'മരിക്കാൻ കിടത്തുന്ന പെട്ടി അല്ല വെന്റിലേറ്റർ, പൈസ പിടുങ്ങാൻ പിടിച്ച് കിടത്തുന്നതുമല്ല'| MedAlert

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് കാണാൻ വന്നു. അദ്ദേഹത്തിൻ്റെ അമ്മാവൻ നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “ അമ്മാവൻ കഴിഞ്ഞ ദിവസം മുതൽ വെൻ്റിലേറ്ററിലാണ്. ഇപ്പോൾ ആശുപത്രിക്കാർ മരിച്ച രോഗികളെ വരെ പൈസ പിടുങ്ങാൻ വേണ്ടി ഇങ്ങനെ ഓരോന്നിൽ പിടിച്ചു കെടത്തുമല്ലോ. ഡോക്ടർ വിളിച്ചാൽ ഹോസ്പ്പിറ്റലുകാർ സത്യം പറയുമല്ലോ “ അദ്ദേഹം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ എൻ്റെ സുഹൃത്തുകൂടിയായ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവിയെ വിളിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു “എഴുപത് വയസ്സ് പ്രായമുള്ള രോഗി വീണ് കഴുത്തൊടിഞ്ഞു ഓപ്പറേഷൻ കഴിഞ്ഞതാണ്. രണ്ടാം ദിവസം മുതൽ രോഗിയുടെ ശരീരത്തിലെ കാർബൺഡയോക്സൈഡ് കൂടി വന്നു, അബോധാവസ്ഥയിലേക്ക് നീങ്ങി തുടങ്ങിയപ്പോൾ മുതൽ വെൻ്റിലേറ്റർ സപ്പോർട്ടിലാണ്.”
യഥാർഥത്തിൽ ആ രോഗി ജീവിച്ചിരിക്കുന്നതു തന്നെ വെൻ്റിലേറ്ററിൻ്റെ സഹായത്താലാണ്. നെഞ്ചിൻ കൂടിൻ്റെ ക്രമാനുഗതമായ ചലനത്തെ സഹായിക്കുന്ന മാംസപേശികളുടെ ശക്തിക്കുറവു കാരണമാണ് അദ്ദേഹത്തിനീ പ്രശ്നമുണ്ടായത്. പലപ്പോഴും കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ രോഗിയും കൂട്ടിരിപ്പുകാരുമോ അല്ലെങ്കിൽ അതു പറഞ്ഞു കൊടുക്കുന്നതിൽ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന വൈദ്യസമൂഹമോ പരാജയപ്പെടുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്
Content Highlights: misconception about ventilators uses of ventilator