്നുവേണം പോകാന്‍. പോകുന്ന വഴിയില്‍ വെച്ചു തന്നെ വേദന കലശലായതോടെ വഴിവക്കില്‍ കണ്ട വീട്ടില്‍ കയറി പ്രസവിച്ചു. ഇതൊക്കെ ഇത്രയേയുള്ളൂ എന്ന് എല്ലാവരും സമാധാനിച്ചിരിക്കുമ്പോഴാണ് മറുപിള്ള (പ്ലാസന്റ) പുറത്തു വരുന്നില്ല എന്നറിയുന്നത്. തുടര്‍ന്ന് രക്തസ്രാവം മൂര്‍ച്ഛിച്ച് ആരോഗ്യനില വഷളായി. അവരെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയാണ് ജീവന്‍ രക്ഷിക്കാനായത്. പ്രസവം സാധാരണ സംഭവമാണെങ്കിലും അത് എപ്പോൾ വേണമെങ്കിലും അപകടത്തിലേക്ക് മാറി മറിയാം. പട്ടിയും പൂച്ചയും പശുവുമൊന്നും പ്രസവിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ലല്ലോയെന്ന് തര്‍ക്കിക്കുന്നവരുണ്ട്. എന്റെ സുഹൃത്ത് വെറ്റിനറി ഡോക്ടര്‍, കിടാവ് പുറത്തു വരാത്തതു കൊണ്ട് പശുവിന് അടിയന്തര സിസേറിയന്‍ ചെയ്തതും നീണ്ട കൈയ്യുറകളണിഞ്ഞ് കുട്ടിയെ പുറത്തെടുത്ത കാര്യവുമൊക്കെ പറഞ്ഞതോര്‍ക്കുന്നു.
Content Highlights: Explore the risks and benefits of home vs. hospital childbirth.