ബിരിയാണിയും നെയ്ചോറും മടുത്തോ? തയ്യാറാക്കാം കൂന്തൾ ചോറും റൈത്തയും

#അഫ്സാന ഭായി
കൂന്തൾ ചോറും റെയിത്തയും
കൂന്തൾ ചോറും റെയിത്തയും

ചില വിഭവങ്ങൾ അങ്ങനെയാണ്...തയ്യാറാക്കാൻ ഏറെ സമയം വേണ്ടിവന്നേക്കുമെന്ന് തോന്നും. എന്നാൽ പാകം ചെയ്തു വരുമ്പോൾ സിമ്പിൾ ആയിരിക്കും. അത്തരത്തിലൊരു വിഭവമാണ് ഇന്ന് ലഞ്ച് ബോക്‌സ് പരിചയപ്പെടുത്തുന്ന കൂന്തൾ ചോറ്.

രണ്ട് രീതിയിൽ കൂന്തൾ ചോറ് തയാറാക്കാം

കൂന്തൾ ചോറ്

  1. കൂന്തൾ (കഴുകി വൃത്തിയാക്കി കഷ്ണങ്ങൾ ആക്കിയത്) - 1 1/2 കപ്പ്
  2. കൈമ/ ജീരകശാല അരി - 1 1/4 കപ്പ്
  3. സവാള - 2 വലുത്
  4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
  5. തക്കാളി - 1 വലുത്
  6. പച്ചമുളക് - 2 എണ്ണം
  7. മുളകുപൊടി - 2 ടീസ്പൂൺ
  8. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  9. ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
  10. ഏലക്ക - 4 എണ്ണം
  11. ഗ്രാമ്പൂ - 4 എണ്ണം
  12. കറുകപ്പട്ട - 2 ചെറിയ കഷണം
  13. മല്ലിയില - 1/4 കപ്പ്
  14. നെയ്യ് - 1 ടേബിൾസ്പൂൺ
  15. എണ്ണ - 2 ടേബിൾസ്പൂൺ
കൂന്തൾ ചോറ്

ഒന്നാമത്തെ വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ, നെയ്യ് എന്നിവ ഒഴിച്ച് ഏലക്ക, പട്ട, ഗ്രാമ്പൂ എന്നിവ മൂപ്പിച്ച് സവാളയോടൊപ്പം വഴറ്റിയെടുക്കാം. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് മൂന്നും കൂടി ചേർത്ത് വഴറ്റുക. പച്ചമണം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളക്പൊടി, ഗരം മസാല എന്നിവ മൂപ്പിക്കാം. തക്കാളിയും ഇതിലേക്ക് ചേർക്കാം. അതിലേക്ക് കൂന്തൾ കഷ്ണങ്ങൾ യോജിപ്പിച്ച് പാകത്തിന് ഉപ്പ് ചേർത്ത് അടച്ച് വെച്ച്‌ വേവിക്കുക.

കൂന്തൾ പകുതി വേവായാൽ കഴുകി ഊറ്റി വെച്ചിരിക്കുന്ന അരി ഇതിലേക്കിട്ട് ഒരു മിനുട്ട് വഴറ്റുക. അതിലേക്ക് മൂന്നര കപ്പ് തിളച്ച വെള്ളം ഒഴിച്ചുകൊടുക്കുക. അല്പം മല്ലിയില കൂടെ വിതറി ചെറുതീയിൽ വേവിക്കുക.

രണ്ടാമത്തെ വിധം

കൂന്തളിൽ മുളക്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി ഉപ്പ് എന്നിവ പുരട്ടി അല്പം എണ്ണയിൽ വറുത്ത് മാറ്റുക. അതേ പാത്രത്തിൽ അല്പം നെയ്യ് കൂടെ യോജിപ്പിച്ച് മേലെ പറഞ്ഞ വിധം ചോറ് തയാറാക്കാം. ശേഷം വറുത്ത കൂന്തൾ കഷ്ണങ്ങൾ മേലെ നിരത്തി അൽപസമയം മൂടി വച്ച് യോജിപ്പിച്ചെടുക്കാം.

മിക്സഡ് വെജിറ്റബിൾ റൈത്ത 

  1. പുളി കുറഞ്ഞ കട്ടിതൈര് - 2 കപ്പ്
  2. സവാള അരിഞ്ഞത് - 1/2 കപ്പ്
  3. കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്
  4. കുക്കുമ്പർ ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്
  5. തക്കാളി ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
  6. പച്ചമുളക് - 1
  7. പുതിനയില - 3 എണ്ണം
  8. മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  9. ഇഞ്ചി ചെറുതായി അരിഞ്ഞത് - 1/2 ടീസ്പൂൺ
  10. ജീരകം പൊടിച്ചത് - ഒരു നുള്ള്
  11. ഉപ്പ് - പാകത്തിന്

ചേരുവകൾ എല്ലാം തന്നെ ചെറുതായി അരിഞ്ഞ് യോജിപ്പിച്ച് എടുക്കുക. റൈത്ത തയ്യാർ

റൈത്ത

Content Highlights: Learn 2 simple methods to make delicious Koonthal (Squid) Rice.