കാരറ്റിനെ അത്ര ചെറുതായി കാണേണ്ട, പ്രാതലിന് സൂപ്പർ ടേസ്റ്റി മസാല കറിയൊരുക്കാം

ധനുഷ്കോടി ദേശീയ പാതയിൽ, മൂന്നാർ എത്തും മുൻപുള്ള ഒരു ഗ്രാമമാണ് അടിമാലി. മലകളാൽ ചുറ്റപ്പെട്ട, പ്രധാന കവലയോട് ചേർന്ന് വർഷകാലത്ത് തലമാലിയിൽ നിന്നും പതഞ്ഞൊഴുകി എത്തുന്ന വെള്ളച്ചാട്ടത്തോട് കൂടിയ, സഹ്യഗിരി നിരകളിലുള്ള ഒരു കുടിയേറ്റ ഗ്രാമം. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു നാൾ അടിമാലിക്കാരനായ സുഹൃത്ത് ഐസക്കിന്റെ വീട്ടിൽ നിന്നുമാണ് അപ്പത്തോടൊപ്പം രുചികരമായ കാരറ്റ് മസാല കറി കഴിക്കുന്നത്.
പോഷക സമ്പുഷ്ടമായ കാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കാഴ്ചശക്തിയും വിറ്റാമിൻ സി രോഗ പ്രതിരോധ ശേഷിയും കൂട്ടും. ഇതിലുള്ള നാരുകൾ ദഹനത്തെ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പൊട്ടാസ്യം രക്ത സമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കും. ചുരുക്കത്തിൽ പലവിധ പോഷകങ്ങളുടെ ഒരു കലവറയായ കാരറ്റ് പച്ചക്ക് തിന്നാനും നല്ലതാണ്. വലിയ ശാരീരിക അദ്ധ്വാനമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത വ്യക്തികൾക്ക് ഒരു നേരത്തെ ആഹാരമായി 2-3 പച്ച ക്യാരറ്റും ഒരു ഏത്തപ്പഴവും ധാരാളമാണ് എന്നാണ് സ്വാനുഭവം.
മന്നാംകണ്ടം മല നിരകളോട് ചേർന്നുള്ള ഐസക്കിന്റെ കാക്കുടിയിൽ കുടുംബ വക പറമ്പിൽ അക്കാലത്ത് ചെറിയ തോതിൽ കാരറ്റ് കൃഷിയുണ്ടായിരുന്നു. അപ്പത്തിനും ഇടിയപ്പത്തിനും പുട്ടിനും മാത്രമല്ല, പൂരിക്കും ചപ്പാത്തിക്കും പൊറോട്ടക്കും ഒക്കെ പറ്റിയ അസ്സൽ കറി. എന്നാൽ എന്തുകൊണ്ടോ നാട്ടിൽ പൊതുവെ കാരറ്റ് മസാല കറി ഹോട്ടലുകളിലോ വീടുകളിലോ കണ്ടിട്ടില്ല. ഇന്നത്തെ ചപ്പാത്തിക്കുള്ള കറിയായി അന്നത്തെ രുചിയോർമ്മ പുതുക്കി ഒരു സൂപ്പർ കാരറ്റ് മസാല കറി ഉണ്ടാക്കിയത് ഇങ്ങനെയാണ്.
ചേരുവകൾ - രണ്ടു പേർക്ക്
- കാരറ്റ് - 2 (ഇടത്തരം വലുപ്പമുള്ളത്)
- ചുവന്നുള്ളി - 5
- വെളുത്തുള്ളി - 2
- ഇഞ്ചി - 1 ചെറു കഷണം
- പച്ച മുളക് - 2
- കറിവേപ്പില - 1 തണ്ട്
- പാൽ - 1 ഔൺസ്
- പാചക എണ്ണ, ഉപ്പ്, മഞ്ഞൾ പൊടി, ഗരം മസാല പൊടി ആവശ്യത്തിന്.
പാചക ക്രമം
തൊലി ചുരണ്ടി കഴുകി വൃത്തിയാക്കിയ കാരറ്റ് ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കി ഉപ്പും മഞ്ഞൾ പൊടിയുമിട്ട് ലേശം വെള്ളമൊഴിച്ച് വേവിക്കുക (ഫ്രഷ് കാരറ്റ് ആണെങ്കിൽ കുക്കറിൽ 3 വിസിൽ). ചട്ടിയിൽ എണ്ണ ചൂടാക്കി ചതച്ച ഇഞ്ചിയും ചതച്ച വെളുത്തുള്ളിയും പൊടിയായി അരിഞ്ഞ ചുവന്നുള്ളിയും പച്ച മുളകും ഇട്ട് മൂത്തു വരുമ്പോൾ കറിവേപ്പിലയും തീ കുറച്ച് മസാല പൊടിയും ചേർക്കാം. പൊടിയുടെ പച്ച മണം മാറിയാൽ ഉപ്പും വേവിച്ച കാരറ്റും ചേർത്ത് ഉടച്ച് യോജിപ്പിക്കാം. ഇതിലേക്ക് ഒരു ഔൺസ് പാൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് വാങ്ങിയാൽ രുചികരമായ കാരറ്റ് മസാല റെഡി.
Content Highlights: Nutrient-Rich Carrot Masala: A Flavorful and Healthy Dish