പ്രഭാതഭക്ഷണത്തിനൊപ്പം കഴിയ്ക്കാം ലൊസ്സുനേ ഗൂളി

ചമ്മന്തിയില്ലാതൊരു ദിനം നമ്മുടെ കടന്നു പോകുമോ എന്ന് സംശയമാണ്. പ്രഭാതഭക്ഷണങ്ങൾക്കൊപ്പം മാത്രമല്ല വിഭവ സമൃദ്ധമായ ഊണാണേൽ കൂടേ ഒരിത്തിരി ചമ്മന്തി അതിന്റെ മാറ്റു കൂട്ടുക തന്നെ ചെയ്യും. ഇനി അത്താഴം കഞ്ഞി ആണേൽ പിന്നെ ഒരുരുള ചമ്മന്തിയും ചുട്ട പപ്പടവും കിട്ടിയാൽ അതും കുശാൽ.അത്ര കണ്ടു നമ്മൾ മലയാളികൾ ചമ്മന്തിയുമായി ഇഴ ചേർന്ന് നിൽക്കുന്നു.കൊങ്കണി പാചകത്തിലും വിവിധ തരം ചമ്മന്തികൾ അരങ്ങു വാണു നിൽക്കുന്നു. സാധാരണ തേങ്ങാ ചട്ണി മുതൽ വിവിധ തരം പച്ചക്കറികളും ചേർത്തരച്ച് ചമ്മന്തിയുണ്ടാക്കും. അതിൽ ഉള്ളി വെളുത്തുള്ളി തൊട്ട് ഇടിച്ചക്കയും പാവക്ക പോലും പെടുമെന്നോർക്കണം. കാലാകാലങ്ങളായി കൈമാറി വന്ന ഇത്തരം രുചിക്കൂട്ടുകൾ ശരിക്കും കൊങ്കണി പാചകശാഖയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാകുന്നു. ഉപ്പുമാങ്ങ, ഉപ്പുനെല്ലിക്ക പോലുള്ളവ കൊണ്ടുള്ള ചമ്മന്തികളെ ഗൊജ്ജു എന്നും കൊങ്കണികൾ വിളിക്കും.
പലപ്പോഴും നമ്മൾ ഉപയോഗശൂന്യമെന്ന് കല്പ്പിച്ചു കളയാറുള്ള പീച്ചിങ്ങ തൊലി, മാതളനാരങ്ങയുടെ തൊലി, മത്തങ്ങയുടെ ഉൾഭാഗത്തുള്ള മാംസളമായ കാമ്പ് കൊണ്ടൊക്കെ കൊങ്കണികളുണ്ടാക്കുന്ന ചട്ണിക്കൊക്കെ എന്ത് രുചിയാണെന്നോ. ആരോഗ്യത്തിനും ഏറെ ഉത്തമം. അത്തരത്തിലെ ഒരു പ്രധാനിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വെളുത്തുള്ളിയാണ് പ്രധാന താരം. കാര്യം ചമ്മന്തി തന്നെ ആണെങ്കിലും ഒരു സ്‌പെഷ്യൽ പേരും കൊങ്കണികൾ ചാർത്തി കൊടുത്തിട്ടുണ്ട് - 'ലൊസ്സുനേ ഗൂളി '. പേരിന്റെ നീളം ചമ്മന്തിയുണ്ടാക്കാൻ ഇല്ലാ കേട്ടോ. ലോസ്സുൻ എന്നാൽ കൊങ്കണിയിൽ വെളുത്തുള്ളി എന്നർത്ഥം. ഗൂളി എന്നത് ഈ ചമ്മന്തിയുടെ പേരും. ചോറിനും കഞ്ഞിക്കുമൊപ്പമൊക്കെ ഇത് ഗംഭീരമാണെങ്കിലും, പനിയാരത്തിനൊപ്പം ഇതിന് പ്രത്യേക രുചിയാണ്. ദോശക്കൊപ്പവും ഇഡ്ഡലിക്കോപ്പവുമൊക്കെ ഇത് കഴിക്കാവുന്നതാണ്.ലോസ്സുനെ ഗൂളിയുടെ പാചകരീതിയിലേക്ക്
ചേരുവകൾ
1.വെളുത്തുള്ളി അല്ലികൾ - 8- 10 വരെ
2.വറ്റൽ മുളക് - 4 - 6 എണ്ണം
3.തേങ്ങാ - ഒന്നര കപ്പ്
4.വാളൻ പുളി - ഒരു ചെറിയ കഷ്ണം
5.ഉപ്പ് - ആവശ്യത്തിന്
6.വെളിച്ചെണ്ണ - 1 ടീസ്പൂൺ
പാചകരീതിയിലേയ്ക്ക്
വെളുത്തുള്ളി അല്ലികൾ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയിൽ നല്ല മൊരിഞ്ഞു ബ്രൗൺ കളർ ആകും വരെ വറുത്തെടുക്കുക.
വെളുത്തുള്ളി മാറ്റിയതിന് ശേഷം അതേ എണ്ണയിലേക്ക് വറ്റൽ മുളക് ചേർത്ത് ചെറു തീയിൽ വറുക്കുക.വറുത്ത വെളുത്തുള്ളിയും മുളകും മറ്റു ചേരുവകളും ചേർത്ത് അല്പം വെള്ളം ചേർത്ത് കട്ടിയായി അരച്ചെടുക്കാം.
ലോസ്സുനെ ഗൂളി തയ്യാർ.അരപ്പ് ചൂടാക്കാറില്ല.
Content Highlights: Traditional Konkani recipe known as Lossune Ghuli (garlic chutney), Made with fried garlic, dry red chillies, coconut, and tamarind, Pairs perfectly with rice, conjee, paniyaram, dosa, and idli, Simple and quick preparation method with minimal ingredients