അയമോദകമിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം; ഗുണവിശേഷങ്ങള്‍ ഇതൊക്കെ

നമ്മള്‍ പതിവായി കഴിക്കുന്ന ഒന്നല്ല അയമോദകം. എന്നിരിക്കിലും മിക്ക വീടുകളിലും അയമോദകം ഉണ്ടാകാറുണ്ട്. അതിന്റെ ആരോഗ്യഗുണങ്ങളാണ് ഇതിന് പിന്നില്‍. വിറ്റാമിനുകളും ധാതുക്കളുമെല്ലാം ഇതിലടങ്ങിയിട്ടിട്ടുണ്ട്. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അയമോദക വെള്ളത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തിലൊരു പരിഹാരമാണ് അയമോദകവെള്ളം. അസിഡിറ്റി, നെഞ്ചെരിച്ചില്‍, ഗ്യാസ് കയറി വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് അകറ്റാന്‍ അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. ഫാര്‍മകോഗ്നസി റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മെറ്റബോളിസം കൂട്ടാനും ഇതിന് കഴിവുണ്ട്.
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇതിന് കഴിവുണ്ട്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും അയമോദക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ചര്‍മത്തെ ആരോഗ്യമുള്ളതാക്കിത്തീര്‍ക്കുന്നതിനും അയമോദക വെള്ളം പതിവാക്കാം. സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും സന്ധിവേദനയെ കുറയ്ക്കാനും അയമോദക വെള്ളം കുടിയ്ക്കാം.
അതുപോലെ പ്രമേഹരോഗികളും അയമോദവെള്ളം കുടിക്കുന്നത് നല്ലതാണ്.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി അയമോദകം ഇട്ട വെള്ളം കുടിയ്ക്കാം. കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്. സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
തയ്യാറാക്കുന്ന രീതി
അയമോദക വെള്ളം വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം. ഇതിനായി ആദ്യം ഒരു ടേബിള്‍സ്പൂണ്‍ അയമോദകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിരാന്‍ വെയ്ക്കുക. രാവിലെ, ഈ മിശ്രിതം ഒന്ന് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഈ വെള്ളം ഉപയോഗിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of ajwain water