'ധൈര്യമായിട്ട് ഇങ്ങോട്ടുവിട്ടോ, തട്ടിയേക്കാം ആ ട്യൂമറിനെ' എന്നുപറയുന്ന ഡോക്ടർ, ഞെട്ടിച്ചു ആ വാർത്ത

'സാറേ, സാറ് ന്യൂസ് അറിഞ്ഞോ?' മാർഷലിന്റെ ഫോൺവിളി ആയിരുന്നു. 'എന്തു ന്യൂസ്?' ഞാൻ ചോദ്യം പൂർത്തിയാക്കുന്നതിന്റെ മുൻപേ ഫോണിലൂടെ ഞെട്ടിക്കുന്ന ആ വിവരം എന്റെ ചെവിയിൽ മുഴങ്ങി. ഡോ.ജോർജ് പി. എബ്രഹാം മരിച്ചു. ആത്മഹത്യയാണെന്ന് തോന്നുന്നു. മാർഷൽ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഞാൻ കേട്ടില്ല. മനസ്സിൽ ഒരു ശൂന്യതയാണ് പെട്ടെന്ന് അനുഭവപ്പെട്ടത്. ഒരു നിമിഷം ഞാൻ പകച്ചിരുന്നുപോയി. ഞാൻ കേട്ടത് സത്യമാകരുതേയെന്ന് പ്രാർഥിച്ചു. വീണ്ടും അടുത്ത ഫോൺവിളി. 'അറിഞ്ഞോ?' രമയുടെ ചോദ്യം ഒറ്റ വാക്കിൽ ഒതുങ്ങി. 'അറിഞ്ഞു'. എന്റെ ഉത്തരം യാന്ത്രികമായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഞാൻ സാവധാനം മുന്നോട്ടെടുത്തു. ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു മുഖം മാത്രമേ വഴിനീളെ ഞാൻ കാണുന്നുണ്ടായിരുന്നുള്ളൂ. അത് മറ്റാരുമല്ലായിരുന്നു. ഒരിക്കലും മായാത്ത, മങ്ങാത്ത ചിരിയുടെ ഉടമ. ഞാൻ എന്നും സ്‌നേഹത്തോടെ വിളിക്കുന്ന ജോർജ് പി. 'വി.പി.ജിയല്ലേ...' ആ ശബ്ദവും മറ്റാരുടേയുമല്ലായിരുന്നു.
30 വർഷങ്ങൾക്ക് മുൻപേ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പല വേദികൾ പങ്കിട്ടുണ്ടെങ്കിലും ജോർജ് പിയെ അടുത്തറിയുന്നത് ഞാൻ ലേക്‌ഷോർ ആശുപത്രിയിൽ വന്നതിന് ശേഷമാണ്. ചിരിക്കുന്ന മുഖങ്ങൾ അപൂർവമായി മാത്രം കാണുന്ന ആശുപത്രിയിൽ ചിരി മായാത്ത ഒരുമുഖം. അതാണ് എന്റെ മനസ്സിൽ പതിഞ്ഞത്, എന്നെ ആകർഷിച്ചത്. 'കൊച്ചിയിലേക്ക് സ്വാഗതം വി.പി.ജി.' കൈപിടിച്ച് കുലുക്കിക്കൊണ്ടുള്ള ആദ്യ സംഭാഷണം. ആശുപത്രിയുടെ ആരംഭകാലമായിരുന്നതിനാൽ ഡോക്ടർമാർക്ക് ഇന്നത്തെപ്പോലെ തിരക്കൊന്നുമില്ലായിരുന്നു. കുറേയധികം സമയം കാന്റീനിൽ സൊറ പറഞ്ഞിരിക്കുമായിരുന്നു ഞങ്ങളെല്ലാവരും. അധികമൊന്നും സംസാരിക്കാതെ ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരനായിരുന്നു ജോർജ് പി. ഇടയ്ക്ക് എഴുന്നേറ്റ് ഓപ്പറേഷൻ തീയേറ്ററിലേക്ക് ഓടിപ്പോകുന്ന ആ ചെറിയ വലിയ മനുഷ്യന്റെ ചിത്രമാണ് ഇന്നും എന്റെ മനസ്സിൽ. അങ്ങേർക്ക് നടക്കാനറിയില്ലേയെന്ന് ഞാൻ മനസ്സിൽ പലവട്ടം ചോദിച്ചിട്ടുണ്ട്.
Content Highlights: dr vp gangadharan remembering dr george p abraham