പാലില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍; ഗുണങ്ങളറിഞ്ഞിരിക്കാം

പാല്‍ കുടിക്കുന്നത് നമ്മളില്‍ പലരുടേയും പതിവ് ശീലമാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കും. കാത്സ്യത്തിന്റെ മികച്ച ഉറവിടമായതില്‍ എല്ലുകളുടേയും ആരോഗ്യം ഇത് മെച്ചപ്പെടുത്തും. എന്നാല്‍ പാലില്‍ മധുരത്തിന് നമ്മളില്‍ ഭൂരിഭാഗവും പഞ്ചസാരയാണ് ചേര്‍ക്കുന്നത്. ഇതിന് പകരം ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് കൊണ്ട് ഗുണങ്ങളുണ്ട്. അവ എന്തെന്ന് അറിഞ്ഞിരിക്കാം.
പാലിലെ 'ട്രിപ്‌റ്റോഫാന്‍' എന്ന അമിനോ ആസിഡിന്റെ സാന്നിധ്യമാണ് ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നത്. 'ട്രിപ്‌റ്റോഫാന്‍ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിന്‍, മെലറ്റോണിന്‍ എന്നിവയുടെ ഉത്പാദനത്തിന് ഗുണം ചെയ്യും.
അതിനാല്‍ ഉറക്കം കുറവുള്ളവര്‍ രാത്രി ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലരീതിയില്‍ ഗുണം ചെയ്യും. പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് പാലിന്റെ പോഷകമൂല്യം കൂട്ടാന്‍ സഹായിക്കും. പാലില്‍ കാത്സ്യവും ശര്‍ക്കരയില്‍ മഗ്‌നീഷ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. അതിനാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കാം. ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിനും ഇത് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്താന്‍ ഉപകാരപ്പെടുന്ന ഒന്നാണ് ശര്‍ക്കര. പാലില്‍ ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ നല്ലതാണ്. പതിവായി രാത്രി പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന പഠനങ്ങളുണ്ട്. പലതരം അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ് പാല്‍. ഇത് പേശീനിര്‍മാണത്തിലും പങ്ക് വഹിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Health Benefits Of Drinking Milk With Jaggery Before Bedtime