10ലക്ഷം വിലയുള്ള കാർ മൂന്നുലക്ഷം മാത്രം വിലയുള്ള കാറുമായി എക്സ്ചേഞ്ച് ചെയ്തയാൾ!; തിരിച്ചറിയണം മാനിയ

‘‘എല്ലാവരും എണീറ്റ് എന്നെ സല്യൂട്ട് ചെയ്യൂ...ഉം എല്ലാവരും സല്യൂട്ട് ചെയ്യൂ... എന്താ ഒരു മടി...?’’
അരോഗദൃഢഗാത്രനായ ഒരു മധ്യവയസ്കൻ എഴന്നേറ്റ് നിന്ന് ചുറ്റിലുമുള്ളവരോട് ഉച്ചത്തിൽ ആജ്ഞാപിക്കുകയാണ്.!
രംഗം മെഡിക്കൽ കോളജ് ഒ.പി യുടെ പുറത്തുള്ള വരാന്തയാണ്. ചികിത്സക്കായി വന്ന് അവിടെ കാത്തിരിക്കുന്നവർ ആകെ അങ്കലാപ്പിലാണ്. കാഴ്ചയിൽ തന്നെ അസാധാരണമാം വിധം വസ്ത്രം ധരിച്ചിരുന്ന വ്യക്തി വീണ്ടും വീണ്ടും ചുറ്റിലുമുള്ളവരോട് തന്നെ സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു.
ആ സമയം അവിടേക്കെത്തിയ ഞാൻ അദ്ദേഹത്തെ സൗമ്യമായി പരിശോധനാ മുറിയിലേക്ക് വിളിച്ച് ഇരിക്കാൻ പറഞ്ഞു. അർദ്ധ മനസ്സോടെയാണെങ്കിലും അയാൾ ഇരുന്നു. പക്ഷേ ഉച്ചത്തിലുള്ള സംസാരം തുടർന്നുകൊണ്ടിരിക്കുകയാണ്.
വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും സൗമ്യമായി, അതിലേറെ ശ്രദ്ധയോടെ ഞാൻ അയാളുടെ സംസാരത്തിനിടയിൽ കയറി ചോദിച്ചു: ‘‘എനിക്കെങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും..? ’’
അദ്ദേഹത്തിൻറെ മറുപടി ഇങ്ങിനെയായിരുന്നു: ‘‘സഹായം ഒന്നും വേണ്ട, കാര്യം മനസ്സിലാക്കി മറ്റുള്ളവരെ അറിയിക്കുക’’.
‘‘എന്താണാവോ ?’’ എന്നായി ഞാൻ.
‘‘ഞാൻ ഇവിടെ വന്നത് ഇവിടത്തെ കാര്യങ്ങൾ ശരിയായി നടക്കുന്നുണ്ടോ എന്നറിയാനാണ്’’ അയാൾ അധികാരഭാവത്തിൽ പറഞ്ഞു.
ഞാൻ ചോദിച്ചു: ‘‘താങ്കൾ ?’’.
‘‘ഞാൻ ഇന്ത്യൻ പ്രസിഡണ്ടാണ്’’ എന്നായിരുന്നു അയാളുടെ മറുപടി..!
ക്ഷമയും സൗമ്യതയും കൈവിടാതെ ഞാൻ വീണ്ടും ചോദിച്ചു: ‘‘അപ്പോൾ മി.ശങ്കർ ദയാൽ ശർമ ആരാണ്...?’’ (1990കളിൽ ഇന്ത്യൻ പ്രസിഡൻറ് മിസ്റ്റർ ശങ്കർ ദയാൽ ശർമ ആയിരുന്നു).
ഒട്ടും താമസിയാതെ അയാൾ മറുപടി പറഞ്ഞു: "എൻറെ ഡെപ്യൂട്ടിയാണ്"...!
അയാൾക്ക് മാനിയ അല്ലെങ്കിൽ ‘ബൈപോളാർ എഫക്റ്റീവ് ഡിസോഡർ മാനിയ’ (Bipolar affective disorder mania) എന്ന അസുഖമായിരുന്നു. സാധാരണയായി ‘ബൈപോളാർ ഡിസോഡർ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ മാനസികപ്രശ്നം ഒരു വ്യക്തിയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സമൂഹത്തോട് ചേർന്ന് പ്രവർത്തിക്കാനുള്ള കഴിവിനെ സാരമായി ബാധിക്കുന്ന ഒന്നാണ്.
Content Highlights: Learn about mania, a mood disorder characterized by elevated mood, energy, and risky behaviors