കടച്ചക്ക സീസണായി; ഇത്തവണ പരീക്ഷിക്കാം സ്പെഷ്യൽ കൊങ്കണി 'അമ്പട്ട്'

വീണ്ടുമൊരു കടച്ചക്ക സീസൺ തുടങ്ങുന്നു. കടച്ചക്ക, ശീമചക്ക, ബിലാത്തിചക്ക എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഇവയുടെ രുചി ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ഇംഗ്ലീഷിൽ ബ്രെഡ് ഫ്രൂട്ട് എന്നറിഞ്ഞു പേരിട്ട പോലെ. നല്ല വിളഞ്ഞ കടച്ചക്ക വെന്തുടഞ്ഞു വരുമ്പോൾ നല്ല മൃദുവായ റൊട്ടി പരുവം പോലൊക്കെ തന്നല്ലേ?
കൊങ്കണി പാചകത്തിൽ കടച്ചക്ക വിഭവങ്ങൾക്ക് അല്പം മുൻഗണന ഏറും. കടച്ചക്ക സീസണിൽ നടക്കുന്ന വിശേഷ സദ്യകളിലൊക്കെ കടച്ചക്ക പല രൂപത്തിൽ സ്ഥാനം പിടിക്കും. ബജ്ജിയായും കടലയും കടച്ചക്കയും ചേർത്ത സോയി ഭജ്ജിലെ ഘശി എന്ന തീയലായുമൊക്കെ ഇവ മുൻപന്തിയിൽ കാണും. ഇത് കൂടാതെ 'ഉപ്കരി' എന്ന സാധാരണ ഉപ്പേരി, തേങ്ങയും പ്രത്യേക മസാലക്കൂട്ടും ചേർത്തുണ്ടാക്കുന്ന 'സുക്കെ' യൊക്കെ കൊങ്കണികൾ ഏറെ ഇഷ്ടപ്പെടുന്ന കടച്ചക്ക വിഭവങ്ങളാണ്. കടച്ചക്ക ഫ്രൈ തന്നെ പല വിധത്തിൽ തയ്യാറാക്കും. നേർത്തരിഞ്ഞു ചിപ്സ് പോലുണ്ടാക്കുന്ന കടച്ചക്ക ചിപ്സ് ഉണ്ടെങ്കിൽ ഇടവേളകളിൽ കൊറിക്കാൻ പറ്റിയൊരു രുചിയാണ്. കടലമാവിൽ മുക്കി പൊരിച്ചെടുക്കുന്ന ബജ്ജിയ്ക്ക് ആരാധകർ ഏറെയാണ്. മുളകുപൊടിയും കായവും ഉപ്പും പുരട്ടി, അരിമാവിൽ പുതഞ്ഞു വറുത്തെടുക്കുന്ന കടച്ചക്കയുണ്ടേൽ ഊണിനു മാറ്റേറും. ഇനി ഇതൊന്നുമില്ലാതെ വെറുതെ ഉപ്പ് മാത്രം പുരട്ടി, എരിവും പുളിയുമില്ലാതെ റവയിൽ പുതഞ്ഞു വറുത്തെടുക്കുന്ന കടച്ചക്കയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഇന്ന് പരിചയപെടുത്തുന്ന വിഭവമാണ് 'ജീവ് കട്ഗി അമ്പട്ട്'. ജീവ് കട്ഗി എന്നാൽ കടച്ചക്കയ്ക്കുള്ള കൊങ്കണിയിലേ പേര്. ഉള്ളി താളിച്ചിടുന്ന കറികൾക്ക് പൊതുവിൽ വിളിക്കുന്ന പേരാണ് അമ്പട്ട്. അധികം എരിവില്ലാതെ ചോറിനൊപ്പം ഒഴിച്ച് കറിയായി വിളമ്പാവുന്നതാണ്. നല്ല വിളഞ്ഞ കടച്ചക്ക ആണെങ്കിൽ രുചിയേറും.
പാചകരീതിയിലേക്ക്:
ചേരുവകൾ
1.കടച്ചക്ക- ഒന്ന് ഇടത്തരം
2.സവാള - 2 ഇടത്തരം
3.തേങ്ങ - ഒന്നര കപ്പ്
4.വറ്റൽ മുളക്- 6-8 എണ്ണം
5.വാളൻ പുളി-ഒരു ചെറു നെല്ലിക്ക വലിപ്പത്തിൽ
6.വെളിച്ചെണ്ണ- 2 ടീസ്പൂൺ
7.ഉപ്പ് ആവശ്യത്തിന്
8.മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കടച്ചക്ക കഷ്ണങ്ങൾ തൊലി ചെത്തി അല്പം വലുതായി മുറിച്ചെടുക്കുക.
ഒരു സവാള കുഞ്ഞ് ചതുരക്കഷണങ്ങളായും രണ്ടാമത്തെ സവാള പൊടിയായും അരിയുക.
കടച്ചക്ക കഷ്ണങ്ങളും സവാളയുടെ ചതുര കഷ്ണങ്ങളും ഒരുമിച്ചു ചേർത്ത് രണ്ട് കപ്പ് വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിയ്ക്കുക. അധികം വിളയാത്ത കടച്ചക്ക ആണെങ്കിൽ വേണമെങ്കിൽ പ്രഷർ കുക്കറിൽ ഒരൊറ്റ വിസിൽ വരും വരെ വേവിച്ചെടുക്കാവുന്നതാണ്.
വറ്റൽ മുളക് കാൽ ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക. തേങ്ങയും വറുത്ത വറ്റൽ മുളകും വാളൻ പുളിയും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
കടച്ചക്കയും സവാളയും വെന്തു വരുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തിളപ്പിക്കുക. കറി പാകമായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. ഇനി ഒരു ചെറുപാനിൽ വെളിച്ചെണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ സവാള ചേർത്തു നല്ല ചുവന്നു വരുന്നവരെ വറുക്കുക.
ഇത് കറിക്ക് മീതെ താളിച്ചൊഴിക്കുക. കടച്ചക്ക കൊണ്ടുള്ള അമ്പട്ട് തയ്യാർ.
Content Highlights: Discover the flavorful Konkani dish `Jeev Katgi Ambat` made with tender breadfruit.