ഇങ്ങനെ അപമാനിക്കരുത് ; ഹെല്‍ത്തി മോമോസ് ഇഷ്ടപ്പെടാതെ ഭക്ഷണപ്രേമികള്‍

photo|instagram.com/lifewithdarpan/
photo|instagram.com/lifewithdarpan/

സ്ട്രീറ്റ് ഫുഡ് ഇഷ്ടമില്ലാത്തര്‍ വളരെ കുറവാണ്. പലർക്കും പ്രിയപ്പെട്ടൊരു സ്ട്രീറ്റ് ഫുഡാണ് മോമോസ്. ചീസ് നിറച്ച് മോമോസ്, ചിക്കന്‍ മോമോസ് തുടങ്ങി വെജ് മോമോസിന് വരെ വലിയ ആരാധകരുണ്ട്. എത്ര കഴിച്ചാലും മടുക്കാത്തൊരു വിഭവം കൂടിയാണിത്.

വിവിധതരം പാചകരീതികളുടെ വീഡിയോകളാണ് സാമൂഹികമാധ്യമങ്ങളില്‍ ഒരോ ദിവസവും പ്രചരിക്കുന്നത്. ചിലപ്പോള്‍ ഭക്ഷണപ്രേമികള്‍ ഇതിനെ വിമര്‍ശിച്ചും മുന്നോട്ട് വരാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലഖ്‌നൗവില്‍ നിന്നുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് ഈ ഹെല്‍ത്തി മോമോസ് തയ്യാറാക്കുന്നത്. ഫിറ്റ്‌നസ് പ്രേമികള്‍ക്കും ധൈര്യത്തോടെ കഴിക്കാവുന്ന ഭക്ഷണമാണിത്. കാരണം ഇതിന്റെ പാചകരീതി തന്നെയാണ്. കാബേജ് ഇലയിലാണ് മോമോസ് തയ്യാറാക്കുന്നതെന്നാണ് ഇവിടുത്തെ പ്രത്യേകത. മോമോസിനുള്ള ഫില്ലിങ് കാബേജ് ഇലയില്‍ നന്നായി പൊതിയുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്.

ശേഷം ഇത് ആവിയില്‍ വേവിച്ചെടുക്കുന്നു. പാനില്‍ നെയ്യൊഴിച്ച് ഇവ ഫ്രൈ ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. സോസിനൊപ്പം വിളമ്പുന്നതും വീഡിയോയില്‍ കാണാം. ലഖ്‌നൗവിലെ ഈ സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ മൈദയില്ലാത്ത ഈ ഹെല്‍ത്തി മോമോസ് വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെ വരെ 150 വിലയിലാണ് ലഭ്യമാകുന്നത്. എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്.

വീഡിയോ മൂന്നു മില്യണിലധികം ആളുകളാണ് ഇതിനകം കണ്ടത്. ഇത്തരത്തില്‍ മോമോസിനെ അപമാനിക്കരുത്, മൈദ പറ്റില്ലെങ്കില്‍ പകരം ആട്ടയുപയോഗിക്കണം, ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെ പാചകക്കാര്‍ക്ക് തെറാപ്പി കൊടുക്കേണ്ട സമയം വന്നിരിക്കുന്നു എന്നു തുടങ്ങി നിരവധി നിഷേധാത്മക കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Content Highlights: Momos, Street Vendor,Lucknow,food,chicken momos,veg momo