കൊങ്കണി രുചിയില്‍ തുവര വെക്കാം ; സ്വാദിഷ്ടമായ തോരി സുക്കെ

വിവിധയിനം പയറുകള്‍ നമ്മള് പാചകത്തിന് ഉപയോഗിക്കാറുണ്ട്. പോഷകങ്ങള്‍ നിറഞ്ഞതും രുചിയേറിയതുമായ ഇവയുടെ വിഭവങ്ങള്‍ എല്ലാവര്ക്കും പൊതുവേ ഇഷ്ടമാണ്. ഒട്ടുമിക്ക പയറുകളും കൊങ്കണി പാചകത്തില്‍ ഒഴിച്ചുകൂട്ടാനാവാത്തവയാണ്. അതിപ്പോള്‍ സാധാരണ ചെറുപയറിനും വന്‍പയറിനും കടലയ്ക്കും പുറമെ മുതിരയും രാജ്മയും പല തരത്തിലുള്ള അമരപയര്മണികളും ഒക്കെ കൊങ്കണിപാചകത്തില് സജീവമാണ്. ഇവയില്‍ ഏറ്റവും ജനപ്രിയമുള്ള ചിലത് കൂടെ പരിചയപ്പെടുത്താം.
'തിങ്കളവര ' എന്ന പേരില്‍ വിളിക്കുന്ന കുഞ്ഞ് വെള്ളപയര്‍ മണികള്‍ സദ്യകളില്‍ പോലും ഉള്‍പ്പെടുത്തും. Navy beans എന്നും butter beans എന്നും ഇവയ്ക്ക് ഇംഗ്ലീഷില്‍ പേരുകളുണ്ട്. കാഴ്ച്ചയില്‍ സോയ ബീന്‍സിനോട് സാമ്യം തോന്നുമെങ്കിലും അവയില്‍ നിന്നും തീര്‍ത്തും വ്യത്യാസമുള്ള ഒന്നാണിത്. 'ജൈനവര ' എന്ന പേരില്‍ അറിയപ്പെടുന്ന പയര്‍ ആണെങ്കില്‍ ഇടിച്ചക്ക ചേര്‍ത്തുള്ള കറിക്ക് ഏറ്റവും അനുയോജ്യമാണ്.
എന്നാല്‍ ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് തുവര തന്നെയാണ്. കറുത്ത നിറത്തില്‍ കുരുമുളകിനോളം വലുപ്പത്തിലുള്ള ഈ പയര്‍ മണികള്‍ വടക്കന്‍ കേരളത്തിലും പാലക്കാടും ഒക്കെ ഏറെ സുലഭമായി ലഭിക്കുന്നവയാണ്. 'തോരി' എന്നാണ് കൊങ്കണിയില്‍ തുവരയെ വിളിക്കുക. തേങ്ങാ ചേര്‍ക്കാതെ ' തോരി സാറു' എന്നാ ചാറ് കറിയും , തേങ്ങ അരച്ചുള്ള ' തോരി ഘശി' യും
തോരി ബെന്തിയുമൊക്കെ കൊങ്കണി അടുക്കളകളില്‍ നിത്യമെന്നോണം ഉണ്ടാക്കുന്ന കറികളാണ്.
തുവര കൊണ്ടുള്ള വളരെ രുചിയുള്ള ' തോരി സുക്കെ ' എന്ന ചാറ് അധികം ഇല്ലാതെ കൂട്ടുകറി പരുവത്തില്‍ വിളമ്പുന്ന കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.ചോറിനും കഞ്ഞിക്കുമൊക്കെ ഇത് ഉത്തമമാണ്. തുവരയ്ക്ക് പുറമെ ഈ സുക്കെയില് ഇടിച്ചക്കയോ ചേനയോ കൂര്‍ക്കയോ ഒക്കെ അതാത് സമയത്തെ ലഭ്യതയ്ക്കനുസരിച്ചു ചേര്‍ക്കും.പ്രത്യേകിച്ച് പച്ചക്കറികള്‍ ഒന്നും ചേര്‍ക്കാതെ തുവര മാത്രമായും സുക്കെ തയ്യാറാക്കാം. ഇത്തവണ ഞാന്‍ ചേര്‍ത്തത് ചൗ ചൗ എന്ന പച്ചക്കറിയാണ്.
സവാള ചേര്‍ത്തും ചേര്‍ക്കാതെയും സുക്കെ തയ്യാറാക്കാം. വിശേഷ ദിവസങ്ങളില്‍ സവാള കൊങ്കണികള്‍ ഒഴിവാക്കുന്നതിനാല്‍ വിവാഹ സദ്യകളിലും ക്ഷേത്ര സദ്യകളിലും ' തോരി സുക്കെ ' യില്‍ സവാള ചേര്‍ക്കാറില്ല. ഈ കുറിപ്പില്‍ സവാള ചേര്‍ക്കുന്ന സുക്കെയാണ് പരിചയപ്പെടുത്തുന്നത്.
പാചകരീതിയിലേക്ക്
ചേരുവകള്‍
1.തുവര - ഒന്നര കപ്പ്
2.സവാള - 1 വലുത്
3.തേങ്ങാ - മുക്കാല്‍ കപ്പ്
4. മല്ലി - 2 ടീസ്പൂണ്‍
5.ഉഴുന്ന് - ഒന്നര ടീസ്പൂണ്‍
6. വറ്റല്‍ മുളക് - 8-10
7.വാളന്‍ പുളി - ഒരു ചെറിയ കഷ്ണം
8.കടുക്, കറിവേപ്പില, വെളിച്ചെണ്ണ താളിക്കാന്‍
9. ഉപ്പ് - ആവശ്യത്തിന്
സാധാരണ തുവര നേരത്തെത്തന്നെ കുതിര്‍ത്തു വെക്കാറില്ല. നേരിട്ട് കുക്കറില്‍ ആവശ്യത്തിന് വെള്ളമൊഴിച്ചു 20-25 മിനിറ്റുകള്‍ വേവിക്കും. തലേന്ന് കുതിര്‍ത്തു വെച്ചാല്‍ ഒന്നോ രണ്ടോ വിസിലുകള്ക്കുള്ളില് വെന്തും കിട്ടും. നിങ്ങളുടെ ഇഷ്ടപ്രകാരം കുതിര്‍ത്തോ കുതിര്ക്കാതെയോ കുക്കറില്‍ വേവിച്ചു വെയ്ക്കുക.കൂടുതലുള്ള ചാറ് കളയരുത്.
ഇനി ഒരു ചെറിയ പാനില്‍ 1 ടീസ്പൂണ്‍ എണ്ണ ചൂടാക്കി മല്ലിയും ഉഴുന്നും വറ്റല്‍മുളകും ചെറുതീയില്‍ ചുവക്കെ വറുക്കുക.ശേഷം ഈ വറുത്ത ചേരുവകളും, തേങ്ങയും പുളിയും ചേര്‍ത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക. ( തേങ്ങാ വറുക്കാറില്ല ).
ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിച്ചു സവാള ചേര്‍ത്ത് നിറം മാറും വരെ വഴറ്റുക. ഇതിലേക്ക് വേവിച്ചുവെച്ച തുവരയും അതിന്റെ ചാറും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
തിളച്ചു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് ചെറുതീയില്‍ വെച്ച് എല്ലാം നന്നായി ഒരുമിച്ചു വരുന്നവരെ പാകം ചെയ്യുക. എരിശ്ശേരിയുടെയൊക്കെ പരുവമാണ് ഈ കറിക്കും. അന്നേരം വാങ്ങി വെയ്ക്കാം. പച്ചക്കറികള്‍ ചേര്ക്കുന്നുണ്ടെങ്കില് തുവര വേവിയ്ക്കുമ്പോള്‍ ഒടുക്കം അവയും ചേര്‍ത്ത് കുക്കറില്‍ ഒരു വിസില്‍ വരുന്ന വരേ വേവിയ്ക്കണം.
Content Highlights: konkani recipe,thori sukke , konkani food recipes,konkani food items,konkani food menu, konkani food