എളുപ്പത്തിലൊരു കുക്കർ ചിക്കൻ ബിരിയാണിയും ഈന്തപ്പഴം ചട്ണിയും

ബിരിയാണിയോട് പ്രത്യേകം പ്രിയമുള്ളവരുണ്ട്. ബിരിയാണി ഉണ്ടാക്കുന്ന രീതി കുറച്ച് എളുപ്പംകൂടിയായാലോ? കുക്കർ ചിക്കൻ ബിരിയാണിയും ഈന്തപ്പഴം ചട്ണിയും തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
കുക്കർ ബിരിയാണി (ചിക്കൻ)
ചേരുവകൾ
- ചിക്കൻ - 1/2 കിലോ
- സവാള - 3 എണ്ണം
- ഇഞ്ചി - 1 ഇഞ്ച് വലിപ്പത്തിൽ
- വെളുത്തുള്ളി - 10-12 അല്ലി
- പച്ചമുളക് - 4 എണ്ണം
- മല്ലിയില - 1 കപ്പ്
- പുതിന - 1/2 കപ്പ്
- ഗ്രാമ്പു - 6-7 എണ്ണം
- കറുകപ്പട്ട - 2 ഇഞ്ച് വലിപ്പത്തിൽ
- ഏലക്ക - 5 എണ്ണം
- കറുകയില - 1
- തക്കോലം - 1
- തക്കാളി - 2 എണ്ണം
- തൈര് - 1/2 കപ്പ്
- ബസ്മതി അരി - 1 1/2 കപ്പ്
- മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- കശുവണ്ടി ,- 10-15 എണ്ണം
- കിസ്മിസ് - 10-15 എണ്ണം
- എണ്ണ - പാകത്തിന്
- ഉപ്പ് - പാകത്തിന്
- നെയ്യ് - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
നീളത്തിൽ അരിഞ്ഞ സവാള എണ്ണയിൽ വറുത്ത് കോരി വെക്കുക. കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപ്പൊടി, ഉപ്പ്, ഗരം മസാല, കുരുമുളക് പൊടി, തൈര്, അരിഞ്ഞ മല്ലിയില, എന്നിവ പുരട്ടി 1 മുതൽ 2 മണിക്കൂർ വരെ വെക്കുക. (കുറഞ്ഞത് അര മണിക്കൂറെങ്കിലും വെക്കുക.)
അതിലേക്ക് വറുത്ത സവാളയും, ചെറുതായി നുറുക്കിയ തക്കാളിയും കൂടെ ചേർത്ത് കൊടുക്കുക.
കുക്കറിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, കറുകയില എന്നിവ ചേർത്ത് മൂപ്പിച്ച്, അതിലേക്ക് ചിക്കൻ കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ചെറുതീയിൽ അടച്ചു വച്ച് 15 മിനിറ്റ് വേവിക്കുക. (ചിക്കനിൽ നിന്നും വെള്ളമിറങ്ങി ആവെള്ളം വറ്റി വരുമ്പോൾ അതിലേക്ക് കഴുകി വാർന്നു വച്ചിരിക്കുന്ന അരി ചേർക്കുക (ഇളക്കി യോജിപ്പിക്കരുത്).
അതിലേക്ക് 2 1/4 കപ്പ് ചൂട് വെള്ളം കൂടെ ചേർത്ത് കുക്കർ അടച്ചു വച്ച് ഒരു വിസിൽ വരുന്ന വരെ വേവിക്കുക. ശേഷം തീ അണച്ച് 20 മിനിറ്റ് വെയിറ്റ് മാറ്റാതെ തന്നെ വെക്കുക. 20 മിനിറ്റിന് ശേഷം കുക്കർ തുറന്ന് മേലെ അല്പം വറുത്ത സവാള, കശുവണ്ടി, കിസ്മിസ്, അരിഞ്ഞ മല്ലിയില, പുതിന എന്നിവ തൂകി ചൂടോടെ വിളമ്പാം.
ഈന്തപ്പഴം ചട്നി
ചേരുവകൾ
ഈന്തപ്പഴം - 15 എണ്ണം
പച്ചമുളക് - 2-3 എണ്ണം
ഇഞ്ചി - 1/2 ഇഞ്ച് വലിപ്പത്തിൽ
മുളക്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
ഉലുവപ്പൊടി - ഒരു നുള്ള്
ജീരകം പൊടിച്ചത് - ഒരു നുള്ള്
വാളൻപുളി - ഒരു വലിയ നാരങ്ങാ വലിപ്പത്തിൽ
ശർക്കര - 1 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
എണ്ണ - പാകത്തിന്
തയ്യാറാക്കുന്നവിധം
ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞ ഇഞ്ചി, പച്ചമുളക് ചേർത്ത് 2 മിനിറ്റ് വഴറ്റുക. അതിലേക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർത്ത് വീണ്ടും 5 മിനിറ്റ് വഴറ്റുക അതിലേക്ക് പൊടികൾ ഓരോന്നായി ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് പുളി പിഴിഞ്ഞ വെള്ളം, പാകത്തിന് ഉപ്പ് കൂടെ ചേർത്ത് വേവിക്കുക. തിളച്ച് ഈന്തപ്പഴം അലിഞ്ഞു വരുന്ന പരുവം ആകുമ്പോൾ അതിലേക്ക് ശർക്കര പൊടി കൂടെ ചേർത്ത് യോജിപ്പിക്കുക. ചട്നി തയ്യാർ. ചൂടാറിയ ശേഷം പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
Content Highlights: cooker chicken biryani dates chutney recipe