മഴക്കാലത്തെ ഉത്തമപാനീയം; ചൂടോടെ കുടിക്കാം ചുക്കുകാപ്പി

representative image|photo:canva
representative image|photo:canva

മഴയെത്തിയതോടെ പലര്‍ക്കും ജലദോഷവും തൊണ്ടവേദനയുമെല്ലാം ഒഴിയാതെയായി. മഴക്കാലത്തെ അസ്വസ്ഥകള്‍ക്ക് ചുക്കുകാപ്പി പണ്ടുമുതലേയുള്ള ഒരു ഒറ്റമൂലിയാണ്. ജലദോഷപ്രശ്നങ്ങള്‍ക്കെല്ലാം താത്കാലിക പരിഹാരം ഇത് നല്‍കുമെന്നത് ചുക്കുകാപ്പി കുടിച്ചിട്ടുള്ളവര്‍ക്ക് അറിയാം. അല്ലെങ്കിലും മഴത്തണുപ്പില്‍ ചൂട് പകരാന്‍ ചുക്കുകാപ്പി കുടിക്കുന്നത് നല്ലതാണ്. എളുപ്പത്തിലുള്ള ഒരു ചുക്കുകാപ്പിയുണ്ടാക്കി നോക്കാം.

ചേരുവകള്‍

ചക്കര\ശര്‍ക്കര- 3 ടേബിള്‍ സ്പൂണ്‍
പൊടിച്ച ചുക്ക് - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടിച്ചത് - അരടീസ്പൂണ്‍
തുളസിയില - 6 എണ്ണം
കാപ്പിപ്പൊടി - കാല്‍ ടീസ്പൂണ്‍
ഏലയ്ക്ക - 2
മല്ലി ( പൊടിക്കാത്തത്) - 1 ടേബിള്‍ സ്പൂണ്‍

രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. ഇതിലേയ്ക്ക് ചുക്ക് പൊടിയും ചക്കര, തുളസിയിലയും മല്ലിയും ഇട്ട് വീണ്ടും തിളപ്പിക്കണം. ശേഷം ഏലയ്ക്ക തൊലി കളഞ്ഞതും കുരുമുളകുപൊടിയും കാപ്പിപ്പൊടിയും ചേര്‍ത്തുകൊടുക്കാം. മിശ്രിതം തിളച്ച് പകുതി അളവ് ആകുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റാം.  ശേഷം അരിച്ചെടുത്ത് ചൂടോടെ കുടിയ്ക്കാം.
 

Content Highlights: chukku kappi recipe