വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍, വീടുകൾ കയറി പണപ്പിരിവ്; ആലപ്പുഴയിലെ വിജയത്തിന് കോൺഗ്രസ് താണ്ടിയത് കഠിനപാത

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ജില്ലയില്‍ കോണ്‍ഗ്രസ് നടത്തിയ കൃത്യമായ പ്രവര്‍ത്തനങ്ങളാണ് തദ്ദേശതിരഞ്ഞെടുപ്പു വിജയത്തിനു അടിത്തറയായത്. കെ.പി.സി.സി. നിശ്ചയപ്രകാരം വിഷന്‍ 2025-ന്റെ ഭാഗമായി നടത്തിയ ഓരോ ചുവടും വിജയത്തിലേക്ക് അടുപ്പിക്കും വിധമായിരുന്നു. ഇതിനെല്ലാമുപരി ഡി.സി.സി.പ്രസിഡന്റ് ബി. ബാബുപ്രസാദിന്റെ നേതൃത്വത്തില്‍ പക്ഷപാതരഹിതമായി നിലകൊണ്ടതും വിജയത്തിനു കരുത്തുപകര്‍ന്നു.

Also Read: ആലപ്പുഴയിലെ ഒമ്പതില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം

കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായിരുന്നു. കേന്ദ്ര-സംസ്ഥാന ഭരണം ഇല്ലാത്തതിനാല്‍ വന്‍കിട മുതലാളിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായം നല്കാതായി. ഇതിനെ മറികടക്കാന്‍ ഗൃഹസന്ദര്‍ശനം നടത്തി പിരിവെടുത്തു. ഇങ്ങനെ കിട്ടിയ പണത്തില്‍ പത്തുശതമാനം മാത്രം വാര്‍ഡുകമ്മിറ്റികള്‍ നിയോജകമണ്ഡലം കമ്മിറ്റികള്‍ക്കു നല്കി. ബാക്കിയുള്ള പണം മുഴുവന്‍ അതതു വാര്‍ഡുകമ്മിറ്റികളുടെ ഫണ്ടായി സൂക്ഷിച്ചു. അതില്‍ ലക്ഷം രൂപവരെ സമാഹരിച്ച വാര്‍ഡുകമ്മിറ്റികളുണ്ടായിരുന്നു. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണം മാത്രമല്ല വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഉള്‍പ്പെടുയുള്ള കാര്യങ്ങള്‍ വരെ ഇതുകൊണ്ടു സുഗമമായി നടന്നു.

Don’t Miss: 'പ്രവചന സിംഹം...'; ആലപ്പുഴയിലെ നഗരസഭകളുടെ ഫലം കിറുകൃത്യമായി പ്രവചിച്ച് കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍

വാര്‍ഡുവിഭജനവും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കലും സംബന്ധിച്ചു ശരിയായ ഇടപെടല്‍ നടത്താനായി. വാര്‍ഡുവിഭജനത്തില്‍ വന്‍തിരിമറി നടത്തിയതു ചെറുക്കാന്‍ കാര്യമായി കഴിഞ്ഞില്ല. ഇതുസംബന്ധിച്ച നിയമപോരാട്ടംവരെ വേണ്ടിവരുന്ന സ്ഥതിയിലാണു കാര്യങ്ങള്‍. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍ ഏതാണ്ടു ഭംഗിയായി നടത്താനായി. കോണ്‍ഗ്രസിന്റെ അടിത്തറ വോട്ടുകള്‍ പോയിട്ടില്ല. പുതുതായി ഉറപ്പുള്ള വോട്ടുകള്‍ ചേര്‍ക്കാനുമായി. എണ്ണത്തില്‍ ചെറുതെങ്കിലും ഉറപ്പുള്ള അടിത്തറയൊരുക്കാന്‍ അതു ഗുണപ്പെട്ടു. ഇതിനു ചുമതലക്കാരനായ വ്യക്തിക്കു ചെലവുകാശു കൊടുക്കാനായതും ഗുണകരമായി.

Also Read: 

എക്കാലത്തും കീറാമുട്ടിയായ സ്ഥാനാര്‍ഥിനിര്‍ണയം ഇക്കുറി മുന്‍കാലങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായി നടത്താനായി. താഴെത്തട്ടില്‍നിന്ന് ഏകകണ്ഠമായി വരുന്ന സ്ഥാനാര്‍ഥികളെ അതുപടിതന്നെ അംഗീകരിച്ചു. തര്‍ക്കമുള്ളതില്‍ മാത്രം നേതൃത്വം ഇടപെട്ടു. സാമുദായികസംതുലനം പാലിക്കുന്നുണ്ടോയെന്നുമാത്രമാണ് പ്രധാനമായും നേതൃത്വത്തിനു നോക്കേണ്ടിവന്നത്. ഇതു പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാരണമായി. ജില്ലയില്‍ വളരെക്കുറച്ചു റിബലുകള്‍ മാത്രമാണ് ഇക്കുറി യു.ഡി.എഫിനുണ്ടായത്.

Don’t Miss: പൊരുതി വീണ് അരുണിമയും അമയയും; കോണ്‍ഗ്രസിന്റെ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം

ഇതിനെല്ലാമുപരി നിയോജകമണ്ഡലങ്ങളുടെയും നഗരസഭകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന്‍ കെ.പി.സി.സി.നേതാക്കളെത്തന്നെ ചുമതലപ്പെടുത്തി. നേതാക്കളെല്ലാം തന്നെ ചുമതലപ്പെടുത്തിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും വാര്‍ഡുകമ്മിറ്റികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും ചെയ്തു. അതുകൊണ്ടുതന്നെ ചെറിയ തര്‍ക്കങ്ങള്‍ തുടക്കത്തില്‍ത്തന്നെ പരിഹരിക്കാനായി.

മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി വിജയം എന്നതിലേക്കു മാത്രമായിരുന്ന നേതാക്കളുടെയെല്ലാം ശ്രദ്ധ. വിഷന്‍ 2025 മുന്‍നിര്‍ത്തി ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് ആലപ്പുഴയില്‍ തെളിഞ്ഞതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു.

Content Highlights: Grassroots Campaigning and Organisational Discipline Power. How Congress Built Success in Alappuzha?