വറുത്ത വെളുത്തുള്ളി താളിച്ച വൻപയർ ബെന്തി; കൊങ്കണി റെസിപ്പി

പയറും കടലയും വൻപയറും മുതിരയുമൊക്കെ നമ്മുടെ അടുക്കളകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത കൂട്ടരാണ്. പ്രാതലിനും ഊണിനും ഒക്കെ നാമിവ കറികളായോ തോരനായോ ഉലർത്തായോ തയ്യാറാക്കാറുണ്ട്. രുചിക്കു പുറമെ പ്രോട്ടീനും മറ്റു ഗുണങ്ങളും നിറഞ്ഞതാണ് ഇത്തരം പയറു വർഗ്ഗങ്ങൾ എന്നതും പ്രധാനമാണ്. വടക്കേ ഇന്ത്യക്കാരുടെ രാജ്മയും ഇപ്പോൾ നമ്മൾ മലയാളികൾക്ക് വളരെ സുപരിചിതമാണ്.
കൊങ്കണി പാചകത്തിലും ഇത്തരം പയർ വർഗ്ഗങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ നിത്യേന എന്നോണം കാണും. ഊണിനായിരിക്കും ഇവ കൊണ്ടുള്ള പ്രയോഗങ്ങൾ മിക്കതും. അവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കറിയാണ് ഇന്ന് പരിചയപെടുത്തുന്ന "ബെന്തി " എന്ന പേരിൽ കൊങ്കണികൾ വിളിക്കുന്ന ഈ കറി. തേങ്ങ,വറുത്ത വറ്റൽ മുളകും പുളിയും ചേർത്തരച്ചെടുക്കുന്ന അരപ്പ് ചേർത്തിളക്കി തിളപ്പിക്കുന്ന കറിയിൽ വെളുത്തുള്ളി താളിച്ചു ചേർക്കുന്നതാണ് രീതി. മുതിര, വൻപയർ, കടല, തുവര, രാജ്മ, പലതരം അമരപ്പയറുകൾ പോലുള്ള പയറുകൾ ആയിരിക്കും പ്രധാന താരം. ഇവയ്ക്കൊപ്പം കൂട്ടിനായി ചേനയോ വെള്ളരിക്കയോ ഇടിച്ചക്കയോ ഒക്കെ വേണമെങ്കിൽ ചേർക്കാം, നിർബന്ധമില്ല.
കൊങ്കണി പാചകത്തിൽ വിവിധ തരം താളിപ്പ് ഒരു പ്രധാന ഘടകം തന്നെയാണ്. കടുകും കറിവേപ്പിലയും ഒരുമിച്ചു വരുന്ന കറികളിൽ വെളുത്തുള്ളി വരില്ല. അവയെ "ഘശി"എന്ന് വിളിക്കും. ഇനി സവാള മൂപ്പിച്ചു താളിച്ചു ചേർക്കുന്ന കറികൾക്ക് "അംബട്ട് " എന്ന് വിളിക്കും. അവിടെ കടുകോ വെളുത്തുള്ളിയോ ചേർക്കില്ല. ഇനി ഇതൊന്നുമല്ലെങ്കിൽ വെറും കായവും പച്ചവെളിച്ചെണ്ണയും മാത്രം ചേർക്കുന്ന "ഹിങ്കാ ബെന്തി"യുമുണ്ട്. പച്ചക്കറികൾക്കാണ് വെളുത്തുള്ളി താളിക്കുന്നതെങ്കിൽ അവയെ " കൊദ്ദൽ " എന്നും വിളിക്കും. കൊങ്കണി കറികളുടെ രുചികരമായ വൈവിധ്യമാണ് ഇവയൊരൊന്നിലും കാണുക.
ചോറിനൊപ്പം ഒഴിച്ച് കറിയായാണ് "ബെന്തി" വിളമ്പുക. വറുത്ത വെളുത്തുള്ളിയുടെ മണം തന്നെയാണ് പ്രധാനം. അതാത് പയറിനനുസരിച്ചു രുചിയും മാറും. ഇന്ന് പരിചയപ്പെടുത്തുന്നത് വെള്ള വൻപയർ കൊണ്ടുള്ള ബെന്തി ആണ്. കൂട്ടിനു ചേനയോ ഇടിച്ചക്കയോ മറ്റോ ആവാമെങ്കിലും ഇന്ന് കിട്ടിയത് നല്ല വിളഞ്ഞ പച്ച ചക്കയുടെ പൂഞ്ഞിൽ ആയിരുന്നു. അതിന്റെ രുചി ഒന്ന് വേറെ തന്നെ.
വെള്ള വൻപയറിനു പകരം സാധാരണ ചുമപ്പ് വൻപയറോ കടലയോ മുതിരയോ കൊണ്ടോ ഇതേ കറി ഉണ്ടാക്കാം. ചെറുപയർ കൊണ്ട് ഇതങ്ങനെ ഉണ്ടാക്കാറില്ല.
പാചകരീതിയിലേക്ക്
ചേരുവകൾ
- വൻപയർ- ഒന്നര കപ്പ്
- തേങ്ങാ- ഒരു മുറി
- വറ്റൽ മുളക്- 10-15
- വാളൻ പുളി- ഒരു ചെറു നെല്ലിക്ക വലിപ്പത്തിൽ.
- വെളുത്തുള്ളി- 10 -12 അല്ലികൾ
- വെളിച്ചെണ്ണ- 2-3 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ചേനയോ വെള്ളരിക്കയോ ഇടിച്ചക്ക കഷ്ണങ്ങളോ -1 കപ്പ് ( ആവശ്യമെങ്കിൽ മാത്രം )
തയ്യാറാക്കുന്ന വിധം
വൻപയർ പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിയ്ക്കുക. മേൽപ്പറഞ്ഞ പച്ചക്കറി കഷ്ണങ്ങൾ ചേർക്കുന്നുണ്ടെങ്കിൽ അവയും ചെറു ചതുരകഷ്ണങ്ങൾ ആക്കി പയറിനൊപ്പം വേവിച്ചു വെയ്ക്കുക.
വറ്റൽ മുളക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയിൽ വറുത്തെടുക്കുക. ഇതും തേങ്ങയും പുളിയും ചേർത്ത് നന്നായി മഷി പോലെ അരച്ചെടുക്കുക.
വെന്ത പയർ കൂട്ട് ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. തിള വരുമ്പോൾ അരപ്പ് ചേർത്തിളക്കി നന്നായി തിളപ്പിക്കുക.
ഒഴിച്ച് കറിക്കുള്ള പാകത്തിൽ ചാറ് തിളച്ചു വരുമ്പോൾ കറി അടുപ്പിൽ നിന്നും മാറ്റുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി തൊലി കളഞ്ഞ വെളുത്തുള്ളി അല്ലികൾ മുഴുവനോടെ വറുക്കുക. നന്നായി വറുത്ത് അല്ലികൾ ചുവന്നു വരുമ്പോൾ ഇവ കറിക്ക് മീതെ താളിച്ചൊഴിക്കുക. വൻപയർ " ബെന്തി " തയ്യാർ.
Content Highlights: cowpea beans recipe, konkani bendi recipe