ചക്ക ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ? വെറൈറ്റിയാണ് ഈ കൊങ്കണി വിഭവം

'സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍, ആപത്ത് കാലത്ത് കാ പത്ത് തിന്നാം ' എന്നതു പോലെയുള്ള മുതിര്‍ന്നവര്‍ പറഞ്ഞു തന്ന മൂല്യങ്ങള്‍ അടുക്കളകളില്‍ നടപ്പാക്കുന്നത് വൈവിദ്ധ്യമാര്‍ന്ന അച്ചാറുകളായോ പപ്പടങ്ങളായോ വറ്റലുകളായയോ ഉപ്പിലിട്ടതായോ ആയിട്ടാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
വറുതിക്കാലത്തേക്ക് മറ്റൊന്നുമില്ലെങ്കിലും ഉപ്പിലിട്ട മാങ്ങയും നാരങ്ങയും ചക്കയുമെങ്കിലും കാണും. വായിച്ചത് ശരിയാണോ എന്നല്ലേ? അതേ. ചക്ക തന്നേ. കൊങ്കണികളുടെ ഇഷ്ട വിഭവം ആയ 'സാല്‍ ' എന്നാ ഉപ്പിലിട്ട ചക്കചുളകള്‍.
ചക്കക്കാലത്തെ സകലമാന വിഭവങ്ങള്‍ മൂക്കുമുട്ടെ കഴിച്ചാലും കൊങ്കണികള്‍ മറക്കാതെ ചക്കചുളകള്‍ വലിയ ഭരണികളില്‍ ഉപ്പിലിട്ടു വെയ്ക്കും. ഒരു പ്രത്യേക മണം തന്നെയാണ് 'സാല്‍' കള്‍ക്ക്. പുതുതായി കഴിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഒറ്റ രുചിയില്‍ ഇഷ്ടപ്പെടണമെന്നില്ല. എങ്കിലും ആ സ്വാഭാവിക മണം ആസ്വദിയ്ക്കാന്‍ സാധിച്ചാല്‍ സാല്‍ വിഭവങ്ങള്‍ നിങ്ങളുടെ നാക്കിനെയും ഹൃദയത്തേയും ഒരുപോലെ രുചി കൊണ്ട് നിറയ്ക്കും.
സാലും ഉപ്പുമാങ്ങയും വേവിച്ചതിലേക്ക് തേങ്ങയും വറുത്ത മുളകും ചേര്‍ത്തരച്ച് ഒടുക്കം വെളുത്തുള്ളി എണ്ണയില്‍ മൂപ്പിച്ച് താളിച്ചു ചേര്‍ക്കുന്ന ' സാല്‍ അമ്പ്യാ കൊദ്ദല്‍ ' പ്രശസ്താമാണ്. സാല്‍ പൊടിയായി അരിഞ്ഞു ചേര്‍ത്ത നല്ല എരിവുള്ള 'സന്നാ പോളോ ' എന്ന ദോശയുണ്ടാക്കും. ഹായ് , ചോറിനൊപ്പം തൊടുകറിയായി വിളമ്പുന്ന ഈ ദോശയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇതുകൂടാതെ മുളകിട്ടതും കൊങ്കണികള്‍ സാല്‍ കൊണ്ടുണ്ടാക്കും. മംഗലാപുരത്ത് പല കടകളിലും ഇതിന്റെ വില്പനയുണ്ട്.
ചക്ക ഉപ്പിലിട്ടത് (സാൽ)
നല്ല വിളഞ്ഞ പച്ചചക്ക തന്നെ വേണം. വരിക്കയോ കൂഴയോ ഏതായാലും പ്രശ്‌നമില്ല. ആദ്യം ചക്കചുളകള്‍ കൈയില്‍ എണ്ണ തൊടാതെ വേണം ഉതിര്‍ത്തെടുക്കാന്‍. എണ്ണ പശ പാടില്ല.
ഒരു കുഴിയുള്ള വലിയ പാത്രത്തില്‍ പച്ച ചക്കചുളകള്‍ നിരത്തി കല്ലുപ്പ് ഇടയ്ക്ക് ഓരോ പാളികളായി ഇട്ടു കൊടുക്കുക. അതായത് അല്പം ചുളകള്‍ ആദ്യം നിരത്തി , അതിന്‌ടെ മുകളില്‍ കല്ലുപ്പ് ഇട്ടു വീണ്ടും അല്പം ചുളകള്‍ വെച്ച് പല ലെയർ ആയി ചുളകള്‍ പാത്രം നിറഞ്ഞിരിക്കുന്ന രീതിയിൽ വെക്കുക.
ചുളകള്‍ നന്നായി അമര്‍ത്തി വെച്ച്, ഒരു അടപ്പു കൊണ്ട് മൂടി,അതിനു മുകളില്‍ കനമുള്ള എന്തെങ്കിലും വസ്തു വെച്ച് ഒരു രാത്രി മുഴുവന്‍ വെയ്ക്കണം.
പിറ്റേന്ന് ഇതില്‍ നിന്നും ഉറപ്പായും വെള്ളം ഊറി വന്നിട്ടുണ്ടാകും . ഈ വെള്ളം വാര്‍ത്തു കളയുക. ചുളകള്‍ പിഴിയേണ്ടതില്ല. ഒരല്പം കല്ലുപ്പ് വീണ്ടും ചേര്‍ത്തിളക്കി കഴിഞ്ഞ ദിവസം ചെയ്ത പോലെ വീണ്ടും അടച്ചു വെയ്ക്കുക.
അടുത്ത ദിവസം വീണ്ടും ഊറി വന്ന വെള്ളം കളഞ്ഞതിനു ശേഷം ചുളകള്‍ മൂന്നാല് പ്രാവശ്യം വെള്ളത്തില്‍ കഴുകി പിഴിഞ്ഞെടുക്കുക.ഇനി വേണം ഭരണിയിലോ കുപ്പിയിലോ ഉപ്പിലിട്ടു വെയ്ക്കാന്‍. ഒരോ പിടി ചുളകളും പിന്നിത്തിരി കല്ലുപ്പും എന്ന രീതിയില്‍ സെറ്റ് ചെയ്തു വെയ്ക്കുക .
വായു കടക്കാതെ തുണി വെച്ച് കെട്ടി അടച്ചു സൂക്ഷിക്കാം.കല്ലുപ്പ് വെറുതെ ഇടയ്ക്കിടെ ഇട്ടു കൊടുക്കാം.കുറെ നാള്‍ കഴിയുമ്പോഴേക്കും ഈ ഉപ്പു അലിഞ്ഞു ചേരും. മൂന്നാല് മാസങ്ങള്‍ക്കുള്ളില്‍ ചുളകള്‍ കറിക്കായി എടുത്തു തുടങ്ങാവുന്നതാണ്.
ഇനി ഇന്നത്തെ വിഭവമായ 'സല്ലാ ഉപ്കരി 'യുടെ വിശേഷങ്ങളിലേക്ക്.
ചേരുവകള്‍ :
1. സാല്‍ - 15- 20 എണ്ണം
2. കടുക് 1 ടീസ്പൂണ്‍
3. വറ്റല്‍ മുളക് - 6-8 എണ്ണം
4. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
സല്ലാ ഉപ്കരി തയ്യാറാക്കുന്നതിനു മുമ്പ് , ആവശ്യമുള്ള സാല്‍ എടുത്തു കുറച്ചു നേരം വെള്ളത്തിലിട്ട് വെയ്ക്കുക.ഉപ്പ് അധികമുണ്ടെങ്കില്‍ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് നന്നായി കഴുകിയെടുത്ത്,ചുളകള്‍ നീളത്തില്‍ അരിയണം.
ഇനിയൊരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും താളിച്ചതിനു ശേഷംം അതിലേക്ക് അരിഞ്ഞു വെച്ച സാല്‍ ചേര്‍ക്കുക. ഉപ്പു ചേര്‍ക്കേണ്ട ആവശ്യമില്ല.
സെക്കന്റുകള്‍ക്കുള്ളില്‍ ഇതുവെന്തു വരും. അല്പം മൊരിഞ്ഞു വരുന്നതുവരെ ചട്ടി അടപ്പ് വെച്ച് മൂടാതെ ഇടയ്ക്കിടെ ഇളക്കി പാകം ചെയ്യുക.താല്പര്യമുള്ളവര്‍ക്ക് അവസാനം ഒരു കാല്‍കപ്പ് തേങ്ങാ ചേര്‍ത്ത് ഇളക്കി വാങ്ങി വെയ്ക്കാവുന്നതാണ്.
ചോറിനൊപ്പം വിളമ്പാവുന്നതാണ്.
Content Highlights: Konkani pickle dish salla upkari recipe made with fermented jackfruit