ഇഡ്ഡലിയും അപ്പവും കഴിച്ചു മടുത്തോ?; സാലഡ് വെള്ളരികൊണ്ടൊരു കൊങ്കണി വിഭവം പരീക്ഷിച്ചാലോ

#പ്രിയാ ആർ ഷെണോയ്
തവ്ശാ ഭക്രി| ഫോട്ടോ: special arrangement
തവ്ശാ ഭക്രി| ഫോട്ടോ: special arrangement

ഇഡ്ഡലി, ദോശ, പുട്ട് എന്ന സ്ഥിരം പ്രാതല്‍ പല്ലവികളില്‍ നിന്നൊരു രുചികരമായ മാറ്റം ആഗ്രഹിക്കുന്നതില്‍ തെറ്റല്ല. അപ്പോഴും എളുപ്പത്തില്‍ കാര്യം നടക്കുമെങ്കിലോ? എന്നാലിന്ന് പരിചയപ്പെടുത്തുന്ന ഈ വിഭവം അത്തരത്തിലൊന്നാണ്. 

ഇത് കൊങ്കണികളുടെ 'തവ്ശാ ഭക്രി'. നമ്മള്‍ സലാഡ് ആയോ പച്ചടി ആയോ കഴിക്കുന്ന കക്കിരിക്ക അല്ലെങ്കില്‍ സലാഡ് വെള്ളരിയണ് തവേശ എന്നറിയപ്പെടുന്നത്. ഭക്രി എന്നാല്‍ ഒറോട്ടി പോലെ കനമുള്ള ദോശ. തവി കൊണ്ട് പരത്താതെ ചൂടായ ദോശക്കല്ലില്‍ കൈകൊണ്ടു പരത്തി എടുക്കുന്ന കട്ടിയുള്ള ദോശയുടെ മറ്റൊരു രൂപം. 

കൊങ്കണികള്‍ ഭക്രി പല രുചിക്കൂട്ടുകളില്‍ ഉണ്ടാക്കും. പച്ചരിയും പുഴുക്കലരിയും തേങ്ങയും ചേര്‍ത്തരച്ചുണ്ടാക്കുന്ന ' ഉക്ടെ ഭക്രി ' ചുട്ട് വരുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. പച്ചരിയും തേങ്ങയും മാത്രമായി വാഴയിലയില്‍ പരത്തി ചുട്ടെടുക്കുന്ന 'ചൊള്‍ക്ക്യ ഭക്രി'ക്ക് കൂട്ടായി പരിപ്പ് കറിയും കൂടെയുണ്ടെങ്കില്‍ കാര്യം കുശാല്‍. ഇനി ഗോതമ്പ് മാവ് ശകലം തേങ്ങയും ഇഞ്ചിയും പച്ചമുളകും കൂടെ ചതച്ചതിലോട്ട് ചേര്‍ത്ത് കുഴച്ചു ചപ്പാത്തി പോലെ  പരത്തി ചുട്ടെടുക്കുന്ന  'ഗോന്‍വാ ഭക്രി' ക്കും അസാധ്യ രുചിയാണ്. 

ഇനി ഇന്നത്തെ തവ്ശാ ഭക്രിയുടെ വിശേഷങ്ങളിലേക്ക് കടക്കാം. നേരത്തേ സൂചിപ്പിച്ചത് പോലെ കക്കിരിക്ക ഇതിലേ പ്രധാന ചേരുവയാകുന്നു. റവയാണ് ഈ ഭക്രിയുടെ മാവിലെ അടിസ്ഥാന കൂട്ട്. കക്കിരിക്ക വെന്തു വരുമ്പോള്‍ വരുന്ന മണവും, ഒരല്പം എരിവും നേരിയ മധുരവുമൊക്കെ ആകുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാകും. പ്രാതലായോ രാത്രി ഭക്ഷണമായോ ഇത് കഴിക്കാവുന്നതാണ്. 

ചേരുവകള്‍ 

വറുത്ത റവ  -  2 കപ്പ്
ആട്ട -    3/4 കപ്പ് 
സലാഡ് വെള്ളരി -  1 വലുത് 
പച്ചമുളക് - 3-4 എണ്ണം 
ശര്‍ക്കര - 1 ടേബിള്‍സ്പൂണ്‍ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിദം

ആട്ട ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി കട്ട കെട്ടാതെ ഇളക്കുക. ഇതിലേക്ക് റവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് നല്ല കട്ടിയായി ഇരിക്കേണ്ടതാണ്.
ഒരു 15 മിനിറ്റ് ഈ മാവ് അടച്ചു വെച്ചേക്കുക. ഇനി ഇതിലേക്ക് കക്കിരിക്ക ഗ്രേറ്റ് ചെയ്തും പച്ചമുളക് വട്ടത്തിലരിഞ്ഞതും ചേര്‍ക്കുക. ശര്‍ക്കര ചീകിയും ഉപ്പും ചേര്‍ത്ത് നന്നായ് യോജിപ്പിക്കുക. ഇനി ഉടനെ തന്നേ നമുക്ക് ചൂടായ ദോശക്കല്ലില്‍ ഓരോ തവി മാവൊഴിച്ചു കഴിയുന്നതും കൈവിരല്‍ കൊണ്ട് തന്നേ തട്ടി പരത്തി എടുക്കുക. നെയ്യോ എണ്ണയോ ഒഴിച്ച് രണ്ട് വശവും നന്നായി മൊരിച്ചെടുക്കാം. തവ്ശാ ഭക്രി തയ്യാര്‍. 

Content Highlights: konkani breakfast recipe thavsha bhakri made with cucumber