വെണ്ടയ്ക്ക ഇങ്ങനെ കഴിച്ചിട്ടുണ്ടോ ; വാഴയിലയില്‍ പൊള്ളിച്ച ഉഗ്രന്‍ വിഭവം

#ഷെഫ് രഞ്ജിത്ത് അമ്പാട്ട്
വെണ്ടയ്ക്ക പൊള്ളിച്ചത് | Photo: Mathrubhumi
വെണ്ടയ്ക്ക പൊള്ളിച്ചത് | Photo: Mathrubhumi

രീരത്തിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പ്രധാന പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിയ്ക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. വെണ്ടയ്ക്ക കൊണ്ടുള്ള അതീവ രുചികരമായ ഒരു വിഭവം പരീക്ഷിക്കാം. മീന്‍ പൊള്ളിച്ചത് പോലെ വെണ്ടയ്ക്കയും പൊള്ളിച്ചെടുക്കാം. ചോറിനൊപ്പം കഴിയ്ക്കാന്‍ നല്ലൊരു കോമ്പിനേഷനാണിത്.

ചേരുവകള്‍ 

  • വെണ്ടയ്ക്ക-  6 
  • സവാള - 1
  • തക്കാളി-1 1/2 (പേസ്റ്റാക്കിയത്)
  • പച്ചമുളക്-1 
  • ഉണക്കമുളക്- 2 
  • കറിവേപ്പില-  1 തണ്ട് 
  • കാശ്മീരി  മുളകുപൊടി- 1/2 ടീ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- 1 ടീ സ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • കുരുമുളക് പൊടി- 1 ടീ സ്പൂണ്‍
  • വെളിച്ചെണ്ണ - 2 ടീ സ്പൂണ്‍
  • വാഴയില-1

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്കയില്‍ നാലു വശങ്ങളിലും നീളത്തില്‍ നല്ലരീതിയില്‍ കത്തിയുപയോഗിച്ച് വരഞ്ഞുകൊടുക്കുക. ഒരു പാനെടുത്ത് ചൂടാക്കി അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് വെണ്ടയ്ക്ക ഇട്ട് നന്നായി മറിച്ചും തിരിച്ചുമിട്ട് വഴറ്റുക. ശേഷം അതിലേയ്ക്ക് ഒരു നുള്ള് വീതം കാശ്മീരി മുളകുപൊടിയും മഞ്ഞള്‍പൊടിയും ഇട്ട് കൊടുക്കാം. വെണ്ടയ്ക്ക നന്നായി രണ്ടു മിനിട്ട് ഗ്രില്‍ ചെയ്‌തെടുക്കണം. 

ഈ വെണ്ടയ്ക്ക മാറ്റി വെച്ചതിന് ശേഷം അതേ പാനിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം.ചൂടായി വരുമ്പോള്‍ ചെറുതായി അരിഞ്ഞ ഒരു സവാള, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, കറിവേപ്പില ,ഉണക്കമുളക് എന്നിവ ചേര്‍ത്തുകൊടുക്കാം. ഇവയെല്ലാം നന്നായി വഴറ്റി വരണ്ട് വരുമ്പോള്‍ ഒന്നര തക്കാളി പേസ്റ്റാക്കി ഇതിലേയ്ക്ക്  ഇട്ടു കൊടുക്കുക.

എല്ലാം നന്നായി യോജിപ്പിച്ച് ഇളക്കിയെടുക്കാം. അതിലേക്ക് ബാക്കിയുളള കാശ്മീരി മുളക് പൊടി, മഞ്ഞള്‍പ്പൊടി ,കുരുമുളകുപൊടി എല്ലാം ചേര്‍ക്കണം. അതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച വെണ്ടയ്ക്ക് ഇട്ട് നന്നായി മസാലയില്‍ പൊതിഞ്ഞെടുക്കുക. വാഴയില വാട്ടിയെടുത്ത് അതിലേയ്ക്ക് വെണ്ടയ്ക്കയും മസാലയും അതിലേയ്ക്ക് വെച്ച് നന്നായി പൊതിഞ്ഞുകെട്ടുക. പാനിലേയ്ക്ക് കുറച്ച് എണ്ണയൊഴിച്ച് വാഴയില അതില്‍ വെച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കാം. ചൂടോടെ വിളമ്പാം. 


ശ്രദ്ധിക്കുക : ഇതില്‍ വേണമെന്നുണ്ടെങ്കില്‍ തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്. 

Content Highlights: vendakka pollichathu recipe