കനലില്‍ ചുട്ടെടുത്ത വഴുതനങ്ങ; ഇത് നാവില്‍ രുചിയൂറും ഭാര്‍ത

#പ്രിയാ ആർ ഷെണോയ്
വഴുതനങ്ങ കൊണ്ടുള്ള ഭാർത
വഴുതനങ്ങ കൊണ്ടുള്ള ഭാർത

നലിൽ ചുട്ടെടുത്തുണ്ടാക്കുന്ന വിഭവങ്ങൾക്ക് അപാര രുചിയുണ്ടാകുന്നതിലുള്ള കാരണങ്ങളിലൊന്ന് ആ മണമാണ്. നല്ല കനലിൽ ചുട്ട് കരിഞ്ഞതിന്റെ മണം. അതിപ്പോ ചുട്ട മധുരക്കിഴങ്ങോ കപ്പയോ നേന്ത്രപ്പഴമോ എന്തുമാകട്ടെ. ഗുണവും രുചിയും മണവും എല്ലാം ചേർന്ന് നമുക്ക് സമ്മാനിക്കുന്നത് നാവുകളിൽ എന്നും നിലനിൽക്കുന്ന മറക്കാനാവാത്ത രുചിയോർമകൾ തന്നെയാണ്. 

ഇന്ന് വീടുകളിൽ നിന്നും വിറകടുപ്പും കനലുമൊക്കെ അപ്രത്യക്ഷമാവുന്നത് കൊണ്ട് ഇത്തരം രുചികളിൽ ചിലതെങ്കിലും പുതു തലമുറ അറിഞ്ഞിട്ടും കൂടെയുണ്ടാവില്ല. എന്നാൽ ഒരിക്കലെങ്കിലും രുചിച്ചവർ വല്ലപ്പോഴുമെങ്കിലും ഒരു തിരിച്ചു പോക്ക് നടത്താൻ ആഗ്രഹിക്കും. അത്തരത്തിൽ ഒരു രുചിയോർമകളിലേക്കുള്ള കൂപ്പുകുത്താണ് ഇന്നത്തെ വിഭവമായ വഴുതനങ്ങ കൊണ്ടുള്ള 'ഭാർത'.  പഞ്ചാബികളുടെ "ബൈങ്കൻ കാ ഭർത്താ"യുടെ കൊങ്കണികളുടെ രുചിപതിപ്പ്. 

വഴുതനങ്ങ തീക്കനലിൽ വെച്ച് ചുട്ട് എടുക്കുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പുറം തൊലി നന്നായി കരിഞ്ഞു അകം നന്നായി വെന്തു വരണം. ചുട്ട വഴുതന കൊണ്ട് കൊങ്കണികൾ ഭാർത്തയ്ക്ക് പുറമെ ഉപ്പും മുളകും പുളിയും ഞെരടി ' ഗൊജ്ജു'വുമുണ്ടാക്കും. താരതമ്യേനെ എളുപ്പവുമാണ്. രുചിയുടെ കാര്യത്തിൽ മുൻപന്തിയിലും. മുൻപൊരിക്കൽ ഇതേ പംക്തിയിൽ അത് ചേർത്തിട്ടുമുണ്ട്.

പഞ്ചാബികളുടെ 'ഭർത്താ'യിൽ നിന്നുമുള്ള വ്യത്യാസം കൊങ്കണികൾ ഇതിൽ തേങ്ങാ കൂടെ അരച്ച് ചേർക്കും. ചോറിനൊപ്പം കറിയായി ആണ് ഇത് വിളമ്പുക. വഴുതന ചുട്ടെടുക്കുന്നതിൽ തീരുന്നു അടുപ്പുമായുള്ള ബന്ധവും. ബാക്കിയുള്ളത് മുഴുവനും അരപ്പും മറ്റ്‌ ചേരുവകളും പച്ചയ്ക്ക് ചേർത്ത് യോജിപ്പിക്കുന്ന പ്രക്രിയയാണ്. വയലറ്റ് വഴുതന അഥവാ കത്തിരിക്ക ആണ് ഇതിന് കൂടുതൽ അനുയോജ്യം. പുഴുക്കുത്ത് ഇല്ലാത്തതും നല്ല ഫ്രഷും ആയ വഴുതന തന്നെ നിർബന്ധമായും എടുക്കേണ്ടതാണ്.

പാചകരീതിയിലേക്ക് : 

വയലറ്റ് വഴുതന / കത്തിരിക്ക -1 വലുത്.
തേങ്ങാ - 1 കപ്പ്‌ 
വറ്റൽ മുളക് - 8 - 10
വാളൻ പുളി -       ഒരു കുഞ്ഞ് നെല്ലിക്ക വലുപ്പത്തിൽ.
സവാള - 1 വലുത് 
ഇഞ്ചി - ഒരിഞ്ച് വലുത് 
ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ - 2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ കത്തിരിക്കയുടെ പുറത്ത് അര ടീസ്പൂൺ വെളിച്ചെണ്ണ തടവുക. ഇനി അടുപ്പിലെ തീക്കനലിലും അല്പം ചൂട് വെണ്ണീരിലുമായി പൊതിഞ്ഞു നന്നായി ചുട്ടെടുക്കുക. പുറം തൊലി കരിഞ്ഞു അകം നന്നായി വെന്തു വരേണ്ടതാണ്. ഇനി അടുപ്പിനുള്ള വകുപ്പ് ഇല്ലാത്തവർ നേരിട്ട് ഗ്യാസടുപ്പിലെ തീയിൽ പിടിച്ചും ചുട്ടെടുക്കാവുന്നതാണ്. ഏകദേശം പത്ത് മിനിറ്റുകൾക്കുള്ളിൽ ഇത് പാകമായി വരും. 
ചിത്രം 1 ഇൽ കാണുന്ന പരുവമാകേണ്ടതാണ്.

ചുട്ട വഴുതന ചൂടാറിയതിനു ശേഷം ഇതിന്റെ കരിഞ്ഞ തൊലി നീക്കി മാറ്റി വെയ്ക്കുക. വറ്റൽ മുളക് ഒരു അര ടീസ്പൂൺ എണ്ണയിൽ ചെറുതീയിൽ വറുത്തെടുക്കുക. തേങ്ങയും വറ്റൽമുളകും പുളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം അധികം ചേർക്കാതെ കട്ടിയ്ക്ക് വേണം അരയ്ക്കാൻ.

ഈ അരപ്പിലേക്ക് ഉപ്പും സവാളയും ഇഞ്ചിയും പൊടിയായി അരിഞ്ഞത് നന്നായി യോജിപ്പിക്കുക. ശ്രദ്ധിക്കുക, ഇതൊന്നും ചൂടാക്കാറില്ല. പച്ചയ്ക്ക് യോജിപ്പിക്കൽ മാത്രമാണ്. ഇനി ചുട്ട വഴുതന ഒരു ഫോർക് കൊണ്ടോ മറ്റോ ഉടയ്ക്കുക. ഉടച്ച വഴുതന അരപ്പിലേക്ക് ചേർത്ത് നന്നായി ഇളക്കി മീതെ പച്ച വെളിച്ചെണ്ണ കൂടെ ചേർക്കുക. വഴുതന കൊണ്ടുള്ള ഭാർത തയ്യാർ.

Content Highlights: konkani recipe bharta made with brinjal