മാവ് പുളിപ്പിക്കണ്ട; പ്രാതലിന് കഴിക്കാം കക്കരിക്ക ചേര്‍ത്ത് ചുട്ടെടുത്ത 'തവ്ശാ പോളോ'

#പ്രിയ ആര്‍. ഷേണായ്‌
തവ്ശാ പോളോ
തവ്ശാ പോളോ

പ്രാതലിന് മധുരവിഭവങ്ങള്‍ കഴിക്കാന്‍ പൊതുവെ ഇഷ്ടപ്പെടുന്നവരാണ് കൊങ്കണികള്‍. ഇതില്‍ 'സുര്‍ണലി' എന്നുവിളിക്കുന്ന മധുരദോശയും, 'ഗോഡി ഇഡ്ഡ്‌ലി' എന്ന മധുരഇഡ്ഡലിയും, കട്ടിയുള്ള ഓറോട്ടി പോലുള്ള വിഭവം ശര്‍ക്കര പാനിയില്‍ തേങ്ങ ചേര്‍ത്ത് വിളയിക്കുന്ന 'സുര്‍ലി ഭാക്രി' പോലുള്ള വിഭവങ്ങളും ഉള്‍പ്പെടും. ഇവയില്‍ മിക്കവയും വിശേഷദിവസങ്ങളിലായിരിക്കും ആയിരിക്കും ഉണ്ടാക്കുക. രാവിലെ തന്നേ മധുരം കഴിച്ചു ദിവസം തുടങ്ങാന്‍ ഏറെ ഇഷ്ടമാണ് കൊങ്കണികള്‍ക്ക്.

അത്തരത്തിലെ ഒരു സ്‌പെഷ്യല്‍ ദോശയാണ് ഇന്ന് പരിചയപ്പെടുത്തുന്ന 'തവ്ശാ പോളോ 'അല്ലെങ്കില്‍ കക്കിരിക്ക ദോശ. 'തവ്ശാ ' എന്നാല്‍ കക്കിരിക്കയ്ക്കുള്ള കൊങ്കണി പേര്. 'പോളോ ' എന്നാല്‍ ദോശയും. ഈ ദോശ ശര്‍ക്കര ചേര്‍ത്ത് മധുര ദോശയായും പച്ചമുളക് ചേര്‍ത്ത് സാദാ ദോശയായും വിളമ്പും. രണ്ടിനും ഒരേ മാവ് ആയതുകൊണ്ട് തന്നെ മിക്കവാറും രണ്ടു തരത്തിലും ഞങ്ങള്‍ ഒരേ നേരം തവ്ശാ ദോശ ഉണ്ടാക്കും.

കക്കിരിക്ക അല്ലേങ്കില്‍ സാലഡ് വെള്ളരി പൊതുവെ നമ്മള്‍ പാകം ചെയ്യാതെ, പച്ചയ്ക്ക് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് അല്ലേ. എന്നാല്‍ ഈ ദോശ മൊരിഞ്ഞു വരുമ്പോള്‍, അതില്‍ ചേര്‍ത്ത കക്കിരിക്ക പാകമാകുന്ന ഒരു മണമുണ്ട്. സത്യം പറഞ്ഞാല്‍ ആ ഒരൊറ്റ മണം മാത്രം മതി ഒരു കറീം കൂട്ടിനില്ലാതെ ഇത് കഴിക്കാന്‍. ഇനി മധുര ദോശയാണേല്‍ വെണ്ണ ചേര്‍ത്തും കഴിക്കും

ചേരുവകള്‍ 

  • പച്ചരി -  2 കപ്പ് 
  • തേങ്ങാ -  1 കപ്പ് 
  • കക്കിരിക്ക -1 വലുത്
  • ശര്‍ക്കര - ആവശ്യത്തിന് 
  • ഉപ്പ് - ഒരു നുള്ള് 
  • നെയ്യ്   - ദോശ ചുടാന്‍ ആവശ്യത്തിന്
  • വെള്ളം -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി ഒരു മൂന്ന് മണിക്കൂര്‍ വരെ കുതിര്‍ത്തു വയ്ക്കുക. ശേഷം തേങ്ങാ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കക്കിരിക്ക ഒരു ഗ്രേറ്റര്‍ ഉപയോഗിച്ച് ചീവിയത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശര്‍ക്കര പൊടിച്ച് അല്പം വെള്ളത്തില്‍ നന്നായി അറിയിക്കുക. ശേഷം കരട് വല്ലതും ഉണ്ടെങ്കില്‍ കളയാനായി അരിച്ചു വെയ്ക്കുക. ഇത് മാവിലേക്ക് ചേര്‍ക്കാം. ശര്‍ക്കര ചേര്‍ക്കുമ്പോള്‍ മാവിന്റെ അയവു നേര്‍ത്തു വരുന്നത് കൊണ്ട് പച്ചരി അരയ്ക്കുമ്പോള്‍ വെള്ളം ഇത്തിരി കുറച്ചു ചേര്‍ക്കുക.

ഒരു നുള്ള് ഉപ്പും കൂടെ ചേര്‍ക്കാം. മാവിന്റെ അയവ് ഒരുപാട് കട്ടിയാകരുത് തീരെ നേര്‍ത്തു പോവുകയും വേണ്ട.

മാവ് പുളിപ്പിക്കാറില്ല. ഉടനെ തന്നെ നമുക്ക് ദോശ ചുടാവുന്നതാണ്. സാധാരണ ദോശ പോലെ ഒരു പാട് നേര്‍ത്ത് പരത്താറില്ല. രണ്ടു വശവും ചുട്ടെടുക്കണം. നെയ്യൊഴിച്ചാല്‍ നല്ല മണം കിട്ടും. താത്പര്യമില്ലാത്തവര്‍ക്ക് എണ്ണ ഉപയോഗിക്കാം. മധുരം താത്പര്യമില്ലാത്തവര്‍ക്ക് ഇതേ മാവില്‍ പച്ചമുളക് അരിഞ്ഞ് ചേര്‍ത്തുണ്ടാക്കാം. ഉപ്പ് പാകത്തിനും ചേര്‍ക്കാം. ശര്‍ക്കര ഒഴിവാക്കാം.

Content Highlights: konkani vasari, konkani food, recipe, food