'ഞാൻ ഉള്ളിടത്തോളം നിന്നെ ഒന്നിനും വിട്ടുകൊടുക്കില്ല എന്നു പറഞ്ഞ് അദ്ദേഹം ആദ്യം പോയി' | സ്നേഹഗംഗ

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തുടര്‍ പരിശോധനയ്‌ക്കെത്തിയ ലില്ലിയുടെ മുഖം മ്ലാനമായിരുന്നു. കോവിഡ് കാരണം രണ്ടു വര്‍ഷം വരാന്‍ സാധിച്ചില്ല, സാറ് വഴക്കു പറയരുത്. കൈയിലിരുന്ന ബൈബിളില്‍ നിന്ന് ഒരു ചെറിയ കാര്‍ഡെടുത്ത് എന്റെ നേരേ നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു- എന്നെ പൊന്നുപോലെ നോക്കിയ അദ്ദേഹം... സാറ് ഈ കാര്‍ഡിലോട്ട് ഒന്നു നോക്കിയേ... ചിരിച്ചു കൊണ്ടിരിക്കുന്ന ആ മുഖം... അദ്ദേഹം എന്നെ വിട്ട് പോയി. കോവിഡായിരുന്നു. ഒരാഴ്ച ഐ.സി.യു.വില്‍ കിടന്നു. അന്നും ആ മുഖത്ത് ഇതേ ചിരിയുണ്ടായിരുന്നു.
അവര്‍ വീണ്ടും ആ കാര്‍ഡ് എന്റെ നേരേ നീട്ടിക്കൊണ്ട് പറഞ്ഞു. രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കോവിഡ് കൊണ്ടു പോയി.
ഞാന്‍, അവര്‍ തന്ന ആ കാര്‍ഡിലൂടെ കണ്ണോടിച്ചു. ഏറ്റവും മുകളില്‍ യേശുക്രിസ്തുവിന്റെ ചിത്രം. സ്‌നേഹസ്മരണയ്ക്ക് എന്നെഴുതിയതിനു താഴെ ചിരിച്ചു കൊണ്ടിരിക്കുന്ന ഷെല്ലിയുടെ ചിത്രം. കോട്ടും ടൈയുമണിഞ്ഞ് സുന്ദരനായിരിക്കുന്നു. അദ്ദേഹം ഇതേ വേഷത്തില്‍ തന്നെയാണ് ആശുപത്രിയിലും വരാറുള്ളതെന്ന് ഞാന്‍ ഓര്‍ത്തു.
Content Highlights: dr vp gangadharan column snehaganga